സാങ്കേതിക സർവകലാശാല ഓംബുഡ്സ്മാൻ : ഡോ.ധർമരാജ് അടാട്ടിന്റെ നിയമനം വിവാദത്തിൽ
text_fieldsതിരുവനന്തപുരം: ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ ഓംബുഡ്സ്മാനായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അധ്യക്ഷയായ സെർച്ച് കമ്മിറ്റി തയാറാക്കിയ പാനലിലില്ലാത്ത കാലടി സംസ്കൃതസർവകലാശാല മുൻ വി.സി ഡോ. ധർമരാജ് അടാട്ടിനെ ഗവർണറുടെ അനുമതി കൂടാതെ സിൻഡിക്കേറ്റ് നേരിട്ട് നിയമിച്ചത് വിവാദമാകുന്നു.
യൂനിവേഴ്സിറ്റി ട്രിബൂണലിനെ നിയമിക്കുന്നതിന് സമാനമായി ഗവർണർ തന്നെ ഓംബുഡ്സ്മാനെ നിയമിക്കണമെന്നും ധർമരാജ് അടാട്ടിന്റെ നിയമനം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഗവർണർക്ക് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി നിവേദനം നൽകിയെന്ന് ചെയർമാൻ ആർ.എസ് ശശികുമാറും എം. സെക്രട്ടറി ഷാജർഖാനും പ്രസ്താവനയിൽ അറിയിച്ചു.
മന്ത്രി എം.ബി.രാജേഷിന്റെ ഭാര്യക്ക് സംസ്കൃത സർവകലാശാലയിൽ റാങ്ക് പട്ടിക ശീർഷാസനം ചെയ്ത് അസി.പ്രഫസർ നിയമനം നൽകിയാതായി ആരോപിക്കപ്പെട്ട മുൻ വി.സിയെ, എഞ്ചിനീയങിങ് കോളജ് മുൻ പ്രിൻസിപ്പൽമാരേയും പ്രഫസർമാരേയും ഉൾപ്പെടുത്തി സർക്കാർ തയാറാക്കിയ സെർച്ച് കമ്മിറ്റിയുടെ പാനൽ തള്ളിക്കളഞ്ഞാണ് നിയമിച്ചത്. ഈ പാനലിൽ ധർമ്മരാജ് അടാട്ട് ഉൾപ്പെട്ടിരുന്നില്ല.
ഓംബുഡ്സ്മാനെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ച് സർക്കാർ പുറപ്പെടുവിച്ച വീജ്ഞാപനപ്രകാരം അപേക്ഷകരായ ഇരുപതോളം പേരിൽ നിന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അധ്യക്ഷയായ സെർച്ച് കമ്മിറ്റിയാണ് അർഹരായവരുടെ പാനൽ തയാറാക്കിയത്.
യു.ജു.സി യുടെയും എ.ഐ.സി.ടി.ഇ യുടെയും റെഗുലേഷൻ പ്രകാരം എല്ലാ യൂനിവേഴ്സിറ്റികളിലും വിദ്യാർഥികളുടെയും രക്ഷകർത്താ ക്കളുടെയും പരാതികൾക്ക് പരിഹാരംകണ്ടെത്താൻ ഓംബുഡ്സ്മാനെ നിയമിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. മൂന്നുവർഷമാണ് ഓംബുഡ്സ്മാന്റെ കാലാവധി. യൂനിവേഴ്സിറ്റിയിലേയും അഫിലിയേറ്റഡ് കോളജുകളിലേയും വിദ്യാർഥി പ്രവേശനം, അനധികൃത ഫീസ് പിരിവ്,
സ്കോളർഷിപ് വിതരണം,പരീക്ഷ നടത്തിപ്പ്, മൂല്യനിർണയത്തിലെ വീഴ്ച,സർട്ടിഫിക്കറ്റ് വിതരണത്തിലെ കാലതാമസം തുടങ്ങിയവയിലെ പരാതികളിൽ തീർപ്പ് കൽപ്പിക്കേണ്ട ചുമതലയാണ് ഓംബുഡ്സ്മാനുള്ളത്.
മുൻ വി.സി മാരെയോ പത്തുവർഷം സർവീസ് പൂർത്തിയാക്കിയ പ്രഫസർമാരെയോ ആണ് ഓംബുഡ്സ്മാനായി നിയമിക്കേണ്ടത്. ഓംബുഡ്സ്മാന്റെ ഓഫീസ്, വേതനം യാത്രാബത്ത, ജീവനക്കാർ തുടങ്ങിയവ അനു വദിക്കുന്ന കാര്യങ്ങളിൽ യൂണിവേഴ്സിറ്റിയാണ് തീരുമാനം എടുക്കേണ്ടത്. സംസ്ഥാനത്ത് കെ.ടി.യു ആണ് ആദ്യമായി ഓംബുഡ്സ്മാനെ നിയമിച്ചത്.
മന്ത്രി രാജേഷിന്റെ ഭാര്യയുടെ വിവാദമായ അസി.പ്രഫസർ നിയമനം കൂടാതെ, ഈയടുത്തയിടെ വ്യാജ അധ്യാപന പരിചയ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി ഗവൺമെൻറ് കോളജിൽ ഗസ്റ്റ് അധ്യാപികയായ എസ്.എഫ്.ഐ മുൻ വനിത നേതാവിന് പട്ടികജാതി വിദ്യാർഥിനിക്കുള്ള സംവരണ സീറ്റിൽ ചട്ടങ്ങൾ ലംഘിച്ച് ഗവേഷണത്തിന് പ്രവേശനം നൽകിയതും, ഉയർന്ന യോഗ്യതയുള്ളവരെ മറികടന്ന് അധ്യാപക നിയമങ്ങൾ നടത്തിയതും, ബി.എ പരീക്ഷ പാസാകാത്ത നിരവധി വിദ്യാർഥികൾക്ക് എം.എ ക്ക് പ്രവേശനം നൽകിയതും ഇദ്ദേഹം 'സംസ്കൃത'യിൽ വി.സി ആയിരുന്നപ്പോഴാണെന്ന് ആക്ഷേപമുണ്ട്.
ശാസ്ത്ര സാങ്കേതിക വിഷയവുമായി ബന്ധമില്ലാത്ത, സംസ്കൃത പ്രഫസറെ കെ.ടി.യു വിന്റെ ഓംബുഡ്‌സ്മാനായി നിയമിച്ചത് നീതിയുക്തമല്ലെന്നും, സർവകലാശാല അധികൃതർക്ക് എതിരായ പരാതികളിലും തീർപ്പ് കൽപ്പിക്കേണ്ട ഓംബുഡ്സ്മാനെ ഗവർണർ അറിയാതെ സിണ്ടിക്കേറ്റ് തന്നെ നിയമിച്ച നടപടി റദ്ദാക്കണമെന്നും, വിവാദങ്ങളിൽ പെടാത്ത ശാസ്ത്ര സാങ്കേതിക മേഖലയിലെ മുതിർന്ന അക്കാദമിഷ്യനെ ഓംബുഡ്സ്മാനായി നിയമിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.