ഭാവിലോകത്തിന് പുതുപുത്തൻ ആശയങ്ങളുമായി വിദ്യാർഥികൾ
text_fields
ദുബൈ: ഭാവിലോകത്തെ സ്വപ്നം കാണുന്ന പുതുതലമുറയുടെ കരുത്തുറ്റ ആശയങ്ങളുടെ മത്സരവേദിയായി ‘ഗൾഫ് മാധ്യമം എജുകഫെ’. വിദ്യാഭ്യാസ-കരിയർ മഹാമേളയുടെ വേദിയിൽ നടന്ന എ.പി.ജെ. അബ്ദുൽ കലാം ഇന്നവേഷൻ അവാർഡ് മത്സരത്തിലാണ് വിദ്യാർഥികൾ നവീനമായ ആശയങ്ങൾ അവതരിപ്പിച്ചത്. യു.എ.ഇയിലെ വിവിധ സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുത്ത ടീമംഗങ്ങളാണ് വേദിയിൽ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിച്ചത്.
നാനോ ടെക്നോളജി ഉപയോഗപ്പെടുത്തി അർബുദ ചികിത്സ കൂടുതൽ എളുപ്പമാക്കുന്നത് സംബന്ധിച്ച അവതരണമാണ് വേദിയിൽ ആദ്യം നടന്നത്. ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ വെൽനസ് രംഗത്തെ പുതിയ സാധ്യതകൾ, കുറഞ്ഞ വെള്ളം ഉപയോഗപ്പെടുത്തി കാർഷിക രംഗം മെച്ചപ്പെടുത്താനുള്ള സംവിധാനം, സൗരോർജത്തിൽനിന്ന് നവീന രീതിയിൽ ഊർജം ഉൽപാദിപ്പിക്കാനുള്ള മാർഗം, സുസ്ഥിരമായ നഗരം രൂപപ്പെടുത്തുന്നതിനുള്ള പദ്ധതി, ഭൂമിക്കടിയിൽ കൃഷി ചെയ്യുന്ന നവീനമായ രീതി, വിവിധ രംഗങ്ങളിൽ നിർമിത ബുദ്ധിയുടെ ഉപയോഗം, ഓട്ടിസം ബാധിച്ച കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസം സാധ്യമാക്കുന്ന പുതിയ ആശയവിനിമയ മാർഗം, പ്രകൃതിയോടിണങ്ങിയ സുസ്ഥിരമായ വില്ല നിർമാണം, പ്രളയ നിരീക്ഷണവും ദുരന്തങ്ങൾ തടയാനുമുള്ള പുതിയ രീതി, ബഹിരാകാശ യാത്രികർക്ക് ഉപയോഗിക്കാവുന്ന ആരോഗ്യ പരിപാലന സംവിധാനം, പൂർണമായും സ്മാർട്ട് സംവിധാനങ്ങൾ അടങ്ങിയ ഇ-സ്കൂൾ സംവിധാനം തുടങ്ങിയ ആശയങ്ങൾ അവതരണത്തിൽ കടന്നുവന്നു. ദുബൈ യൂനിവേഴ്സിറ്റി അസി. പ്രഫസർ ഡോ. അലവിക്കുഞ്ഞ് പന്തക്കൻ, പ്ലാന്റ്ഷോപ്പ് സ്ഥാപകനും സി.ഇ.ഒയുമായ ജിമ്മി ജെയിംസ്, ഗവേഷകൻ ജെയിംസ് ടോണി എന്നിവരാണ് മത്സരത്തിന് വിധികർത്താക്കളായത്.
എ.ബി.എം സൊലൂഷൻസ്, കെ.എൻ സ്ക്വാഡ്(ഷാർജ ഇന്ത്യൻ സ്കൂൾ ബോയ്സ്, ജുവൈസ), ഇക്വി സസ്റ്റാനിയ, വിവോ വെർദെ(ഡൽഹി പ്രൈവറ്റ് സ്കൂൾ അജ്മാൻ), ഇസെഡ്-ബിൻ, റോബോട്രീ, ഗ്രീൻ ഡ്രൈനേജ്(ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഷാർജ), അഗ്രിവൈസ്, എനർജൈസിങ് ദ ഫ്യൂചർ(ദ എലൈറ്റ് ഇഗ്ലീഷ് സ്കൂൾ, ദുബൈ), കോസ്മിക് ട്രെയ്ൽ ബ്ലേസേഴ്സ്(ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ, ഷാർജ) എന്നീ ടീമുകളാണ് മത്സരത്തിന്റെ അവസാന റൗണ്ടിലേക്ക് പ്രവേശിച്ചത്. ഈ ടീമുകൾ വ്യാഴാഴ്ച മത്സരിക്കും. മികച്ച ആശയത്തിന് എജുകഫെ സമാപന വേദിയിൽ വെച്ച് എ.പി.ജെ. അബ്ദുൽ കലാം ഇന്നവേഷൻ അവാർഡ് സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.