പുതിയ അധ്യയനവർഷം ജൂൺ ഒന്നിനുതന്നെ തുടങ്ങിയേക്കും
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനം കാരണം അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ സ്കൂളുകളിലെ വിദ്യാർഥികൾക്ക് ജൂൺ ഒന്നിന് തന്നെ വിക്േടഴ്സ് ചാനൽ വഴി പുതിയ അധ്യയനവർഷം ആരംഭിക്കാൻ ധാരണ. ഇതുസംബന്ധിച്ച് കൈറ്റ് സമർപ്പിച്ച ശിപാർശകൾ കൂടി പരിഗണിച്ചായിരിക്കും തുടർനടപടി.
പുതുതായി ചുമതലയേറ്റ പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ഡിജിറ്റൽ ക്ലാസുകളുടെ വിശദാംശങ്ങൾ തേടി. കഴിഞ്ഞവർഷത്തെ ഡിജിറ്റൽ/ ഒാൺലൈൻ ക്ലാസുകളുടെ ഫലപ്രാപ്തി വിലയിരുത്തണം.
ഡിജിറ്റൽ ക്ലാസുകളുടെ ഗുണഫലം ലഭിക്കാത്ത വിദ്യാർഥികളുണ്ടെങ്കിൽ കണ്ടെത്തി പരിഹാര നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി നിർദേശം നൽകി. ജൂൺ ഒന്നിന് തന്നെ വിക്ടേഴ്സ് ചാനൽ വഴി ക്ലാസുകൾ സംപ്രേഷണം ചെയ്യാൻ കൈറ്റ് ഒരുക്കം ആരംഭിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒാൺലൈൻ/ ഡിജിറ്റൽ ക്ലാസുകൾ തുടരുക മാത്രമേ നിർവാഹമുള്ളൂവെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ പത്ത്, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് വിക്ടേഴ്സിലെ ക്ലാസിന് പുറമെ സ്കൂൾതലത്തിൽ ബന്ധപ്പെട്ട അധ്യാപകർ ഒാൺലൈൻ ക്ലാസ് നടത്തണമെന്ന നിർദേശവും കൈറ്റ് സർക്കാറിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ്, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, സമഗ്രശിക്ഷ കേരളം ഡയറക്ടർ ഡോ. എ.പി. കുട്ടികൃഷ്ണൻ തുടങ്ങിയവർ ചർച്ചയിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.