പാഠപുസ്തക വിതരണം അവസാന ഘട്ടത്തിൽ; എത്തിയത് 11,47,197 പുസ്തകങ്ങൾ
text_fieldsകോട്ടയം: കാത്തിരിപ്പില്ല, ഇത്തവണ പ്രവേശനോത്സവം പുതുമണം മാറാത്ത പുസ്തകങ്ങൾക്കൊപ്പം. ജില്ലയിൽ പാഠപുസ്തകവിതരണം അവസാനഘട്ടത്തിലേക്ക്. 11,47,197 പുസ്തകങ്ങളാണ് ഇതുവരെ ജില്ലയിലെ പുസ്തകഹബ്ബിൽ എത്തിയിരിക്കുന്നത്. ഇതിൽ 8,27936 പുസ്തകങ്ങൾ വിതരണം ചെയ്തുകഴിഞ്ഞു. അവശേഷിക്കുന്നവ ഈമാസം 25നുള്ളിൽ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ പറഞ്ഞു.
ഒന്നുമുതൽ പത്ത് വരെയുള്ള ക്ലാസുകളിലേക്കായി ഇൻഡന്റ് പ്രകാരം ജില്ലയിലേക്ക് മൊത്തം ആവശ്യമുള്ളത് 14.19 ലക്ഷം പുസ്തകങ്ങളാണ്. ഒരോ വർഷവും പത്ത് ശതമാനം ഉയർത്തിയാണ് ഇൻഡന്റ് നൽകുന്നതെന്നതിനാൽ ഇത്രയും പുസ്തകങ്ങൾ ആവശ്യമായി വരില്ലെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വിലയിരുത്തൽ. 13 ലക്ഷത്തോളം പുസ്തകങ്ങളാണ് ആവശ്യമെന്ന് ഇവർ പറയുന്നു. ഇതിൽ 11,47,197 പുസ്തകങ്ങളാണ് ഇതുവരെ എത്തിയിരിക്കുന്നത്.
പുതുപ്പള്ളി സെന്റ് ജോർജ് എച്ച്.എസ്.എസിലാണ് ജില്ലയിലെ പുസ്തകഹബ്. ജില്ലയിലെ മുഴുവൻ സ്കൂളുകളിലേക്കും ആവശ്യമുള്ള പുസ്തകങ്ങൾ ഹബ്ബിലേക്ക് എത്തുന്നത്. ഇവിടെ എത്തിക്കുന്ന പുസ്തകങ്ങൾ തരംതിരിച്ച ശേഷം സ്കൂൾ സൊസൈറ്റികളിലേക്ക് കൈമാറും. ജില്ലയിൽ 252 സൊസൈറ്റികളാണുള്ളത്. നാലോ അഞ്ചോ സ്കൂളുകൾക്കായാണ് ഒരു സൊസൈറ്റി. ഈ സൊസൈറ്റികളിൽനിന്ന് നിന്ന് സമീപ സ്കൂളുകളിലേക്ക് പുസ്തകങ്ങൾ എത്തിക്കും. കുടുംബശ്രീക്കാണ് പുസ്തകവിതരണത്തിന്റെ ചുമതല. പുസ്തകഹബ്ബിൽ എത്തുന്ന പുസ്തകങ്ങൾ എണ്ണിത്തിട്ടപ്പെടുത്തിയശേഷം തരംതിരിച്ച്, ഒരോ സൈാസൈറ്റികളിലേക്കും ആവശ്യമായത് ഇവർ എത്തിക്കും. കുടുംബശ്രീ സജ്ജീകരിക്കുന്ന വാഹനങ്ങളിലാണ് വിതരണം.
ഇത്തവണ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് എന്നീ ക്ലാസുകളിലെ പുസ്തകൾ മാറിയിട്ടുണ്ട്. മാറിയ പുസ്തകങ്ങളെല്ലാം എത്തിയിട്ടുണ്ട്. സ്കൂൾ തുറക്കുന്നതിനുമുമ്പ് മുഴുവൻ വിദ്യാർഥികൾക്കും പുസ്തകം എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു. അഡ്മിഷൻ സമയത്തുതന്നെ വലിയൊരുശതമാനം വിദ്യാർഥികൾക്കും പുസ്തകങ്ങൾ നൽകികഴിഞ്ഞതായും ഇവർ പറഞ്ഞു. വൈകൽ ഒഴിവാക്കാൻ ലക്ഷ്യമിട്ട് ഇത്തവണ നേരത്തെതന്നെ അച്ചടി ആരംഭിച്ചിരുന്നു. ഒന്ന് മുതൽ ഏട്ടുവരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങൾ സൗജന്യമായിട്ടാണ് വിതരണം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.