അറിവിന്റെ മഹാമേള കൊടിയിറങ്ങി
text_fieldsദുബൈ: വരും തലമുറയുടെ ഭാവി നിർണയിക്കുന്ന നെക്സ്റ്റ് ജനറേഷൻ കോഴ്സുകൾ പരിചയപ്പെടുത്തിയും കുട്ടികളുടെ ഭാവി സംബന്ധിച്ച് രക്ഷിതാക്കൾക്ക് കൃത്യമായ ദിശാബോധം നൽകുകയും ചെയ്ത് സന്ദർശകരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധ നേടിയ എജുകഫേക്ക് ദുബൈയിൽ ഉജ്ജ്വല സമാപനം. ബുധൻ, വ്യാഴം ദിവസങ്ങളിലായി ദുബൈ മുഹൈസിനയിലെ ഇത്തിസലാത്ത് അക്കാദമിയിൽ പ്രത്യേകം സജ്ജമാക്കിയ നഗരിയിലാണ് ‘ഗൾഫ് മാധ്യമം’ എജുകഫേ ഒമ്പതാം സീസൺ അരങ്ങേറിയത്. രണ്ടു ദിവസങ്ങളിലായി നടന്ന ഗൾഫിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ പ്രദർശന മേളയിൽ വിദ്യാർഥികളും രക്ഷിതാക്കളുമടക്കം 5000ത്തോളം പേർ പങ്കെടുത്തു.
ബുധനാഴ്ച നടന്ന ചടങ്ങിൽ ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസാണ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചത്. വിദ്യാഭ്യാസ-കരിയർ രംഗത്തെ വിവിധ തലങ്ങൾ പരിചയപ്പെടുത്തിയ മേളയിൽ രണ്ടു ദിവസവും വൻതിരക്കാണ് അനുഭവപ്പെട്ടത്. കേരളത്തിലെയും യു.എ.ഇയിലെയും ഉന്നത വിദ്യാഭ്യാസ മേഖലകളിലെ കോഴ്സുകൾ പരിചയപ്പെടുത്തുന്ന 50ലധികം സ്റ്റാളുകളും മേളയിൽ പങ്കാളികളായിരുന്നു. അതോടൊപ്പം പ്രമുഖ എഴുത്തുകാരിയും
മനഃശാസ്ത്ര വിദഗ്ധയുമായ ആരതി സി. രാജരത്നം, പ്രമുഖ ഡേറ്റ അനലിസ്റ്റ് മുഹമ്മദ് അൽഫാൻ, ഇക്വസ്ട്രിയൻ വേൾഡ് എൻഡ്യുറൻസ് ചാമ്പ്യൻഷിപ് ജേതാവ് നിദ അൻജും, പ്രമുഖ എഴുത്തുകാരനും പ്രചോദിത പ്രഭാഷകനുമായ ലിജീഷ് കുമാർ, ഡോ. അനന്തു, മിഷാൽ ഹംസ എന്നിവരടക്കം പ്രമുഖർ അവതരിപ്പിച്ച വിജ്ഞാനപ്രദമായ വിവിധ സെഷനുകൾ സന്ദർശകർക്കും വിദ്യാർഥികൾക്കും പുതിയ അനുഭവം സമ്മാനിക്കുന്നവയും വിദ്യാഭ്യാസരംഗത്തെ സാധ്യതകൾ പരിചയപ്പെടുത്തുന്നവയുമായിരുന്നു. മോട്ടിവേഷനൽ ഹിപ്നോട്ടിസ്റ്റ് മജീഷ്യൻ മാജിക് ലിയോയുടെ മായാജാല പ്രകടനവും അരങ്ങേറി.
യു.എ.ഇയിലെ വിവിധ സ്കൂളുകളിൽനിന്നെത്തിയ മിടുക്കരായ വിദ്യാർഥികളെ പങ്കെടുപ്പിച്ച് നടന്ന ടോപേഴ്സ് ടോക്കിന് വിദ്യാർഥികളിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം ഇന്നവേഷൻ പുരസ്കാരത്തിനായി നടന്ന മത്സരത്തിൽ യു.എ.ഇയിലെ പ്രമുഖ സ്കൂളുകളാണ് മാറ്റുരച്ചത്. കുട്ടികൾക്ക് മികച്ച ആശയങ്ങൾ അവതരിപ്പിക്കാനുള്ള മികച്ച വേദി കൂടിയായിരുന്നു അത്. മത്സരത്തിൽ മികച്ചതും നൂതനവുമായ ആശയങ്ങൾ അവതരിപ്പിച്ച വിജയികൾക്ക് പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.