എഴുത്തിലെ ഇളമുറക്കാരിക്ക് സിവിൽ സർവിസിന്റെ തിളക്കം
text_fieldsആറ്റിങ്ങൽ: ആദ്യ പരിശ്രമത്തിൽതന്നെ സിവിൽ സർവിസിൽ ലക്ഷ്യം നേടി കസ്തൂരി ഷാ. ചിറയിൻകീഴ് കൂന്തള്ളൂർ ഉടയൻ പറമ്പിൽ റിട്ട.ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എം.എം. ഷാഫിയുടെയും കൊല്ലം ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളജ് ബോട്ടണി അധ്യാപിക ഡോ.എം.ജെ. ഷീബയുടെയും മകൾ കസ്തൂരിഷായാണ് സിവിൽ സർവിസിൽ 68ാം റാങ്ക് നേടി അഭിമാനമായത്.
കസ്തൂരിക്ക് സിവിൽ സർവിസ് കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു. ബിരുദം പൂർത്തിയാക്കിയതിനു ശേഷം സിവിൽ സർവിസ് മാത്രം ലക്ഷ്യമിട്ട് പരിശീലനം ആരംഭിച്ചു. ആദ്യ പരിശ്രമത്തിൽതന്നെ മികച്ച റാങ്കോടെ ലക്ഷ്യത്തിലെത്തി. കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്കൂളിലാണ് പ്രൈമറി മുതൽ ഹൈസ്കൂൾ വരെ പൂർത്തിയാക്കിയത്. വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിൽ ഹയർസെക്കൻഡറി. ഹ്യൂമാനിറ്റീസിൽ ഒന്നാം റാങ്കോടെയാണ് പാസായത്.
മാർഇവാനിയോസ് കോളജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദത്തിന് ചേർന്ന കസ്തൂരിക്ക് കേരള സർവകലാശാലയിൽനിന്ന് ഒന്നാം റാങ്കും ലഭിച്ചു. തുടർന്ന് സിവിൽ സർവിസ് ലക്ഷ്യമിട്ട് തിരുവനന്തപുരം കുറവൻകോണത്തുള്ള ഐ.എ.എസ് അക്കാദമിയിൽ പരിശീലനത്തിന് ചേർന്നു.
കസ്തൂരി ഒരു സാഹിത്യകാരി കൂടിയാണ്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ 2013 ൽ ആദ്യ കവിതാ സമാഹാരം ആർട്ട് ഓഫ് മൈൻഡ് എസ്.ബി പബ്ലിക്കേഷൻ പുറത്തിറക്കി. പ്ലസ് ടുവിന് പഠിക്കവേ ‘ഇങ്കിഡ് പേജസ്’ എന്ന കഥാസമാഹാരം ലാൽ ബുക്സ് പ്രസിദ്ധീകരിച്ചു. 2021ൽ 36 ഷേഡ്സ് ഓഫ് റെഡ് എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു. നിലവിൽ യൂട്യൂബിൽ ഇംഗ്ലീഷ് സാഹിത്യവുമായി ബന്ധപ്പെട്ട ചാനലും നയിക്കുന്നുണ്ട്. ഏക സഹോദരൻ അക്ബർ ഷാ എൻജിനീയറിങ് വിദ്യാർഥി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.