സംസ്ഥാനത്തിന് പുറത്ത് പ്രവേശനം നേടിയ പട്ടികജാതി വിദ്യാർഥികൾക്കും സ്കോളർഷിപ്പ് നൽകണമെന്ന് പ്രതിപക്ഷ നേതാവ്
text_fieldsതിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ പ്രവേശനം നേടിയ പട്ടികജാതി വിദ്യാർഥികൾക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ലഭ്യമാക്കുന്നത് സംബന്ധിച്ച് നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ പട്ടികജാതി വിദ്യാർഥികൾക്ക് പ്രവേശനത്തിന്റെ സ്വഭാവം പരിഗണിക്കാതെ സ്കോളർഷിപ്പിന് അർഹത നൽകുന്ന രീതിയിൽ ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാർ തയാറാകണമെന്ന് വി.ഡി സതീശൻ ആവശ്യപ്പെട്ടു.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഉന്നത പഠനത്തിനുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് പദ്ധതിയുടെ മാർഗനിർദേശങ്ങൾ 2018 ഏപ്രിൽ മാസത്തിൽ കേന്ദ്രസർക്കാർ ഭേദഗതി ചെയ്തു. ഇതനുസരിച്ച് ഇതര സംസ്ഥാനങ്ങളിൽ മാനേജ്മെന്റ് ക്വാട്ട, സ്പോട്ട് അഡ്മിഷൻ, എൻ.ആർ.ഐ ക്വാട്ട എന്നിവയിൽ അഡ്മിഷൻ നേടുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അർഹതയില്ലെന്ന് വ്യവസ്ഥ ചെയ്തിരുന്നു.
കേന്ദ്രസർക്കാരിന്റെ ഈ മാനദണ്ഡം അനുസരിച്ച് മെറിറ്റ് അഡ്മിഷൻ നേടുന്നവർക്ക് മാത്രമാണ് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അർഹതയുള്ളത്. എന്നാൽ, ഇതര സംസ്ഥാനങ്ങളിലെ മിക്ക സ്ഥാപനങ്ങളും സ്വന്തം നിലയിൽ പ്രവേശനം നൽകുകയും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം നൽകുകയും ചെയ്യുന്ന രീതിയാണ് പിന്തുടരുന്നത്. ഇത് നടപ്പിലാക്കുന്നത് പട്ടികജാതി വിദ്യാർഥികളുടെ ഉപരിപഠന സാധ്യതകളെ ദോഷകരമായി ബാധിക്കും.
അതിനാൽ 2020-21അക്കാദമിക വർഷം മുതൽ സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ നേടിയ പട്ടികജാതി വിദ്യാർഥികൾക്ക് പ്രവേശനത്തിന്റെ സ്വഭാവം പരിഗണിക്കാതെ സ്കോളർഷിപ്പിന് അർഹത നൽകുന്ന രീതിയിൽ ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാർ തയാറാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.