അഖിലേന്ത്യാ മെഡിക്കൽ ക്വോട്ടയിൽ ഒ.ബി.സി സംവരണത്തിന് അംഗീകാരം; മുന്നാക്ക സംവരണത്തിന് താൽകാലിക അനുമതി
text_fieldsന്യൂഡൽഹി: അഖിലേന്ത്യാ മെഡിക്കൽ ബിരുദ, ബിരുദാനന്തര ക്വോട്ടയിൽ 27 ശതമാനം ഒ.ബി.സി സംവരണത്തിന് സുപ്രീംകോടതി അംഗീകാരം നൽകി. അതേസമയം മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10 ശതമാനം സാമ്പത്തിക സംവരണം അന്തിമ വാദത്തിനായി മാർച്ച് മാസത്തിലേക്ക് സുപ്രീംകോടതി മാറ്റിവെച്ചു. ഈ വർഷത്തെ കൗൺസിലിങ് നടപടികൾ തടസപ്പെടാതിരിക്കാൻ 10 ശതമാനം ഈ വർഷം മാത്രം നടപ്പാക്കാനും സുപ്രീംകോടതി അനുമതി നൽകി.
സംവരണ കേസ് പരിഗണിച്ച മൂന്നംഗ ബെഞ്ചിന്‍റെ അധ്യക്ഷനായ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആണ് വിധി പ്രസ്താവം വായിച്ചത്. വിധി പ്രസ്താവത്തിന് തൊട്ടുപിറകെ സാമൂഹിക നീതി ഉറപ്പുവരുത്തുന്ന വിധി പുറപ്പെടുവിച്ച സുപ്രീംകോടതിയെ ഡി.എം.കെക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഡ്വ. വിൽസൺ അഭിനന്ദിച്ചു.
മുന്നാക്ക സംവരണത്തിന് കേരളം സമിതിയുണ്ടാക്കിയതിനെ വാദത്തിനിടയിൽ സുപ്രീം കോടതി വിമർശിച്ചിരുന്നു. സമിതിയുണ്ടാക്കിയത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് സുപ്രീംകോടതി ചോദിച്ചത്.
മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താൻ എല്ലാ സംസ്ഥാനങ്ങളും ഇതുപോലെ കമ്മിറ്റിയുണ്ടാക്കിയാൽ എന്താകുമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചിരുന്നു.
എട്ടു ലക്ഷം വാർഷിക വരുമാനമുള്ള മുന്നാക്കക്കാർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയത് ചോദ്യം ചെയ്തുള്ള ഹരജികളിലെ അന്തിമ വാദം മാർച്ച് മാസത്തിൽ നടക്കും. അതേസമയം, പി.ജി പ്രവേശന നടപടികൾ ഇനിയും തടസപ്പെടാതിരിക്കാൻ നിലവിലെ മാനദണ്ഡമനുസരിച്ച് 10 ശതമാനം സംവരണം ഈ വർഷം നടപ്പാക്കും.
മെഡിക്കൽ പി.ജി പ്രവേശനം വൈകുന്നതിനാൽ 45,000 റസിഡൻഷ്യൽ ഡോക്ടർമാരുടെ കുറവുണ്ടായിരുന്നു. സുപ്രീം കോടതിയുടെ വിധിയോടെ പി.ജി പ്രവേശനത്തിനുള്ള കൗൺസലിങ് തുടങ്ങാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.