അധ്യാപക-വിദ്യാർഥി അനുപാതം: കെ.ഇ.ആർ ഭേദഗതി നിലനിൽക്കില്ലെന്ന് നിയമവകുപ്പ്
text_fieldsതിരുവനന്തപുരം: സ്കൂളുകളിൽ അധ്യാപക-വിദ്യാർഥി അനുപാതം ഉയർത്താൻ കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ (കെ.ഇ.ആർ) ഭേദഗതി കൊണ്ടുവരാനുള്ള സർക്കാർ തീരുമാനം നിലനിൽക്കില്ലെന്ന് നിയമവകുപ്പ്.
പൊതുവിദ്യാഭ്യാസ വകുപ്പ് സമർപ്പിച്ച ഫയലിലാണ് നിയമവകുപ്പ് അഭിപ്രായം രേഖപ്പെടുത്തിയത്. കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമപ്രകാരമുള്ള വ്യവസ്ഥകൾക്കനുസൃതമായി മാത്രമേ അനുപാതം നിർണയിക്കാനാകൂ.
അധ്യാപക-വിദ്യാർഥി അനുപാതം സംബന്ധിച്ച് കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ ആറാം അധ്യായത്തിലെ ചട്ടം 23ലെ വ്യവസ്ഥകളും 23ാം അധ്യായത്തിൽ സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ എണ്ണം നിശ്ചയിക്കുന്നതിനുള്ള വ്യവസ്ഥകളും 2009ലെ വിദ്യാഭ്യാസ അവകാശ നിയമ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും നിയമവകുപ്പ് സെക്രട്ടറി പി.കെ. അരവിന്ദബാബു രേഖപ്പെടുത്തിയ കുറിപ്പിൽ വ്യക്തമാക്കുന്നു.
വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമായിടത്തോളം കെ.ഇ.ആർ വ്യവസ്ഥകൾ നിലനിൽക്കില്ല. വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായേ അനുപാതം നിർണയിക്കാനാവൂ.
ബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് ധനവകുപ്പ് നിർദേശപ്രകാരം അധ്യാപക വിദ്യാർഥി അനുപാതത്തിൽ മാറ്റംവരുത്താൻ വിദ്യാഭ്യാസ വകുപ്പ് സമർപ്പിച്ച ശിപാർശ നടപ്പാക്കുന്നത് ഇതോടെ വെല്ലുവിളിയായി.
അനുപാതമാറ്റം നിലനിൽക്കില്ലെന്ന നിയമവകുപ്പിെൻറ അഭിപ്രായം പരിഗണിക്കാതെ കെ.ഇ.ആർ ഭേദഗതിയുമായി മുന്നോട്ടുപോയാൽ സർക്കാറിന് തിരിച്ചടിയുണ്ടാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പുതന്നെ വിലയിരുത്തുന്നത്.
നിലവിലെ അനുപാതം
ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ (എൽ.പി) 30 കുട്ടികൾക്ക് ഒരു അധ്യാപക തസ്തിക (ഡിവിഷൻ)യും ഒരു കുട്ടി വർധിച്ച് 31 ആയാൽ രണ്ടാമത്തെ തസ്തികയും സൃഷ്ടിക്കാം.
ആറ് മുതൽ എട്ട് വരെ ക്ലാസുകളിൽ (യു.പി) 35 കുട്ടികൾക്ക് ഒരു അധ്യാപക തസ്തികയും ഒരു കുട്ടി വർധിച്ച് 36 ആയാൽ രണ്ടാമത്തെ തസ്തികയും സൃഷ്ടിക്കാം. ഇതേ അനുപാതത്തിൽ തന്നെ തുടർന്നുള്ള തസ്തികകളും സൃഷ്ടിക്കാം.
ഭേദഗതി നിർദേശം
എൽ.പിയിൽ 1-35 കുട്ടികൾക്ക് ഒരു അധ്യാപകനും 36 -65 വരെ കുട്ടികൾക്ക് രണ്ടും 66 -95 വരെ കുട്ടികൾക്ക് മൂന്നും 96 -125 വരെ കുട്ടികൾക്ക് നാലും തസ്തിക (ഡിവിഷൻ) സൃഷ്ടിക്കാം.
യു.പിതലത്തിൽ 1-40 കുട്ടികൾക്ക് ഒന്നും 41-75 കുട്ടികൾക്ക് രണ്ടും 76-110 കുട്ടികൾക്ക് മൂന്നും 111 -145 കുട്ടികൾക്ക് നാലും തസ്തികകൾ സൃഷ്ടിക്കാം. ഇതിനായി കെ.ഇ.ആർ ഭേദഗതി ചെയ്യാനായിരുന്നു ശിപാർശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.