ഓപൺ സർവകലാശാലയുടെ പേരിൽ വിദൂരവിദ്യാഭ്യാസ കോഴ്സ് വീണ്ടും വിലക്കി സർക്കാർ
text_fieldsതിരുവനന്തപുരം: യു.ജി.സി അംഗീകാരം ലഭിക്കാത്ത ശ്രീനാരായണ ഗുരു ഓപൺ സർവകലാശാലയെ മുന്നിൽ നിർത്തി സംസ്ഥാനത്തെ ഇതരസർവകലാശാലകളിൽ ഈ അധ്യയന വർഷം മുതൽ വിദൂരവിദ്യാഭ്യാസ, പ്രൈവറ്റ് രജിസ്ട്രേഷൻ കോഴ്സുകളിലേക്ക് വിദ്യാർഥി പ്രവേശനം വിലക്കി സർക്കാർ. ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ സർവകലാശാലകൾക്ക് സർക്കുലർ അയച്ചു. കേരള, കാലിക്കറ്റ് വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്ക് അഞ്ചു വർഷത്തേക്കുള്ള യു.ജി.സി അംഗീകാരം നിലനിൽക്കെയാണ് പുതിയ പ്രവേശനം സർക്കാർ വിലക്കിയത്. ഓപൺ സർവകലാശാലക്ക് യു.ജി.സിയുടെ ഡിസ്റ്റൻസ് എജുക്കേഷൻ ബ്യൂറോ(ഡി.ഇ.ബി)യിൽനിന്ന് 2022-'23 അധ്യയന വർഷം മുതൽ വിദൂരവിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ അനുമതി ലഭിച്ചില്ലെങ്കിൽ മാത്രമേ ഈ വർഷം മറ്റു സർവകലാശാലകൾക്ക് കോഴ്സുകൾ നടത്താൻ അനുമതി നൽകൂവെന്ന് സർക്കുലറിൽ പറയുന്നു. ഇതുസംബന്ധിച്ച് സർക്കാർ നിർദേശം വരുന്നതുവരെ വിദൂരവിദ്യാഭ്യാസ/ പ്രൈവറ്റ് രജിസ്ട്രേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കാൻ പാടില്ലെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.
ഓപൺ സർവകലാശാലക്കായി പാസാക്കിയ ആക്ടിലെ വ്യവസ്ഥയുടെ ബലത്തിലാണ് ഇതരസർവകലാശാലകളിലെ കോഴ്സുകൾ വിലക്കുന്നത്. ഓപൺ സർവകലാശാല നിലവിൽവരുന്നതോടെ ഇതരസർവകലാശാലകളിൽ വിദൂര/ പ്രൈവറ്റ് രജിസ്ട്രേഷൻ കോഴ്സുകൾ നടത്തരുതെന്ന ആക്ട് വ്യവസ്ഥക്കെതിരെ നേരത്തേ വിമർശനമുയർന്നിരുന്നു. സർവകലാശാല നിലവിൽവന്ന് രണ്ടു വർഷത്തോടടുക്കുമ്പോഴും കോഴ്സുകൾക്ക് അംഗീകാരം ലഭിച്ചിട്ടില്ല. കഴിഞ്ഞ വർഷം ആക്ട് വ്യവസ്ഥയിൽ പ്രതിസന്ധി ഉടലെടുത്തതോടെ സർക്കാർ പ്രത്യേക വിജ്ഞാപനമിറക്കി മറ്റു സർവകലാശാലകൾക്ക് അനുമതി നൽകുകയായിരുന്നു. ഇതിനുപിന്നാലെ കേരള, കാലിക്കറ്റ് സർവകലാശാലകളുടെ വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്ക് യു.ജി.സി അഞ്ചു വർഷത്തേക്ക് ഒരുമിച്ച് അംഗീകാരം നൽകി. ഈ മാസം 21ന് പ്ലസ് വൺ ഫലം പ്രസിദ്ധീകരിക്കുകയും പിന്നാലെ റെഗുലർ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം തുടങ്ങുകയും ചെയ്യും.
ഇതോടൊപ്പം വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്കും അപേക്ഷ ക്ഷണിക്കണം. പഠനക്കുറിപ്പുകൾ ഒരുക്കുന്നതിന് സർക്കാർ നിർദേശം സർവകലാശാലകൾക്ക് വിലങ്ങുതടിയായി.
വിദൂരവിദ്യാഭ്യാസത്തിനും പ്രൈവറ്റ് രജിസ്ട്രേഷനും ഇതരസർവകലാശാലകളിൽ വിലക്കേർപ്പെടുത്തിയത് മതിയായ ബിരുദപഠന സൗകര്യമില്ലാത്ത വടക്കൻ കേരളത്തിലെ വിദ്യാർഥികളെയാകും പ്രതിസന്ധിയിലാക്കുക. നിലവിൽ കേരള, കാലിക്കറ്റ് സർവകലാശാലകൾക്ക് വിദൂരവിദ്യാഭ്യാസ കോഴ്സിന് യു.ജി.സി അനുമതിയുണ്ട്. കണ്ണൂർ, എം.ജി സർവകലാശാലകളിൽ പ്രൈവറ്റ് രജിസ്ട്രേഷൻ തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.