ഒാൺലൈൻ പഠനത്തിന് മലമുകളിലേക്ക്
text_fieldsകൊട്ടിയൂർ: മലയോരത്തിന്റെ വിവിധ മേഖലകളിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാതെ വിദ്യാർഥികൾ ബുദ്ധിമുട്ടുമ്പോൾ സിഗ്നൽ കിട്ടാൻ മലമുകളിലേക്ക് ദുരിതമാർച്ച് നടത്തുകയാണ് കുട്ടികൾ.
കൊട്ടിയൂർ പാലുകാച്ചിയിലെ വിദ്യാർഥികളുടെ അവസ്ഥ പരിതാപകരമാണ്. സിഗ്നൽ തേടി കുന്നും മലയും കയറി അലയേണ്ട അവസ്ഥയിലാണ് വിദ്യാർഥികൾ. പുതിയ അധ്യയന വർഷം തുടങ്ങിയിട്ടും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ, കൊട്ടിയൂർ പഞ്ചായത്ത് രണ്ട്, മൂന്ന് വാർഡുകൾ ഉൾപ്പെടുന്ന പാലുകാച്ചി മേഖലയിലെ കുട്ടികൾക്കായിട്ടില്ല. 70തിലധികം കുടുംബങ്ങളിലായി 50ലേറെ വിദ്യാർഥികൾക്കാണ് മൊബൈൽ നെറ്റ് വർക്കില്ലാത്തതുകാരണം പഠനം മുടങ്ങുന്നത്.
ഒന്നാം ക്ലാസ് മുതൽ നഴ്സിങ് അടക്കമുള്ള വിവിധ ബിരുദ കോഴ്സുകൾ വരെ പഠിക്കുന്ന വിദ്യാർഥികളുണ്ടിവിടെ. ഇവർക്ക് സൂം, ഗൂഗ്ൾ മീറ്റ് വഴി നടത്തുന്ന വിവിധ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയുന്നില്ല. വനാതിർത്തിയോട് ചേർന്നുള്ള ഉയർന്ന പ്രദേശത്ത് സിഗ്നൽ ലഭ്യമാകുന്നതിനാൽ അവിടെ ഷെഡ് നിർമിച്ച് ക്ലാസുകളിൽ പങ്കെടുക്കുകയാണ് പലരും. വനത്തോട് ചേർന്ന പ്രദേശത്ത് പോയിരുന്ന് ക്ലാസ് കൂടുന്ന വിദ്യാർഥികളുമുണ്ട്.
വനപ്രദേശങ്ങളോട് ചേർന്ന പറമ്പുകളിൽ പാമ്പും മറ്റു ക്ഷുദ്രജീവികളുമുള്ളതിനാൽ വളർത്തുനായെ ഒപ്പം കൂട്ടിയാണ് വിദ്യാർഥികൾ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നത്.മാസം വലിയ തുക നൽകി ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കാനാവില്ലെന്നതും ഇവരുടെ പ്രതിസന്ധിയാണ്. കുട്ടികളുടെ ഓൺലൈൻ പഠനം സാധ്യമാക്കാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.