സമയം കുറവ്, അമിത പഠനഭാരം; പ്ലസ് വൺ വിദ്യാർഥികൾ കുഴയുന്നു
text_fieldsആലപ്പുഴ: ദേശീയ തലത്തിൽ സിലബസ് ലഘൂകരിച്ചിട്ടും 'അമിത പഠനഭാരം' ഹയർസെക്കൻഡറി വിദ്യാർഥികളെ ചുറ്റിക്കുന്നു. പ്രവേശന നടപടികൾ താമസിച്ചതിനാൽ ഒന്നാം വർഷ ക്ലാസുകൾ പൂർണതോതിൽ ആരംഭിച്ചത് ഒക്ടോബറിലാണ്. പരിമിത സമയത്തിനുള്ളിൽ സിലബസ് ഭാരം ചുമക്കേണ്ട അവസ്ഥയിലാണ് പ്ലസ് വൺ വിദ്യാർഥികൾ.
എൻ.സി.ഇ.ആർ.ടി വിവിധ വകുപ്പ് മേധാവികളുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ആറു മുതൽ 12 വരെ ക്ലാസുകളിലെ സിലബസ് ഈ അധ്യയന വർഷം വെട്ടിച്ചുരുക്കിയിട്ടുണ്ട്. എന്നാൽ, കേരളത്തിലെ ഹയർ സെക്കൻഡറി വിഭാഗത്തെ മാറ്റം ബാധിച്ചിട്ടില്ല. കേരള ഹയർ സെക്കൻഡറിയിലെ ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ബയോളജി, ധനതത്ത്വശാസ്ത്രം, പൊളിറ്റിക്കൽ സയൻസ്, ചരിത്രം, ഭൂമിശാസ്ത്രം എന്നിവ പിന്തുടരുന്നത് സി.ബി.എസ്.ഇ സിലബസും എൻ.സി.ഇ.ആർ.ടി പുസ്തകവുമാണ്.
ഈ അധ്യയന വർഷത്തെ ആദ്യ പാഠങ്ങൾ പലതും എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയിട്ടും കേരളത്തിൽ തുടരുന്നത് അധ്യാപകരെയും വിദ്യാർഥികളെയും വലക്കുകയാണ്.
എൻ.സി.ഇ.ആർ.ടി തീരുമാനമില്ലാതെ കേരളത്തിൽ മാത്രം സിലബസ് കുറക്കാൻ കഴിയുമായിരുന്നില്ല. നീറ്റ്, കീം ഉൾപ്പെടെ വിവിധ മത്സരപരീക്ഷകൾ സി.ബി.എസ്.ഇ സിലബസ് അടിസ്ഥാനമാക്കിയാണെന്നിരിക്കെ ദേശീയ മാറ്റങ്ങൾക്കനുസരിച്ചേ കേരളത്തിലും മാറാനാകൂ. എന്നാലിപ്പോൾ എൻ.സി.ഇ.ആർ.ടി വരുത്തിയ മാറ്റങ്ങൾ വിദ്യാഭ്യാസ വകുപ്പ് അറിഞ്ഞതായി ഭാവിക്കുന്നില്ലെന്നതാണ് കൗതുകകരം. കേരളത്തിൽ പ്ലസ്വണ്ണിലും പൊതു പരീക്ഷയുണ്ട്.
രണ്ട് വർഷത്തെയും മാർക്ക് രണ്ടാം വർഷ മാർക്ക് ലിസ്റ്റിൽ വരും. അതിനാൽ ഒന്നാം വർഷ സിലബസും പ്രധാനമാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഒന്നാം വർഷം പൊതുപരീക്ഷ ഇല്ലാത്തതിനാൽ പല വിഷയങ്ങളിലും ബുദ്ധിമുട്ടുള്ള പാഠഭാഗങ്ങൾ എൻ.സി.ഇ.ആർ.ടി ഒന്നാം വർഷത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പല വിഷയങ്ങളിലായി ആവർത്തിക്കപ്പെടുന്നവ, താഴ്ന്ന ക്ലാസുകളിലോ ഉയർന്ന ക്ലാസുകളിലോ പഠിക്കാനുള്ളവ, ആനുകാലിക പ്രസക്തമല്ലാത്തവ, അധ്യാപകരുടെ ഇടപെടൽ ഇല്ലാതെ കുട്ടികൾക്ക് സ്വയം പഠിക്കാൻ കഴിയുന്നവ, കുട്ടികളുടെ നിലവാരം അനുസരിച്ച് കഠിനമായവ തുടങ്ങിയവയാണ് എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയത്.
സി.ബി.എസ്.ഇ 30 ശതമാനം സിലബസും പഠനഭാരവും ലഘൂകരിച്ച് വിദ്യാർഥികളുടെ വിജയശതമാനവും ശരാശരി മാർക്കും വർധിപ്പിക്കുമ്പോൾ, ഇതേ സിലബസ് പിന്തുടരുന്ന കേരളത്തിലെ ഹയർ സെക്കൻഡറിയിൽ മാത്രം സമാന്തര സി.ബി.എസ്.ഇ സ്കൂളുകളെ സഹായിക്കുന്ന സമീപനമാണ് സർക്കാർ കൈക്കൊള്ളുന്നതെന്ന് അധ്യാപക സംഘടനകൾ ആരോപിക്കുന്നു
കേരളത്തിൽ സിലബസ് ലഘൂകരണം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ എസ്.സി.ഇ.ആർ.ടിയും വിദ്യാഭ്യാസ വകുപ്പും മടിക്കുന്നത് സ്വാശ്രയ വിദ്യാഭ്യാസ ലോബികളുടെ സമ്മർദ ഫലമായാണെന്നും ആരോപണമുണ്ട്. കേരളത്തിലും ഉള്ളടക്ക ലഘൂകരണം സംബന്ധിച്ച തീരുമാനം വിദ്യാഭ്യാസ വകുപ്പ് ഉടൻ കൈക്കൊള്ളണമെന്ന് എ.എച്ച്.എസ്.ടി.എ ജനറൽ സെക്രട്ടറി എസ്. മനോജ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.