പഠനവും തൊഴിലും: തുണയാകാൻ 'സ്കഫോൾഡ്'
text_fieldsതൊടുപുഴ: ജില്ലയിൽ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാർഥികളെ കണ്ടെത്തി മികച്ച പരിശീലനം നൽകി അനുയോജ്യമായ തൊഴിൽ കണ്ടെത്താൻ പ്രാപ്തരാക്കുന്ന പദ്ധതി തയാറായി. ഒന്നാം വര്‍ഷ ഹയർ സെക്കൻഡറി കോഴ്സിന് പഠിക്കുന്ന ബി.പി.എല്‍ വിഭാഗം വിദ്യാർഥികളെ ഉന്നത വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുന്നതിനോടൊപ്പം നൈപുണ്യവികസനവും തൊഴില്‍ മികവും ലക്ഷ്യമിട്ടാണ് സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ 'സ്കഫോൾഡ്' പദ്ധതി ഒരുങ്ങുന്നത്. പദ്ധതിയിലൂടെ ദേശീയ-അന്തര്‍ദേശീയ തലങ്ങളിലെ മത്സര പരീക്ഷകളിലടക്കം വിദ്യാർഥികൾക്ക് പരിശീലനം നല്‍കും.
ജില്ലയില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഇരുപത്തിയഞ്ചോളം കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തിൽ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. തുടർ പഠനം നിന്നുപോകാതെ കുട്ടികളെ മികച്ച ലക്ഷ്യത്തിലേക്ക് കൈപിടിച്ചുയർത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. കഴിവുകൾ ഉണ്ടായിട്ടും ജില്ലയിലെ വിവിധ മേഖലകളിൽ തുടർപഠനം നിലച്ചുപോയ ഒട്ടേറെ കുട്ടികളുണ്ട്. പത്താം ക്ലാസോ, കൂടിപ്പോയാൽ പ്ലസ് ടുവോ കഴിഞ്ഞാൽ തോട്ടം മേഖലയിലടക്കമുള്ള കുട്ടികൾ പലരും പഠനം ഉപേക്ഷിക്കുന്ന സാഹചര്യമാണ്. വീട്ടിലെ പരാധീനതകളായിരിക്കും പ്രധാന കാരണം. ഈ സാഹചര്യം ഒഴിവാക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ ഉദ്യോഗാർഥിക്കും അവരുടെ വിദ്യാഭ്യാസം പൂർത്തീകരിച്ച് യഥാസമയം അനുയോജ്യമായ തൊഴിൽ കണ്ടെത്താനുള്ള ഏറ്റവും മികച്ച പരിശീലനം തന്നെ പദ്ധതിയുടെ ഭാഗമായി നൽകും. ആഗോള അന്തരീക്ഷത്തിൽ മത്സരിക്കാൻ പാകത്തിൽ ഉന്നത വിദ്യാഭ്യാസം നേടാൻ പ്രാപ്തരാക്കുകയും ചെയ്യും.
ഇതിനായി വിദ്യാർഥികളുടെ കഴിവുകളും അഭിരുചിയും കൃത്യമായി വിലയിരുത്തുകയും അവ പരിപോഷിപ്പിക്കുകയും ചെയ്യും. പൊതുവിദ്യാലയങ്ങളിൽ പ്ലസ് വൺ (ഹയർ സെക്കൻഡറി-വൊക്കേഷനൽ ഹയർ സെക്കൻഡറി പഠിക്കുന്ന ബി.പി.എൽ വിഭാഗം കുട്ടികളെയാണ് ഈ പരിപാടിയിൽ ഉൾപ്പെടുത്തുന്നത്. ഇവരുടെ വിവര ശേഖരണം സ്കൂൾ വഴിയാകും നടക്കുക. കുട്ടികളുടെ പരാധീനതകൾ, പത്താം ക്ലാസിലെ പഠന നിലവാരം എന്നിവയുടെ ഗ്രേഡിങ് അടിസ്ഥാനപ്പെടുത്തും. വീടുകളിലെ അവസ്ഥ, രക്ഷിതാക്കളുടെ വിദ്യാഭ്യാസം ഇവയെല്ലാം അനുസരിച്ച് ഇവർക്ക് ഗ്രേഡിങ് നൽകും.
കുട്ടികളെ തെരഞ്ഞെടുക്കുന്നത് സ്കൂളിലെ സ്ക്രീനിങ് കമ്മിറ്റിയാണ്. ആദ്യഘട്ടത്തിൽ ജില്ലയിൽനിന്ന് 50 പേരെ കണ്ടെത്തി ഇവരിൽ 25 പേർക്കാണ് പരിശീലനം നൽകുക. ഗവ. എയ്ഡഡ്, സ്കൂളിലെ കുട്ടികളാണ് പരിപാടിയിൽ ഉൾപ്പെടുക. ഒരുവർഷം നീളുന്ന പരിപാടിയിലൂടെ ഇവർക്കുള്ള പരിശീലനം നൽകി പരാധീനതകൾക്കപ്പുറത്ത് ഇവരുടെ മികവിനെ ഉയർത്തും. സാമൂഹികമായും സമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള അക്കാദമിക് മികവിന്റെ കേന്ദ്രങ്ങളിൽ പ്രവേശനം നേടാനും പദ്ധതികൊണ്ട് കഴിയുമെന്ന് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.