നാലുവർഷ ബിരുദ പഠനം കോഴ്സ് ഘടന അടിമുടി മാറും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മുഴുവൻ സർവകലാശാലകളിലും കോളജുകളിലും അടുത്തവർഷം മൂന്നു വർഷ ബിരുദ കോഴ്സുകൾ നാലുവർഷ ഓണേഴ്സ് രീതിയിലേക്ക് മാറുന്നത് ഘടനയിൽ വൻ അഴിച്ചുപണിയോടെ. ഇതിനനുസൃതമായ പാഠ്യപദ്ധതി ചട്ടക്കൂടാണ് ഉന്നത വിദ്യാഭ്യാസ കരിക്കുലം കമ്മിറ്റി രൂപപ്പെടുത്തി സർവകലാശാലകൾക്ക് കൈമാറിയത്.
ബിരുദ പഠനത്തിന് ചേരുന്ന വിദ്യാർഥിക്ക് ഒരു വിഷയത്തിൽ മാത്രം ബിരുദം ലഭിക്കുന്ന രീതിക്കുപകരം പ്രധാന ഐച്ഛിക വിഷയത്തിൽ മേജർ ബിരുദവും തെരഞ്ഞെടുക്കുന്ന മറ്റ് വിഷയങ്ങളിൽ മൈനർ ബിരുദവും ലഭിക്കുന്ന രീതിയിലാണ് കോഴ്സിന്റെ ഘടനയിൽ മാറ്റം.
ഇതിനുപുറമെ, ഇരട്ട മേജർ (ഡബിൾ മെയിൻ) ബിരുദം, ഇന്റർ ഡിസിപ്ലിനറി മേജർ എന്നിങ്ങനെയുള്ള രീതിയിലും വിദ്യാർഥിക്കു തന്നെ കോഴ്സ് രൂപപ്പെടുത്തി ബിരുദ പഠനം പൂർത്തിയാക്കാൻ സൗകര്യമൊരുങ്ങും. പഠനത്തിനിടെ, നിശ്ചിത സമയം ഇടവേളയെടുക്കാനും തിരികെ വന്ന് കോഴ്സ് പൂർത്തിയാക്കാനും അവസരമുണ്ടാകും.
ഓണേഴ്സ് ബിരുദത്തിന് 177 ക്രെഡിറ്റ്; മൂന്നുവർഷത്തിന് 133
നാലുവർഷ ഓണേഴ്സ് ബിരുദം നേടാൻ ആർജിക്കേണ്ടത് 177 ക്രെഡിറ്റാണ്. മൂന്നുവർഷം പൂർത്തിയാക്കി പുറത്തുപോകാൻ (എക്സിറ്റ്) 133 ക്രെഡിറ്റും. 177 ക്രെഡിറ്റ് പൂർത്തിയാക്കുന്നവർക്ക് അവരുടെ വിഷയ മേഖലയിൽ ഓണേഴ്സ് ബിരുദം ലഭിക്കും. 133 ക്രെഡിറ്റ് പൂർത്തിയാക്കുന്നവർക്ക് നിലവിലുള്ള സാധാരണ ബിരുദവും ലഭിക്കും.
ഒരു ക്രെഡിറ്റ് ലഭിക്കാൻ വിദ്യാർഥി ഒരു സെമസ്റ്ററിൽ 15 മണിക്കൂർ ലെക്ചർ/ ട്യൂട്ടോറിയൽ ക്ലാസിൽ പങ്കെടുക്കുകയും 30 മണിക്കൂർ പഠനവുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ ചെയ്യുകയും വേണം. ക്ലാസ് റൂം പ്രവർത്തനങ്ങൾക്കുപുറമെ, വിദ്യാർഥികൾ പങ്കെടുക്കുന്ന കല, കായിക പ്രവർത്തനങ്ങൾ, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവക്കും ക്രെഡിറ്റ് ലഭിക്കും. ചുരുങ്ങിയത് 60 മണിക്കൂറെങ്കിലും ഒരു സെമസ്റ്ററിൽ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കാണ് ഒരു ക്രെഡിറ്റ് ലഭിക്കുക.
മേജർ, ഡബിൾ മേജർ, മൈനർ ബിരുദങ്ങൾ
വിദ്യാർഥികൾക്ക് അവരുടെ താൽപര്യപ്രകാരമുള്ള കോഴ്സുകൾ തെരഞ്ഞെടുക്കാമെന്നതാണ് പുതിയ സമ്പ്രദായത്തിന്റെ പ്രത്യേകത. ബിരുദ പഠനത്തിന് ഏത് ഐച്ഛിക വിഷയം തെരഞ്ഞെടുത്ത വിദ്യാർഥിയും ആദ്യ മൂന്ന് സെമസ്റ്ററുകളിൽ പ്രധാനമായും ഫൗണ്ടേഷൻ കോഴ്സുകളിലാണ് ഊന്നൽ നൽകേണ്ടത്.
ഈ സമയം ഭാഷാപരമായ കഴിവ് വർധിപ്പിക്കുന്ന കോഴ്സുകൾ, നൈപുണ്യ വികസന കോഴ്സുകൾ, മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ, വിഷയാധിഷ്ഠിത ഫൗണ്ടേഷൻ കോഴ്സുകൾ എന്നിവ പൂർത്തീകരിക്കണം.
ആദ്യ രണ്ട് സെമസ്റ്ററുകൾക്കു ശേഷം പ്രധാന ഐച്ഛിക വിഷയം (മേജർ), പുതിയ ഐച്ഛിക വിഷയം (മൈനർ) രീതിയിൽ തെരഞ്ഞെടുക്കാം. അടുത്ത മൂന്ന് സെമസ്റ്ററുകൾ പൂർണമായും മേജർ, മൈനർ വിഷയങ്ങളിൽ പ്രാവീണ്യം നേടാൻ വിനിയോഗിക്കണം. ഒരു വിഷയത്തിൽ മേജർ ലഭിക്കണമെങ്കിൽ ആകെ നേടിയ ക്രെഡിറ്റിൽ പകുതിയും ആ വിഷയ മേഖലയിൽനിന്നായിരിക്കണം.
മേജർ വിഷയത്തിന് നേടിയ ക്രെഡിറ്റിന്റെ പകുതിയോളം വേറെ ഏതെങ്കിലും വിഷയത്തിൽനിന്ന് ആർജിച്ചാൽ ആ വിഷയത്തിൽ ഒരു മൈനർ ബിരുദം കൂടി ലഭിക്കും. താൽപര്യമനുസരിച്ച് സിംഗിൾ മേജർ, ഇന്റർ ഡിസിപ്ലിനറി മേജർ, ഡബിൾ മേജർ, മേജർ വിത്ത് മൈനർ തുടങ്ങിയ രീതിയിൽ വിദ്യാർഥികൾക്കു തന്നെ ബിരുദം രൂപപ്പെടുത്തിയെടുക്കാൻ കഴിയുന്ന രീതിയിൽ വഴക്കമുള്ളതാണ് പുതിയ കരിക്കുലം ചട്ടക്കൂട്.
ഓൺലൈൻ, വിദൂര പഠനത്തിലൂടെയും ക്രെഡിറ്റ്
നിശ്ചിത ശതമാനം ക്രെഡിറ്റ് ഓൺലൈൻ രീതിയിലോ വിദൂര വിദ്യാഭ്യാസ പഠന രീതിയിലോ പൂർത്തീകരിക്കാനും അവസരമുണ്ടാകും. മധ്യവേനൽ അവധിക്കാലത്ത് ഫാസ്റ്റ് ട്രാക്ക് രീതിയിൽ കൂടുതൽ ക്രെഡിറ്റുകൾ നേടാനുള്ള സൗകര്യവും കരിക്കുലം മുന്നോട്ടുവെക്കുന്നു.
ഭാഷ പഠനത്തിലും മാറ്റം
ഭാഷ പഠനം നിലവിലെ സാഹിത്യപഠനമെന്ന നിലയിൽനിന്ന് മാറി ഭാഷ നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവ് വർധിപ്പിക്കുന്ന രീതിയിലേക്ക് പുനഃക്രമീകരിക്കും. ഭാഷ പ്രയോഗിക്കാനുള്ള ശേഷി, ആശയ വിനിമയ ശേഷി, എഴുതാനുള്ള ശേഷി തുടങ്ങിയവ വികസിപ്പിക്കുന്ന രീതിയിൽ കോഴ്സുകൾ ഉണ്ടാകണമെന്നും കരിക്കുലം നിർദേശിക്കുന്നു.
ക്രെഡിറ്റ് സൂക്ഷിക്കാം, കൈമാറ്റം ചെയ്യാം; പഠനത്തിന് ഇടവേളയും
വിദ്യാർഥികൾക്ക് വിവിധ രീതിയിൽ ക്രെഡിറ്റ് ശേഖരിക്കാൻ കഴിയുന്നതോടൊപ്പം മറ്റ് സർവകലാശാലകളുമായി ക്രെഡിറ്റ് കൈമാറ്റം ചെയ്യാനുള്ള അവസരവും ലഭിക്കും. മറ്റൊരു സർവകലാശാലയിലേക്ക് പഠനം മാറാൻ ആഗ്രഹിക്കുന്നവർക്ക് ഇത് സഹായകമാകും.
വിദ്യാർഥികൾ ആർജിച്ച ക്രെഡിറ്റ് സൂക്ഷിച്ചുവെച്ച് ഇടവേളയെടുത്ത് പുറത്തുപോകാനും നിശ്ചിത സമയത്തിനകം തിരിച്ചുവന്ന് ബാക്കി ക്രെഡിറ്റുകൾ കൂടി നേടി പഠനം പൂർത്തിയാക്കാനും അവസരവുമുണ്ടാകും. അധ്യാപകർക്ക് പ്രാവീണ്യമുള്ള വിഷയ മേഖലകളിൽ സ്വന്തമായി കോഴ്സുകൾ രൂപപ്പെടുത്താനും അവ തെരഞ്ഞെടുത്ത് പഠിക്കാവുന്ന ഇലക്ടിവ് പേപ്പറുകളായി മറ്റ് സ്ഥാപനങ്ങളിലെ കുട്ടികൾക്കടക്കം നൽകാനും അവയുടെ പരീക്ഷയും മൂല്യനിർണയം നടത്താനുമുള്ള സാധ്യതയും പുതിയ കരിക്കുലം മുന്നോട്ടുവെക്കുന്നു.
ഇന്റേണൽ മാർക്ക് 40 ശതമാനം വരെ
കോഴ്സുകളുടെ ലെവൽ അനുസരിച്ച് 30 മുതൽ 40 ശതമാനം വരെ മാർക്ക് നിരന്തര മൂല്യനിർണയത്തിലൂടെയാകും (ഇന്റേണൽ മാർക്ക്). പ്രാക്ടിക്കൽ, പ്രൊജക്ട് പരീക്ഷയും മൂല്യനിർണയവും ബന്ധപ്പെട്ട കോളജുകൾ തന്നെ നടത്തണം. അവശേഷിക്കുന്ന 60 മുതൽ 70 ശതമാനം വരെയായിരിക്കും തിയറി പരീക്ഷക്ക് പരിഗണിക്കുക. നിലവിലെ ബിരുദ കോഴ്സുകളിൽ ഇത് 80:20 അനുപാതത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.