വിദ്യാർഥികളെ പിടിച്ചുനിർത്താൻ ‘സ്റ്റഡി ഇൻ കേരള’ പദ്ധതിയുമായി സർക്കാർ
text_fieldsതിരുവനന്തപുരം: വിദ്യാർഥികളെ കേരളത്തിൽ പിടിച്ചുനിർത്താനും പുറമെനിന്നുള്ള വിദ്യാർഥികളെ ആകർഷിക്കാനും ലക്ഷ്യമിട്ട് സർക്കാർ ‘സ്റ്റഡി ഇൻ കേരള’ പദ്ധതി നടപ്പാക്കുന്നു. ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ് സമർപ്പിച്ച പദ്ധതി നിർദേശം അംഗീകരിച്ച് ഉത്തരവിറക്കി. സംസ്ഥാനത്തെ ഒട്ടേറെ സ്ഥാപനങ്ങൾ എൻ.ഐ.ആർ.എഫ് റാങ്കിങ്ങിലും നാക് ഗ്രേഡിങ്ങിലും മുന്നോട്ടുവന്ന സാഹചര്യത്തിൽ കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്തെ സർവകലാശാലകളിൽ ഡിമാന്റ് ഏറെയുള്ള കോഴ്സുകൾക്ക് പ്രചാരണം നൽകുകയും വിദേശ സർവകലാശാലകൾ ഉൾപ്പെടെയുള്ളവയുമായി അക്കാദമിക ബന്ധം സ്ഥാപിക്കലും പദ്ധതിയുടെ ഭാഗമാണ്. വിവിധ വിഷയമേഖലകളിൽ ഹൃസ്വകാല കോഴ്സുകൾക്കായി സർവകലാശാലകളിൽ അന്വേഷണം വരുന്നുണ്ട്. സംസ്ഥാനത്തെ സർവകലാശാലകളിൽ ഹൃസ്വകാല കോഴ്സുകൾ വളരെ കുറവാണ്. സാധ്യതയുള്ള മേഖലകളിൽ ആറ് മാസം വരെ ദൈർഘ്യമുള്ള ഹൃസ്വകാല കോഴ്സുകൾ തുടങ്ങാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഇന്ത്യയിൽ ഉപരി പഠനത്തിനെത്തുന്ന വിദേശ വിദ്യാർഥികളുടെ എണ്ണം സംബന്ധിച്ച കണക്ക് നേരത്തെ തന്നെ ഉന്നത വിദ്യാഭ്യാസ സർവേയുടെ ഭാഗമായി യു.ജി.സി പുറത്തുവിട്ടിരുന്നു. പ്രധാനമായും മൂന്നാംലോക രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്ക് വിദ്യാർഥികളെത്തുന്നതെന്നും ഇതിൽ കേരളത്തിലേക്ക് വരുന്ന കുട്ടികളുടെ എണ്ണം താരതമ്യേന കുറവാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്റർനാഷനലൈസേഷൻ ഓഫ് ഹയർ എജുക്കേഷൻ പദ്ധതിയുടെ ഭാഗമായി സർവകലാശാലകളിൽ പ്രത്യേകം പ്രോഗ്രാം ഓഫിസർമാരെ നിയമിക്കണമെന്ന് യു.ജി.സി നിർദേശിച്ചിരുന്നു. പ്രോഗ്രാം ഓഫിസറായിരിക്കും സ്റ്റഡി ഇൻ കേരള പദ്ധതിയുടെ ഏകോപനം നിർവഹിക്കുക. കോഴ്സുകൾ, സർവകലാശാലകൾ, കോളജുകൾ എന്നിവ സംബന്ധിച്ചുള്ള അന്വേഷണങ്ങൾക്കായി ഒറ്റ കേന്ദ്രവും (സിംഗിൾ പോയന്റ്) പദ്ധതിയുടെ ഭാഗമായി ഒരുക്കും. കേരളത്തിലെ സർവകലാശാലകളിൽ കോഴ്സ് കാലാവധി നീളുന്നത് വിദേശ വിദ്യാർഥികൾക്ക് വിസ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ഉൾപ്പെടെയുള്ളവ പരിഹരിക്കാനുള്ള നടപടിയും ഇതിന്റെ ഭാഗമായി സ്വീകരിക്കും. ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസിന്റെ (ഐ.സി.സി.ആർ) സഹകരണത്തോട് കൂടിയായിരിക്കും സ്റ്റഡി ഇൻ കേരള പദ്ധതി നടപ്പാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.