ഹയർ സെക്കൻഡറി പരീക്ഷ പേടിയിൽ വിദ്യാര്‍ഥികളും അധ്യാപകരും
text_fieldsപത്തനംതിട്ട: തിടുക്കത്തില്‍ ഹയർ സെക്കൻഡറി പരീക്ഷ നടത്താനുള്ള നീക്കത്തില്‍ എന്തുചെയ്യണമെന്നറിയാതെ വിദ്യാര്‍ഥികളും അധ്യാപകരും. സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷ തിയറി പരീക്ഷ മാര്‍ച്ച് 30ന് ആരംഭിക്കാനുള്ള തീരുമാനത്തിലാണ് സർക്കാർ.
പ്രായോഗിക പരീക്ഷ ഫെബ്രുവരി 21 നും മോഡല്‍ പരീക്ഷ മാര്‍ച്ച് 16 നും ആരംഭിക്കുന്ന സാഹചര്യത്തില്‍ ഫെബ്രുവരി പകുതി കഴിഞ്ഞ് ക്ലാസ് നടക്കില്ല. ഇപ്പോഴത്തെ രണ്ടാംവര്‍ഷ കുട്ടികളുടെ ഒന്നാംവര്‍ഷ പരീക്ഷ ഒക്ടോബര്‍ 26നാണ് അവസാനിച്ചത്. അതുവരെ രണ്ടാംവര്‍ഷ പഠനത്തില്‍ കുട്ടികള്‍ ശ്രദ്ധിച്ചിട്ടില്ല.
ഡിസംബര്‍ ആദ്യമാണ് ഒന്നാംവര്‍ഷ പരീക്ഷയുടെ ഫലം വന്നത്. നവംബര്‍ 15 മുതല്‍ സ്കൂളില്‍ ക്ലാസ് തുടങ്ങിയെങ്കിലും ഒരു കുട്ടിക്ക് ആഴ്ചയില്‍ മൂന്നുദിവസം ഉച്ചവരെയുള്ള ക്ലാസ് മാത്രമാണ് കിട്ടുന്നത്. ആഴ്ചയിൽ ആകെ 15 പീരിയഡ് മാത്രമാണ് ലഭിച്ചത്.
അതായത് ഒരു വിഷയത്തിന് ആഴ്ചയില്‍ രണ്ട് പീരിയഡ് മാത്രം. ക്ലാസ് ഉച്ചവരെയേ ഉള്ളൂവെങ്കിലും ഉച്ചകഴിഞ്ഞ് ഓണ്‍ലൈന്‍ ക്ലാസ് എടുക്കാന്‍ അധ്യാപകര്‍ക്ക് കഴിയാത്ത സാഹചര്യമാണ്. അധ്യാപകര്‍ വൈകുന്നതുവരെ സ്കൂളില്‍ ഇരിക്കണമെന്ന നിർദേശമുണ്ട്.
ഒട്ടുമിക്ക സ്കൂളുകളിലും നെറ്റ് സൗകര്യം കാര്യക്ഷമമല്ലാത്തതിനാൽ ഓണ്‍ലൈന്‍ ക്ലാസ് എടുക്കാനാവില്ല. ക്രിസ്മസ് അവധി കഴിഞ്ഞ് ജനുവരി മൂന്നിന് ക്ലാസ് പുനരാരംഭിക്കും. പിന്നെ ജനുവരി 31 മുതല്‍ ഫെബ്രുവരി നാലുവരെ ഒന്നാംവര്‍ഷ ഇംപ്രൂവ്മെൻറ് പരീക്ഷയാണ്.
അധ്യാപകര്‍ ഇതിെൻറ മൂല്യനിര്‍ണയത്തിന് പോകുന്നതുകൂടി കണക്കിലെടുക്കുമ്പോള്‍ ഫെബ്രുവരി 10 ,12 വരെ ക്ലാസ് മുടങ്ങും. അത് കഴിഞ്ഞാല്‍ ഉടന്‍ (ഫെബ്രുവരി 21ന്) പ്രാക്ടിക്കല്‍ പരീക്ഷ തുടങ്ങും.
കഴിഞ്ഞവര്‍ഷം 40 ശതമാനമായി പരിമിതപ്പെടുത്തിയിരിക്കുന്ന ഫോക്കസ് ഏരിയ ഈ വര്‍ഷം 60 ശതമാനമായി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഫോക്കസ് ഏരിയ വല്ലാതെ കൂടിയിട്ടുണ്ടെന്നും പരാതി ഉണ്ട്. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ക്രിസ്മസ് അവധിക്കാലത്ത് രണ്ടാംവര്‍ഷ കുട്ടികള്‍ക്ക് എന്‍.എസ്.എസ് ക്യാമ്പുള്ളതിനാല്‍ ക്രിസ്മസ് അവധിക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കാന്‍ കഴിഞ്ഞിട്ടില്ല. പഠിക്കാനുള്ളതിെൻറ 25 ശതമാനംപോലും പഠിപ്പിക്കാനോ പഠിക്കാനോ കഴിയാതെ എന്തുചെയ്യണമെന്നറിയാത്ത അങ്കലാപ്പിലാണ് ഇപ്പോൾ അധ്യാപകരും കുട്ടികളും.
ഏപ്രില്‍ ആദ്യവാരം നടക്കുന്ന ഹയര്‍ സെക്കൻഡറി പൊതുപരീക്ഷക്ക് മുമ്പ് പ്രായോഗിക പരീക്ഷകള്‍ നടത്താനുള്ള തീരുമാനം അശാസ്ത്രീയമാെണന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. പ്രായോഗിക ക്ലാസുകള്‍ നല്കി കുട്ടികളെ സജ്ജരാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തിയറി പരീക്ഷകള്‍ക്കുശേഷം ആവശ്യമായ സമയം നല്കി പ്രായോഗിക പരീക്ഷകള്‍ നടത്തണമെന്നതാണ് കുട്ടികളുടെയും അധ്യാപകരുടെയും അഭിപ്രായം. അധ്യാപകരുമായോ, അധ്യാപക സംഘടനകളുമായോ ഒരു ചര്‍ച്ചയും നടത്താതെ ഏകപക്ഷീയമായി പരീക്ഷ ടൈംടേബിള്‍ തീരുമാനിച്ചതിൽ വീഴ്ചകള്‍ സംഭവിച്ചതായും പ്രായോഗിക സമീപനം ഇല്ലാത്ത ഈ ടൈംടേബിള്‍ വിദ്യാർഥികളെ വല്ലാതെ സമ്മര്‍ദത്തിലാക്കുമെന്നും എ.എച്ച്.എസ്.ടി.എ ജില്ല ജനറല്‍ സെക്രട്ടറി പി. ചാന്ദിനി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.