കേന്ദ്രസർക്കാർ പുതിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് രൂപവത്കരിക്കുന്നു
text_fieldsതിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസനയത്തിന് അനുസൃതമായി കേന്ദ്രസർക്കാർ സ്കൂൾ വിദ്യാഭ്യാസത്തിെൻറ ചട്ടക്കൂടിൽ മാറ്റം വരുത്തുന്നതിനുള്ള നടപടികൾക്ക് തുടക്കംകുറിച്ചു. ഇതിനായി പുതിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (നാഷനൽ കരിക്കുലം ഫ്രെയിംവർക്ക് -എൻ.സി.എഫ്) രൂപം നൽകും.
എൻ.സി.എഫ് രൂപപ്പെടുത്തുന്നതിനായി സംസ്ഥാനങ്ങളുടെ നിർദേശങ്ങൾ അടുത്തമാസത്തിനകം സമർപ്പിക്കാൻ നിർദേശിച്ചു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാൽ വിളിച്ചുചേർത്ത സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാരുടെ യോഗത്തിലാണ് നിർദേശം നൽകിയത്. സ്കൂൾ പാഠ്യപദ്ധതിയിലും ബോധനരീതിയിലും സമൂലമാറ്റം ലക്ഷ്യംവെക്കുന്നതാണ് പുതിയ എൻ.സി.എഫ് എന്നാണ് നാഷനൽ കൗൺസിൽ ഫോർ എജുക്കേഷനൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി) പറയുന്നത്. സ്കൂൾ വിദ്യാഭ്യാസത്തിൽ നിലവിലുള്ള 10+2 ഘടനക്ക് പകരം പ്രീപ്രൈമറിതലം കൂടി സ്കൂൾ വിദ്യാഭ്യാസത്തിെൻറ ഭാഗമാക്കിയുള്ള 5+3+3+4 എന്ന ഘടനയാണ് ദേശീയ വിദ്യാഭ്യാസനയം മുന്നോട്ടുവെക്കുന്നത്.
സംസ്ഥാനങ്ങളുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും പുതിയ എൻ.സി.എഫിന് രൂപം നൽകുകയെന്ന് കേന്ദ്രമന്ത്രി വിളിച്ച യോഗത്തിൽ വ്യക്തമാക്കി. 1975, 1988, 2000, 2005 വർഷങ്ങളിലാണ് ഇതിന് മുമ്പ് എൻ.സി.എഫിന് രൂപം നൽകിയത്. എൻ.സി.എഫിന് അനുസൃതമായിട്ടായിരിക്കണം സംസ്ഥാനങ്ങളിൽ പാഠ്യപദ്ധതി തയാറാക്കേണ്ടത്. എൻ.സി.എഫിലേക്കുള്ള കേരളത്തിെൻറ നിർദേശങ്ങൾ തയാറാക്കാനായി എസ്.സി.ഇ.ആർ.ടിയെ ചുമതലപ്പെടുത്തും. യോഗത്തിൽ കേരളത്തെ പ്രതിനിധാനംചെയ്ത് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.