പ്ലസ് വൺ പ്രവേശനത്തിന് സീറ്റ് തികയാതെ മലബാറിൽ വിദ്യാർഥികൾ
text_fieldsതിരുവനന്തപുരം: മലബാറിലെ, പ്രത്യേകിച്ച് മലപ്പുറം ജില്ലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന്റെ നേർചിത്രമായി ഹയർസെക്കൻഡറി പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ്. കമ്യൂണിറ്റി, മാനേജ്മെന്റ് ക്വോട്ട സീറ്റുകൾകൂടി പരിഗണിച്ചാലും മലപ്പുറം ജില്ലയിൽ മാത്രം 15,000നും 20,000നും ഇടക്ക് വിദ്യാർഥികൾക്ക് സീറ്റുണ്ടാകില്ലെന്ന് വ്യക്തമാക്കുന്നതാണ് ആദ്യ അലോട്ട്മെന്റ്. മലപ്പുറത്ത് 81,022 പേരാണ് ഇത്തവണ ഏകജാലക രീതിയിൽ അപേക്ഷ നൽകിയത്.
സർക്കാർ സ്കൂളുകളിലെ മുഴുവൻ സീറ്റും എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി, മാനേജ്മെന്റ് ക്വോട്ട സീറ്റുകളും കഴിഞ്ഞുള്ള സീറ്റുകളും ചേർത്ത് ജില്ലയിൽ 47621 സീറ്റുകളാണ് ജില്ലയിലുള്ളത്. ഇതിൽ 34,889 പേർക്ക് ആദ്യഘട്ടത്തിൽ അലോട്ട്മെന്റ് നൽകി. വിവിധ സംവരണ വിഭാഗങ്ങൾക്കുള്ള 12732 സീറ്റുകളാണ് ഇനി ജില്ലയിലുള്ളത്. മൂന്നാം അലോട്ട്മെന്റിൽ ശേഷിക്കുന്ന സംവരണ സീറ്റുകൾകൂടി മെറിറ്റ് സീറ്റുകളാക്കി മാറ്റുമ്പോൾ 12000ത്തോളം വിദ്യാർഥികൾക്കുകൂടി പ്രവേശന സാധ്യത തെളിയും.
അപ്പോഴും 33000 ത്തോളം വിദ്യാർഥികളും ഏകജാലക പ്രവേശനത്തിന് പുറത്താകും. ജില്ലയിലെ എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി, മാനേജ്മെന്റ് ക്വോട്ട സീറ്റുകളും ഷിഫ്റ്റ് ചെയ്ത 14 ബാച്ചുകളുംകൂടി പരിഗണിച്ചാൽ ആകെയുള്ളത് 55,525 സീറ്റുകളാണ്. ഈ സീറ്റുകളിലേക്ക് പൂർണമായും അലോട്ട്മെന്റ് നടന്നാലും മൊത്തം അപേക്ഷകരിൽ 25,378 പേർ പുറത്തായിരിക്കും. ജില്ലയിൽ 11291 സീറ്റുകളാണ് അൺ എയ്ഡഡ് സ്കൂളുകളിലുള്ളത്.
ഉയർന്ന ഫീസ് നൽകി പഠിക്കേണ്ട അൺ എയ്ഡഡ് സ്കൂളുകളിൽ കഴിഞ്ഞ വർഷം ജില്ലയിൽ 7341 സീറ്റുകളിലേക്കാണ് വിദ്യാർഥികൾ എത്തിയത്. ഈ വർഷം അൺ എയ്ഡഡ് സ്കൂളുകളിൽ 7000 വിദ്യാർഥികൾവരെ പ്രവേശനം നേടിയാലും 18000 വിദ്യാർഥികൾക്ക് സീറ്റുണ്ടാകില്ല.
കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകളിലും സീറ്റിന്റെ കുറവുണ്ടാകുമെന്നാണ് ഒന്നാം അലോട്ട്മെൻറിലെ സൂചന. സീറ്റ് ക്ഷാമം പരിഹരിക്കാൻ എട്ട് ജില്ലകളിൽനിന്നുള്ള 14 ബാച്ചുകൾ മലപ്പുറത്തേക്ക് മാറ്റിയത് മാത്രമാണ് ഇതുവരെയുള്ള നടപടി. മൂന്ന് അലോട്ട്മെന്റുകൾക്കുശേഷം പ്രവേശനം ലഭിക്കാത്തവരുടെ എണ്ണം പരിശോധിച്ച് മലപ്പുറത്ത് കൂടുതൽ താൽക്കാലിക ബാച്ചുകൾ അനുവദിക്കാനാണ് സർക്കാർതലത്തിലുള്ള ധാരണ. സർക്കാർ സ്കൂളുകൾക്ക് പുറമെ താൽപര്യമുള്ള എയ്ഡഡ് സ്കൂളുകളിൽകൂടി താൽക്കാലിക ബാച്ചുകൾ അനുവദിക്കുന്നതിനുള്ള സാധ്യതയും പരിശോധിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.