വാക്സിൻ നയം വിവേചനപരം, ബജറ്റിൽ വകയിരുത്തിയ 35,000 കോടി എന്തുചെയ്തു; കേന്ദ്ര സർക്കാറിനെ നിർത്തിപ്പൊരിച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ വാക്സിൻ നയത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. 45ന് മുകളിലുള്ളവർക്ക് സൗജന്യ വാക്സിനും 18നും 44നും ഇടയിലുള്ളവർക്ക് പണം നൽകിയുള്ള വാക്സിനേഷനും ഏർപ്പെടുത്തിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. പ്രഥമദൃഷ്ട്യാ യുക്തിരഹിതവും വിവേചനപരവുമാണ് ഈ നയം. വാക്സിൻ നയം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട കോടതി വാക്സിൻ വാങ്ങിയതിന്‍റെ മുഴുവൻ രേഖകളും നൽകാനും നിർദേശിച്ചു. കേസ് ജൂൺ 30ന് വീണ്ടും പരിഗണിക്കും.
വാക്സിനുകൾക്ക് വ്യത്യസ്ത നിരക്ക് ഈടാക്കുന്നതിനെയും കോടതി ചോദ്യംചെയ്തു. ഇന്ത്യയിൽ ലഭ്യമായ വാക്സിനുകളുടെ വിലയും അവയുടെ അന്താരാഷ്ട്ര നിരക്കും എത്രയാണെന്ന് അറിയിക്കാൻ കേന്ദ്രത്തിനോട് നിർദേശിച്ചു. 18നും 44നും ഇടയിലുള്ളവർ റെക്കോഡ് വിലക്കാണ് ഇന്ത്യയിൽ വാക്സിൻ വാങ്ങേണ്ടതെന്ന് പലരും വിമർശിക്കുന്നു. മിക്ക രാജ്യങ്ങളിലും സർക്കാറുകൾ വാക്സിൻ സംഭരിച്ച് ജനങ്ങൾക്ക് സൗജന്യമായി നൽകുകയാണ് -കോടതി ചൂണ്ടിക്കാട്ടി.
കേന്ദ്ര ബജറ്റിൽ വാക്സിന് വേണ്ടി വകയിരുത്തിയ 35,000 കോടി രൂപ എങ്ങനെ ചെലവഴിച്ചുവെന്ന് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടു. 18നും 44നും ഇടയിലുള്ളവർക്ക് സൗജന്യമായി വാക്സിൻ നൽകാൻ എന്തുകൊണ്ട് ഈ തുക ഉപയോഗിച്ചുകൂടാ. പൗരന്മാരുടെ ഭരണഘടനാപരമായ അവകാശം ലംഘിക്കപ്പെടുമ്പോൾ സുപ്രീംകോടതിക്ക് മൂകസാക്ഷിയായി ഇരിക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.