പാഠ്യപദ്ധതി ചട്ടക്കൂട് അന്തിമമായി അംഗീകരിച്ചിട്ടില്ല; ഇത് സംബന്ധിച്ച വാർത്തകൾ അവാസ്തവമെന്ന് വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം : പാഠ്യപദ്ധതി ചട്ടക്കൂട് അന്തിമമായി അംഗീകരിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച് വരുന്ന വാർത്തകൾ അവാസ്തവമാണെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കേരള സ്കൂൾ പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി നാല് പാഠ്യപദ്ധതി ചട്ടക്കൂടുകൾ ആണ് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ( എസ്.സി.ഇ.ആർ.ടി ) നേതൃത്വത്തിൽ തയാറാക്കുന്നത്. ഇതിൽ സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പാഠ്യപദ്ധതി ചട്ടക്കൂട് എന്ന രേഖയുടെ കരട് ആഗസ്റ്റ് നാലിന് നടന്ന പാഠ്യപദ്ധതി പരിഷ്കരണ കോർ കമ്മിറ്റി മുമ്പാകെ അവതരിപ്പിച്ചു.
നിലവിൽ ഈ രേഖ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ല. കോർ കമ്മിറ്റി അംഗങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിന് ഓഗസ്റ്റ് 15 വരെ സമയം അനുവദിച്ചിട്ടുണ്ടായിരുന്നു. കോർ കമ്മറ്റി അംഗങ്ങളുടെ അഭിപ്രായം കൂടി കൂട്ടിച്ചേർത്ത് വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക മേഖലയിലെ വിദഗ്ധർ, അധ്യാപക സംഘടന പ്രതിനിധികൾ, യുവജന സംഘടന പ്രതിനിധികൾ, വിദ്യാർഥി സംഘടന പ്രതികൾ, രക്ഷാകർത്താക്കൾ കുട്ടികൾ എന്നിവരെ ആകെ പങ്കെടുപ്പിച്ചു സംസ്ഥാനതല സെമിനാറിൽ ഈ രേഖ അവതരിപ്പിക്കും.
അതിന്മേൽ ക്രിയാത്മകമായ ചർച്ച നടത്തുകയും ചെയ്യും. ഈ ചർച്ചയുടെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതി ചട്ടക്കൂട് (സ്കൂൾ വിദ്യാഭ്യാസം) എന്ന രേഖപ്രസിദ്ധീകരിക്കും. അതിനാൽ നിലവിൽ കോർ കമ്മിറ്റി മുമ്പാകെ സമർപ്പിച്ചിട്ടുള്ള രേഖ സർക്കാർ നയമായി നിലവിൽ അംഗീകരിച്ചിട്ടില്ലെന്നതാണ് വസ്തുത. നിലവിൽ കരട് രേഖയെ കുറിച്ച് നടക്കുന്ന ചർച്ചകൾ പത്രവാർത്തകൾ എന്നിവ സർക്കാർ നയമായി വ്യാഖ്യാനിക്കേണ്ടതില്ല. ഇത്തരം വാർത്തകൾ പൊതുവിദ്യാഭ്യാസ രംഗത്ത് നടക്കുന്ന ഗുണപരമായ മാറ്റങ്ങളെ ദുർബലപ്പെടുത്താൻ മാത്രമെ സഹായിക്കുകയുള്ളൂവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.