പാഠപുസ്തകങ്ങൾ മുൻകൂട്ടി വിതരണത്തിനൊരുക്കി വിദ്യാഭ്യാസ വകുപ്പ്
text_fieldsപത്തനംതിട്ട: അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വിതരണത്തിന് തയാറായി. വിദ്യാഭ്യാസ വകുപ്പും വിതരണച്ചുമതലയുള്ള കുടുംബശ്രീ മിഷനും ഇതിനുള്ള അവസാന ഒരുക്കങ്ങളിലാണ്.
ഈ മാസംതന്നെ പാഠപുസ്തക വിതരണം തുടങ്ങാനുള്ള തകൃതിയായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഇതിനായി തിരുവല്ലയിലെ ഡി.ഡി ഓഫിസ് വളപ്പിലെ ജില്ല പാഠപുസ്തക ഡിപ്പോ വീണ്ടും തുറന്നു. കഴിഞ്ഞ വർഷത്തെ മൂന്നാംവാല്യം പാഠപുസ്തകങ്ങളുടെ വിതരണം ഡിസംബർ പകുതിയോടെ പൂർത്തിയാക്കിയിരുന്നു.
ഇവിടെനിന്ന് ഓരോ ക്ലാസുകളുടെയും എണ്ണത്തിനനുസരിച്ച് തരംതിരിച്ച് അഞ്ച് സ്കൂളുകൾ ചേർന്ന സൊസൈറ്റികളിൽ എത്തിക്കും. ഓരോ സ്കൂളുകളും അവരവർ ഉൾപ്പെട്ട സ്കൂൾ സൊസൈറ്റിയിൽനിന്ന് ആവശ്യമായ പുസ്തകങ്ങൾ ഏറ്റുവാങ്ങും. ക്വട്ടേഷൻ വിളിച്ചുറപ്പിക്കുന്ന അടച്ചുറപ്പുള്ള വാഹനങ്ങളിലാണ് ജില്ലയിലെ 123 സൊസൈറ്റികളിലും പുസ്തകങ്ങൾ എത്തിക്കുന്നത്.
പുസ്തകങ്ങൾ തരംതിരിക്കുന്നതും കുടുംബശ്രീ നിയോഗിക്കുന്ന മുൻപരിചയമുള്ള വനിതകളാണ്. മൂന്ന് ടേമിലേക്കുമുള്ള പുസ്തകങ്ങളുടെ കണക്കാണ് കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിക്ക് (കെ.ബി.പി.എസ്) നൽകിയിട്ടുള്ളത്. ഈ മാസാവസാനത്തോടെ ആദ്യവാല്യം പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തിയാക്കും.
മൂന്നാം തരംഗത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകൾ അടഞ്ഞുകിടക്കുമ്പോൾ തന്നെയാണ് അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ കൃത്യതയോടെ വിതരണം ചെയ്യാനൊരുങ്ങുന്നത്. സ്കൂൾ തുറന്ന് മാസങ്ങൾ കഴിയുമ്പോൾ പാഠപുസ്തകം വിതരണംചെയ്തിരുന്ന രീതി വിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ പഴങ്കഥയാക്കിയിരിക്കുകയാണ്.
ജില്ലയിലെ 11 ഉപജില്ലകളിൽനിന്ന് കുട്ടികൾക്കാവശ്യമായ പുസ്തകങ്ങളുടെ കണക്കുകൾ ഉപജില്ല ഓഫിസർമാർ പ്രിന്റിങ് ചുമതലയുള്ള കെ.ബി.പി.എസ് സോഫ്റ്റ്വെയർ വഴി ജനുവരിയിൽതന്നെ നൽകിയിരുന്നു.
ഒന്നാംക്ലാസ് മുതൽ പത്താംക്ലാസ് വരെയുള്ള കുട്ടികൾക്കായി മൂന്ന് വാല്യങ്ങളിലായി 11,98,654 പുസ്തകങ്ങളാണ് വേണ്ടത്. ഒന്നാം വാല്യത്തിനായി അച്ചടിച്ച 6,80,528 പുസ്തകങ്ങൾ ഫെബ്രുവരി 10നകം ജില്ലയിൽ എത്തിച്ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.