നാലുവർഷം പഠിച്ചാൽ ഓണേഴ്സ് ബിരുദം; മൂന്നുവർഷം പൂർത്തിയാക്കിയാൽ ഡിഗ്രി
text_fieldsന്യൂഡല്‍ഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻ.ഇ.പി) ഭാഗമായി അവതരിപ്പിക്കുന്ന നാലുവർഷ ബിരുദ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് ഡിഗ്രിയും മൂന്നുവർഷം പൂർത്തിയാക്കിയാൽ ഡിഗ്രിയും ലഭിക്കും. ഇതുസംബന്ധിച്ച് 'ക്രെഡിറ്റ് അധിഷ്ഠിത നാലുവര്‍ഷ ബിരുദ പാഠ്യപദ്ധതി' യു.ജി.സി ഉടൻ വിജ്ഞാപനം ചെയ്യും.
നാലുവര്‍ഷ ബിരുദത്തില്‍ 160 ക്രെഡിറ്റ് ലഭിച്ചാലാണ് ഓണേഴ്സ് ബിരുദം നേടാനാവുക. 120 ക്രെഡിറ്റ് നേടിയാൽ മൂന്നുവർഷ ബിരുദം പൂർത്തിയാക്കാനാവും. അധ്യയന സമയം കണക്കാക്കിയാകും ക്രെഡിറ്റ് നല്‍കുക. ഓണേഴ്സ് ബിരുദത്തിൽ നാലാം വര്‍ഷം ഗവേഷണവും ഇന്റേണ്‍ഷിപ്പും പ്രോജക്ടും ഉണ്ടായിരിക്കും. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബിരുദാനന്തര ബിരുദമില്ലാതെ നേരിട്ട് പിഎച്ച്.ഡി പ്രവേശനത്തിന് യോഗ്യത ലഭിക്കും. ബിരുദാനന്തര ബിരുദത്തിന്റെ രണ്ടാം വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രിയും നല്‍കും. മൂന്നുവര്‍ഷം പൂർത്തിയാക്കും (120 ക്രെഡിറ്റ്) മുമ്പ് കോഴ്സ് അവസാനിപ്പിക്കുന്നവർക്ക് മൂന്ന് വര്‍ഷത്തിനകം വീണ്ടും കോഴ്സ് പൂര്‍ത്തിയാക്കാന്‍ അവസരം ലഭിക്കും. ഏഴുവര്‍ഷത്തിനകം ബിരുദം പൂര്‍ത്തീകരിക്കണം.
മേജര്‍ സ്ട്രീം കോഴ്സുകള്‍, മൈനര്‍ സ്ട്രീം കോഴ്സുകള്‍, മറ്റ് വിഷയങ്ങളില്‍ നിന്നുള്ള കോഴ്സുകള്‍, ആധുനിക ഇന്ത്യന്‍ ഭാഷ, ഇംഗ്ലീഷ് ഭാഷ, മൂല്യവർധിത കോഴ്സുകള്‍ എന്നിവയും പുതിയ പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുന്നു. വിവിധ കേന്ദ്ര, സംസ്ഥാന, സ്വകാര്യ സര്‍വകലാശാലകള്‍ നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ തുടങ്ങാന്‍ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.