സ്കൂൾ ഡിജിറ്റൽ ക്ലാസുകൾ: 57.1 ശതമാനം പേർക്കും തുടർപ്രവർത്തനങ്ങൾക്ക് തടസ്സമെന്ന് സർവേ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളിൽ 57.1 ശതമാനത്തിനും ഡിജിറ്റൽ/ഒാൺലൈൻ ക്ലാസിനുശേഷം തുടർപ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുന്നെന്ന് സർവേ റിപ്പോർട്ട്. സി.പി.എം നിയന്ത്രണത്തിലുള്ള ബാലസംഘം സംസ്ഥാന കമ്മിറ്റി നടത്തിയ സർവേയിലാണ് കണ്ടെത്തൽ.
ഒാൺലൈൻ ക്ലാസിൽ പഠിപ്പിച്ച കാര്യങ്ങൾ മറക്കുന്നെന്നാണ് ഇതിന് കാരണമായി 44.9 ശതമാനം പേരും പറഞ്ഞത്. 23.9 ശതമാനം കുട്ടികൾക്ക് കൃത്യമായ നിർദേശത്തിെൻറ അഭാവമാണ് കാരണം. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽനിന്നുമായി 2447 സ്കൂൾ കുട്ടികൾക്കിടയിലാണ് സർവേ നടത്തിയത്. 58.3 ശതമാനം കുട്ടികൾക്ക് മാത്രമാണ് പഠനത്തിൽ രക്ഷാകർത്താക്കളുടെ പിന്തുണ ലഭിക്കുന്നത്. 26.3 ശതമാനത്തിന് വല്ലപ്പോഴുമാണ് രക്ഷാകർത്താക്കളുടെ സഹായം ലഭിക്കുന്നത്. 15.4 ശതമാനത്തിന് സഹായം ലഭിക്കാറില്ല.
അഞ്ച് ശതമാനം വിദ്യാർഥികൾക്ക് ഇപ്പോഴും പഠനോപകരണങ്ങളില്ല. കഴിഞ്ഞ വർഷത്തെ ക്ലാസുകൾ തുടക്കംമുതൽ മുടങ്ങാതെ കണ്ടത് 58.2 ശതമാനം കുട്ടികളാണ്. 41.8 ശതമാനം പേർ പൂർണമായും കാണാത്തവരാണ്. ഒാൺലൈൻ പഠനത്തിൽ വിദ്യാർഥികൾക്ക് പ്രയാസം ഗണിതമാണ്. 52.4 ശതമാനം പേർക്കാണ് ഗണിതപഠനം പ്രയാസമായത്. ക്ലാസെടുക്കുന്നവരുമായോ അധ്യാപകരുമായോ ആശയവിനിമയം നടക്കാത്തതാണ് ഇതിന് കാരണം. 66.8 ശതമാനത്തിന് ട്യൂഷനില്ല. 91.5 ശതമാനം പേരും വിക്ടേഴ്സിനു പുറെമ മറ്റ് പഠന ആപ്പുകളൊന്നും ഉപയോഗിക്കാത്തവരാണ്. ഒാൺലൈൻ ക്ലാസുകൾക്ക് വേഗം കൂടുതലാണെന്ന പരാതിയും സർവേയിൽ കണ്ടെത്തി.
സർവേയിലെ കണ്ടെത്തലുകളും നിർേദശങ്ങളും അടങ്ങിയ റിപ്പോർട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്ക് സമർപ്പിച്ചു. വിക്ടേഴ്സ് ചാനലിലെ ക്ലാസിനു പുറമെ അധ്യാപകർ സ്കൂൾതലത്തിൽ ഒാൺലൈൻ ക്ലാസുകൾ നടത്തണമെന്നതുൾപ്പെടെ നിർദേശങ്ങളാണ് സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.