സൗദിയിൽ പഠനം; രജിസ്റ്റർ ചെയ്ത അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം അരലക്ഷം കവിഞ്ഞു
text_fieldsജുബൈൽ: 'സൗദി അറേബ്യയിൽ പഠനം' എന്ന തലക്കെട്ടിലെ പുതിയ വിദ്യാഭ്യാസ പരിപാടിയിൽ രജിസ്റ്റർ ചെയ്ത അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം അരലക്ഷം കവിഞ്ഞതായി വിദ്യാഭ്യാസ മന്ത്രാലയം. ഷാർജ എക്സ്പോ സെന്ററിൽ സമാപിച്ച 18ാമത് അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനമേളയിൽ രജിസ്ട്രേഷന് വൻ തിരക്കാണ് അനുഭവപ്പെട്ടത്. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയവും ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റിയും ചേർന്ന് സംഘടിപ്പിച്ച നാലു ദിവസത്തെ പരിപാടിയിൽ സൗദി വിദ്യാഭ്യാസ മന്ത്രാലയവും സൗദി സർവകലാശാലകളും പങ്കെടുത്തു. ലഭ്യമായ സ്പെഷലൈസേഷനുകൾക്കനുസരിച്ച് സൗദി സർവകലാശാലകളിൽ പഠനം പൂർത്തിയാക്കാനുള്ള ശ്രമത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള ധാരാളം വിദ്യാർഥികൾ രജിസ്ട്രേഷനായി എത്തിയിരുന്നു. 160 രാജ്യങ്ങളിൽനിന്നുള്ള എല്ലാ വിഭാഗം വിദ്യാർഥികൾക്കും അക്കാദമിക് വിദഗ്ധർക്കും ഗവേഷകർക്കും ലിംഗഭേദമില്ലാതെ പ്രയോജനം ചെയ്യുകയാണ് 'സൗദി അറേബ്യയിലെ പഠനം' ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമുള്ള സ്ത്രീ-പുരുഷ വിദ്യാർഥികളെയും ഗവേഷകരെയും അക്കാദമിക് വിദഗ്ധരെയും ലക്ഷ്യമാക്കി ദീർഘ, ഹ്രസ്വകാല വിദ്യാഭ്യാസ വിസകൾ നൽകാൻ സെപ്റ്റംബർ 27ന് സൗദി മന്ത്രിസഭ യോഗം സുപ്രധാന തീരുമാനമെടുത്തിരുന്നു.
മികച്ച കഴിവുകളുള്ള വിദ്യാർഥികളെ ആകർഷിക്കുന്നതിനൊപ്പം വിദ്യാഭ്യാസ പ്രക്രിയയുടെ ഗുണനിലവാരവും ഗവേഷണത്തിന്റെയും നൂതനത്വത്തിന്റെയും ഉൽപാദനം ഉയർത്തുകയുമാണ് വിദ്യാഭ്യാസ വിസ പദ്ധതി ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.ലോകമെമ്പാടുമുള്ള സൗദി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വർഗീകരണത്തിന്റെയും കാര്യക്ഷമതയുടെയും നിലവാരം ഉയർത്തുന്നതിനും മിതത്വത്തിന്റെയും അറബിഭാഷാ അധ്യാപനത്തിന്റെയും മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ രാജ്യത്തിന്റെ സംഭാവന വർധിപ്പിക്കുന്നതിനും പുറമെ, സൗദി അറേബ്യയെ ആകർഷകമായ ആഗോള വിദ്യാഭ്യാസകേന്ദ്രമായി അവതരിപ്പിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. 2023 ജനുവരി പകുതി വരെ 'സ്റ്റഡി ഇൻ സൗദി അറേബ്യ' പ്ലാറ്റ്ഫോം (https://studyinsaudi.moe.gov.sa) വഴി രജിസ്ട്രേഷൻ നടപടികൾ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.