എയ്ഡഡ് സ്കൂളുകൾ അനധികൃതമായി കൈവശം വെച്ച 10% പ്ലസ് വൺ സീറ്റുകൾ സർക്കാർ തിരിച്ചെടുക്കുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഒരുവിഭാഗം എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകൾ അനധികൃതമായി കൈവശംവെച്ച്, മാനേജ്മെന്‍റ് ക്വോട്ടയിൽ പ്രവേശനം നടത്തുന്ന പത്ത് ശതമാനം സീറ്റുകൾ സർക്കാർ തിരിച്ചെടുക്കുന്നു. മാനേജ്മെന്‍റ് ക്വോട്ടയിൽ അനുവദിച്ച 20 ശതമാനത്തിന് പുറമെ പ്രവേശനം നൽകുന്ന സീറ്റുകളാണ് തിരിച്ചെടുക്കാനും ഇവ ഏകജാലക പ്രവേശനത്തിലൂടെ മെറിറ്റ് അടിസ്ഥാനത്തിൽ നികത്താനും ധാരണയായത്.
ന്യൂനപക്ഷ/ പിന്നാക്ക വിഭാഗങ്ങൾ നടത്തുന്ന എയ്ഡഡ് സ്കൂളുകളിലെ 20 ശതമാനം സീറ്റുകൾ മാനേജ്മെന്‍റ് ക്വോട്ടയിലാണ്. ഇതിന് പുറമെ 20 ശതമാനം സീറ്റ് സ്കൂൾ നടത്തുന്ന മാനേജ്മെന്‍റ് പ്രതിനിധീകരിക്കുന്ന സമുദായത്തിലെ വിദ്യാർഥികൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നൽകാനുള്ള കമ്യൂണിറ്റി ക്വോട്ട സീറ്റുകളുമാണ്.
ഈ സ്കൂളുകളിൽ ഇതേ രീതിയിലാണ് പ്രവേശനം നടന്നുവരുന്നത്. എന്നാൽ, ന്യൂനപക്ഷ/ പിന്നാക്ക ഇതര മാനേജ്മെന്‍റ് സ്കൂളുകളിൽ 30 ശതമാനം സീറ്റുകളാണ് മാനേജ്മെന്‍റ് ക്വോട്ടയിൽ നികത്തിയിരുന്നത്. ഇത് സർക്കാർ ഉത്തരവിന് വിരുദ്ധമാണെന്ന് കണ്ടെത്തി കഴിഞ്ഞ വർഷം പത്ത് ശതമാനം സീറ്റുകൾ മാനേജ്മെന്‍റ് പ്രതിനിധീകരിക്കുന്ന സമുദായത്തിലെ കുട്ടികൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനത്തിന് മാറ്റിവെക്കാനും സർക്കാർ ഉത്തരവിട്ടിരുന്നു.
മുന്നാക്ക സമുദായ സംഘടനകൾ നടത്തുന്ന സ്കൂളുകൾ ഇതേ രീതിയിലേക്ക് പ്രവേശനം മാറ്റിയിരുന്നു.
എന്നാൽ, ഏതെങ്കിലും സമുദായത്തെ പ്രതിനിധീകരിക്കാത്തതും പ്രത്യേക ട്രസ്റ്റുകൾക്കോ സൊസൈറ്റികൾക്കോ കീഴിൽ പ്രവർത്തിക്കുന്നതുമായ സ്കൂൾ മാനേജ്മെൻറുകൾ ഉത്തരവിനെതിരെ ഹൈകോടതിയെ സമീപിക്കുകയും നടപ്പാക്കുന്നതിൽനിന്ന് ഇളവ് നേടുകയും ചെയ്തിരുന്നു. ഇതിലൂടെ 76 സ്കൂളുകൾ കഴിഞ്ഞ വർഷം 30 ശതമാനം സീറ്റുകൾ മാനേജ്മെന്‍റ് ക്വോട്ടയിൽ പ്രവേശനം നടത്തിയിരുന്നു. പല സ്കൂളുകളും വൻ തുക തലവരി വാങ്ങിയാണ് മാനേജ്മെന്‍റ് ക്വോട്ട സീറ്റിൽ പ്രവേശനം നടത്തുന്നത്. ഇത്തരം സ്കൂളുകളിലെ പത്ത് ശതമാനം സീറ്റുകളാണ് സർക്കാർ തിരിച്ചെടുത്ത് ഏകജാലക മെറിറ്റ് സീറ്റിൽ ലയിപ്പിക്കുന്നത്. ഇതിനനുസൃതമായ ഭേദഗതികളോടെയായിരിക്കും പ്രവേശന പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.