പുതുലോകമറിയാൻ ഒഴുകിയെത്തി വിദ്യാർഥികൾ
text_fieldsദുബൈ മുഹൈസിനയിലെ ഇത്തിസാലാത്ത് അക്കാദമിയിൽ ഒരുക്കിയ വിദ്യാഭ്യാസ-കരിയർ മേഖലകളിലെ പവിലിയനുകളിലാണ് രാവിലെ മുതൽ വൻ തിരക്ക് അനുഭവപ്പെട്ടത്. കേരളത്തിനകത്തും പുറത്തും വിദേശത്തുമുള്ള സർവകലാശാലകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മെഡിക്കൽ-എൻജിനീയറിങ് എൻട്രൻസ് സ്ഥാപനങ്ങൾ, അക്കൗണ്ടിങ്, സി.എ, സി.എം.എ തുടങ്ങിയ മേഖലകളെ കുറിച്ച് അറിവേകുന്ന സ്ഥാപനങ്ങൾ തുടങ്ങിയവരാണ് ഇത്തവണ പ്രദർശനത്തിനെത്തിയിട്ടുള്ളത്.
ദുബൈ മുഹൈസിനയിലെ ഇത്തിസാലാത്ത് അക്കാദമിയിൽ ആരംഭിച്ച എജുകഫെ ഒമ്പതാം സീസൺ ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്യുന്നു. പി.എം. സാലിഹ് (‘മാധ്യമം’ സി.ഇ.ഒ), ഡോ. അഹമ്മദ് (ഡയറക്ടർ മീഡിയവൺ), ലിജീഷ് കുമാർ (ഡയറക്ടർ, സൈലം), അഫി അഹമ്മദ് (ചെയർമാൻ, സ്മാർട്ട് ട്രാവൽ ഗ്രൂപ്), സലിം അമ്പലൻ (ഡയറക്ടർ, ‘ഗൾഫ് മാധ്യമം’ മിഡിൽ ഈസ്റ്റ് ഓപറേഷൻസ്) എന്നിവർ സമീപം
ഇന്ത്യയിലേയും വിദേശത്തെയും മികച്ച യൂനിവേഴ്സിറ്റികളെയും കോഴ്സുകളെയും പരിചയപ്പെടുത്തുന്ന പവിലിയനുകൾ വിദ്യാർഥികൾക്ക് ഉന്നത പഠന സാധ്യതകളിലേക്ക് വഴി തുറക്കുന്നതാണ്. മികച്ച കരിയർ കണ്ടെത്താൻ തിരഞ്ഞെടുക്കേണ്ട കോഴ്സുകൾ, മത്സരപരീക്ഷകളെ നേരിടാനുള്ള മികച്ച മാർഗങ്ങൾ, പുതു ലോകത്തിൽ വിദൂര പഠന സാധ്യതകൾ തുറന്നിടുന്ന നൂതന ലേണിങ് ആപ്പുകൾ, എ.ഐ, ചാറ്റ് ജി.പി.ടി, ഓഗ്മെന്റ് റിയാലിറ്റി, ഡേറ്റ അനലിറ്റിക്സ്, ബിഗ് ഡേറ്റ തുടങ്ങിയവയെ പരിചയപ്പെടുത്തുന്ന 50ഓളം സ്റ്റാളുകളാണ് ഇത്തവണ പ്രദർശനത്തിന് എത്തിയിരിക്കുന്നത്. രണ്ടു ദിവസമായി നടക്കുന്ന മേളയിൽ 5,000 വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുക്കും. എജുകഫെ വെബ്സൈറ്റിൽ നേരത്തേ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കാണ് സൗജന്യമായി പ്രവേശനം അനുവദിക്കുന്നത്. പ്രധാന ഹാളിൽ 10.30ഓടെ ആരംഭിച്ച ആദ്യ സെഷനിൽ ഇക്വസ്ട്രിയൻ വേൾഡ് എൻഡ്യുറൻസ് ചാമ്പ്യൻഷിപ് ജേതാവ് നിദ അൻജും, ഡേറ്റ അനലിറ്റിക്സ് വിദഗ്ധൻ മുഹമ്മദ് അൽഫാൻ എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു.
വ്യാഴാഴ്ച പ്രമുഖ എഴുത്തുകാരിയും മനഃശാസ്ത്ര വിദഗ്ധയുമായ ആരതി സി. രാജരത്നം, പ്രമുഖ മജീഷ്യൻ മാജിക് ലിയോ, സൈലം ഫൗണ്ടറും സി.ഇ.ഒയുമായ ഡോ. അനന്തു എസ്, സൈലം ഡയറക്ടറും എഴുത്തുകാരനും അധ്യാപകനുമായ ലിജീഷ് കുമാർ, വിശാൽ ഹംസ എന്നിവരും വിവിധ സെഷനുകളിലായി വിദ്യാർഥികളുമായി സംവദിക്കും.
മേളയോടനുബന്ധിച്ച് വിദ്യാർഥികളുടെ മികച്ച ആശയങ്ങൾക്ക് മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം ഇന്നവേഷൻ അവാർഡും സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.