വിദ്യാർഥികളുടെ ജന്മദിന കലണ്ടറുമായി എറികാട് സർക്കാർ യു.പി. സ്കൂൾ
text_fieldsകോട്ടയം: കോവിഡ് വ്യാപനത്തെത്തുടർന്നുണ്ടായ നീണ്ട ഇടവേളക്കുശേഷം സ്കൂളിലെത്തുന്ന കുരുന്നുകൾക്ക് വരവേൽപു നൽകാനൊരുങ്ങുകയാണ് എറികാട് സർക്കാർ യു.പി. സ്കൂളിലെ അധ്യാപകർ.
സ്കൂളിലെ എല്ലാ കുട്ടികളുടെയും ഫോട്ടോ ഉൾപ്പെടുത്തിയ ജന്മദിന കലണ്ടർ ഒരുക്കിയാണ് അധ്യാപകൻ വിദ്യാർഥികളെ വരവേൽക്കാനൊരുങ്ങുന്നത്.
കലണ്ടറിൽ തീയതികൾ രേഖപ്പെടുത്തുന്ന കോളത്തിൽ അന്നേ ദിവസം ജന്മദിനം ആഘോഷിക്കുന്ന കുട്ടികളുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും പഠിക്കുന്ന ക്ലാസും കൂടി ചേർത്ത് മനോഹരമായാണ് കലണ്ടർ രൂപകൽപന ചെയ്ത് അച്ചടിച്ചിട്ടുള്ളത്.
2021 സെപ്റ്റംബർ മുതൽ 2022 ആഗസ്റ്റ് വരെയാണ് കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കലണ്ടർ എല്ലാ കുട്ടികളുടെയും വീടുകളിൽ എത്തിക്കും.
നിലവിൽ ഓൺലൈൻ ക്ലാസുകൾ ആയതിനാൽ ജന്മദിനത്തിൽ എല്ലാ അധ്യാപകരും കുട്ടികളെ വിളിച്ച് ഫോണിലൂടെ ആശംസകൾ അറിയിക്കുകയാണ് പതിവ്. സ്കൂൾ തുറന്നാൽ കുട്ടികളെ നേരിട്ട് ആശംസകൾ അറിയിക്കാനും പിറന്നാൾ മരങ്ങൾ നടാനുമുള്ള പദ്ധതിയാണുള്ളതെന്ന് സ്റ്റാഫ് സെക്രട്ടറി സി.പി. രാരിച്ചൻ പറഞ്ഞു. കോട്ടയം ഈസ്റ്റ് സബ് ജില്ലയിൽ ഈ വർഷം ഏറ്റവും കൂടുതൽ വിദ്യാർഥികൾ പ്രവേശനം നേടിയ സ്കൂളാണിത്. 230 കുട്ടികളാണ് ഇവിടെ പുതുതായി പ്രവേശനം നേടിയത്. കേരളത്തിലെ ഏക സമ്പൂർണ എയർകണ്ടീഷൻ ചെയ്ത ഹൈടെക് വിദ്യാലയമായ എറികാട് ഗവ.യു.പി. സ്കൂൾ ഹരിത വിദ്യാലയം കൂടിയാണ്. എ.സി. ക്ലാസ് മുറികളായതിനാൽ നിരന്തരം ശുചീകരണം നടത്തിയിരുന്നെന്നും ഇടവേളക്കുശേഷം സ്കൂൾ തുറക്കലിന് പൂർണ സജ്ജമാണെന്നും പ്രധാനാധ്യാപികയുടെ ചുമതല വഹിക്കുന്ന അച്ചാമ്മ തോമസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.