പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് പഠനമുറി: അപേക്ഷ ക്ഷണിച്ചു
text_fieldsതിരുവനന്തപുരം: പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് സംസ്ഥാന സർക്കാർ നിർമിച്ചു നൽകുന്ന പഠനമുറികൾക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, സ്പെഷൽ, സാങ്കേതിക, കേന്ദ്രീയ വിദ്യാലയങ്ങളിൽ അഞ്ച് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. സെപ്തംബർ 30 ആണ് അവസാന തീയതി.
മുൻകാലങ്ങളിൽ എട്ടാം ക്ലാസ് മുതൽ നൽകി വന്നിരുന്ന പഠനമുറി പദ്ധതി വിപുലമാക്കിയ ശേഷമുള്ള ആദ്യ അവസരമാണിത്. 5000 പഠനമുറികൾ ഈ വർഷം നിർമിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. അഞ്ചാം ക്ലാസ് മുതലുള്ളവർക്കും കേന്ദ്രീയ വിദ്യാലയങ്ങളിലെ കുട്ടികൾക്കും അപേക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ലക്ഷം രൂപ വരെ കുടുംബ വരുമാനമുള്ളവരും 800 ചതുരശയടിയിൽ താഴെ വിസ്തീർണമുള്ള വീടുകളിൽ താമസിക്കുന്നവരുമായ വിദ്യാർഥികൾക്കാണ് അപേക്ഷിക്കാവുന്നത്. ഗ്രാമസഭ ലിസ്റ്റിൽ പേരില്ലാത്തവർക്കും അപേക്ഷിക്കാം. ബന്ധപ്പെട്ട ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപറേഷൻ പട്ടികജാതി വികസന വകുപ്പ് ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോമും കൂടുതൽ വിവരങ്ങളും ഓഫീസിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.