മലബാർ മേഖലയുടെ ഹയർ സെക്കൻഡറി പ്രതിസന്ധി വ്യക്തമാക്കി കമ്മിറ്റി റിപ്പോർട്ട്
text_fieldsകോഴിക്കോട്: മലബാർ മേഖലയിലെ ഹയർ സെക്കൻഡറി ബാച്ചുകളുടെ പിന്നാക്കാവസ്ഥ ശരിവെച്ച് പ്രഫ. വി. കാർത്തികേയൻ നായർ കമ്മിറ്റിയുടെ പ്രാഥമിക വിലയിരുത്തൽ. ഹയർസെക്കൻഡറി ബാച്ചുകൾ അനുവദിച്ചതിലെ അസന്തുലിതാവസ്ഥയെക്കുറിച്ച് പഠിക്കാനും പ്രായോഗികമായി പുനഃക്രമീകരണം നടത്തുന്നതിന്റെ സാധ്യതകൾ കണ്ടെത്തി ശിപാർശകൾ സമർപ്പിക്കാനുമാണ് സർക്കാർ കമ്മിറ്റിയെ നിയോഗിച്ചത്.
ശാസ്ത്രീയ വിലയിരുത്തലില്ലാതെ മുൻകാലങ്ങളിൽ ബാച്ചുകളനുവദിച്ചതാണ് ഈ അസന്തുലിതാവസ്ഥക്ക് കാരണമെന്നാണ് കമ്മിറ്റിയുടെ നിഗമനം. ഹയർ സെക്കൻഡറി ജോ. ഡയറക്ടറും മെമ്പർ സെക്രട്ടറിയുമായ ഡോ. സുരേഷ് കുമാർ, കോഴിക്കോട് ആർ.ഡി.ഡി ഡോ. പി.എം. അനിൽ, തിരുവനന്തപുരം ആർ.ഡി.ഡി വി.കെ. അശോക് കുമാർ, എസ്.ഐ.ഇ.ടി ഡയറക്ടർ ബി. അബുരാജ് എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
കൃത്യമായ പഠനമില്ലാതെ ബാച്ചുകൾ അനുവദിച്ചതിനാൽ തെക്കൻ കേരളത്തിലെ പല സ്കൂളുകളിലും കുട്ടികളില്ലാത്ത അവസ്ഥയുണ്ടായപ്പോൾ വടക്കൻ കേരളത്തിൽ നിരവധി സ്കൂളുകളിൽ കുട്ടികൾക്ക് പഠിക്കാൻ ബാച്ചുകളില്ലാതെയും വന്നു. ഹയർ സെക്കൻഡറി ഇല്ലാത്ത പഞ്ചായത്തുകളിൽ സ്കൂളുകൾതന്നെ അനുവദിച്ച് ബാച്ചുകൾ നൽകിയപ്പോൾ പലയിടത്തും മതിയായ കുട്ടികൾ പോലുമില്ലാതെയായി. എന്നാൽ, ഈ സ്കൂളുകളിൽ മുഴുവൻ അധ്യാപകരെയും നിയോഗിക്കേണ്ടിവന്നു.
അതേസമയം, മലബാർ മേഖലകളിൽ ബാച്ചുകൾ അനുവദിക്കുന്നതിനു പകരം അധിക സീറ്റുകൾ അനുവദിച്ചപ്പോൾ ക്ലാസ് മുറികൾ തിങ്ങിനിറയുകയും അധ്യാപകർ പോരാതെവരുകയും ചെയ്തു. ഈ പ്രശ്നം പരിഹരിക്കാൻ വിദ്യാർഥികൾ കുറവുള്ള സ്കൂളുകളിൽനിന്ന് അധ്യാപകരെ വിദ്യാർഥികൾ കൂടുതലുള്ള സ്കൂളുകളിലേക്ക് പുനർവിന്യസിക്കേണ്ടിവരുമെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തൽ.
പ്രീഡിഗ്രി നിർത്തലാക്കി ഹയർ സെക്കൻഡറി തുടങ്ങിയ സമയത്ത് വേണ്ടത്ര പഠനം നടത്താതെ കോളജുകൾക്ക് സമീപമുള്ള സ്കൂളുകൾക്കും മാനേജ്മെന്റുകൾക്കും ഹയർ സെക്കൻഡറി അനുവദിച്ചപ്പോൾ തുടങ്ങിയ അസന്തുലിതാവസ്ഥ ഇപ്പോഴും തുടരുന്നതായും കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. ഈ പ്രശ്നം അത്രയെളുപ്പം പരിഹരിക്കാൻ കഴിയില്ലെന്നാണ് നിഗമനം.മൂന്നു മേഖലകളായി തിരിച്ചാണ് കമ്മിറ്റി സിറ്റിങ് നടത്തിയത്. അധ്യാപക-വിദ്യാർഥി സംഘടനകളും തദ്ദേശ സ്വയംഭരണ സാരഥികളും മറ്റു നിരവധി മേഖലകളിലുള്ളവരും സിറ്റിങ്ങിൽ പങ്കെടുത്തിരുന്നു.
കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലായിരുന്നു സിറ്റിങ്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്നുള്ളവരുമായി കോഴിക്കോട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നുള്ളവരുമായി തിരുവനന്തപുരത്തും പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലുള്ളവരുമായി എറണാകുളത്തുമായിരുന്നു സിറ്റിങ്. കമ്മിറ്റി വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.