കാലിക്കറ്റിലെ അധ്യാപക നിയമനം: ദേശീയ പട്ടികജാതി കമീഷൻ ഇടപെടുന്നു
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാല പഠന വകുപ്പുകളിലേക്കുള്ള അസിസ്റ്റൻറ് പ്രഫസർ നിയമനത്തിലെ സ്വജനപക്ഷപാതത്തിലും ക്രമക്കേടിലും ദേശീയ പട്ടികജാതി കമീഷനും ഇടപെടുന്നു. നാനോ സയൻസ് ആൻഡ് ടെക്നോളജി, ഫിസിക്സ് വിഷയങ്ങളിലെ നിയമനങ്ങൾക്കെതിരെ മദ്രാസ് ഐ.ഐ.ടിയിലെ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയ ഡോ. കെ പ്രമോദ് നൽകിയ പരാതിയിലാണ് നടപടി. 15 ദിവസത്തിനകം മറുപടി നൽകണമെന്ന് ദേശീയ പട്ടികജാതി കമ്മീഷൻ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജിന് അയച്ച കത്തിൽ പറയുന്നു. മറുപടിയില്ലെങ്കിൽ ഭരണഘടനപരമായ അധികാരം ഉപയോഗിച്ച് നടപടിയെടുക്കും.
നിലവിലെ നിയമനം റദ്ദാക്കി നിഷ്പക്ഷരായ സമിതി പുതിയ നിയമനം നടത്തണമെന്നാണ് പ്രമോദിെൻറ ആവശ്യം. പട്ടികജാതി വിഭാഗക്കാരനായ കെ. പ്രമോദ് നാനോ സയൻസ് ആൻഡ് ടെക്നോളജി പഠനവകുപ്പിലും ഫിസിക്സ് പഠനവകുപ്പിലും ഇൻറർവ്യൂവിന് ഹാജരായിരുന്നു.
മൂന്നു വർഷമായി മദ്രാസ് ഐ.ഐ.ടിയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷകനാണ്. കാലിക്കറ്റ് സർവകലാശാലക്ക് തൊട്ടടുത്തുള്ള ദേവതിയാൽ സ്വദേശിയായ ഈ ചെറുപ്പക്കാരൻ നിരവധി ഗവേഷണ പ്രബന്ധങ്ങൾ എഴുതുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. യു.ജി.സിയുടെ നിബന്ധനകളും നിർദേശങ്ങളുമെല്ലാം കാറ്റിൽപറത്തിയാണ് അധ്യാപക നിയമനമെന് പ്രമോദ് പട്ടികജാതി കമീഷന് നൽകിയ പരാതിയിൽ പറയുന്നു. സെലക്ഷൻ കമ്മിറ്റി പക്ഷപാതപരമായാണ് ഇടപെട്ടത്. ഫെബ്രുവരി 16ന് നാനോ സയൻസിലും 17ന് ഫിസിക്സിലും ഇൻറർവ്യൂവിൽ പങ്കെടുത്തപ്പോൾ നിയമനരീതികൾ സുതാര്യമല്ലെന്നും നിറയെ പിഴവുകളുണ്ടെന്നും തോന്നി. മികച്ച അക്കാദമിക്, ഗവേഷക നേട്ടങ്ങളുണ്ടായിട്ടും ആത്മാർഥമായി തന്നെ ഇൻറർവ്യൂ ചെയ്തില്ല. സുതാര്യവും വസ്തുനിഷ്ഠവുമല്ലായിരുന്നു സമീപനം. തെൻറ ഗുണങ്ങളും കഴിവുകളും വിശ്വസനീയമായ രീതിയിൽ വിലയിരുത്താനുള്ള ശ്രമവും നടന്നില്ലെന്ന് പ്രമോദ് പരാതിപ്പെട്ടിരുന്നു. സംവരണം ഏതെല്ലാം തസ്തികകളിലാണെന്ന് പരസ്യപ്പെടുത്താത്ത സർവകലാശാലയുടെ നടപടിയെയും പ്രമോദ് ചോദ്യംചെയ്യുന്നു. സംവരണ ക്രമവിവര പട്ടിക നിയമനസമയത്തുപോലും പ്രസിദ്ധപ്പെടുത്തിയില്ല. പട്ടികജാതി വിഭാഗങ്ങളുടെ ബാക്ക്ലോഗ് നികത്തിയില്ലെന്ന പോരായ്മയും പ്രമോദ് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.