ഗ്രാമത്തിനായി സ്കൂൾ നിർമിച്ച് ഒരു ഒാറഞ്ച് വിൽപ്പനക്കാരൻ; തേടിയെത്തിയത് പത്മ പുരസ്കാരം
text_fieldsന്യൂഡൽഹി: 1977 മുതൽ മംഗളൂരുവിൽ ഓറഞ്ച് വിൽപ്പന നടത്തുന്നയാളാണ് ഹരേകാല ഹജ്ജാബ. സ്കൂളിൽ പോയിട്ടില്ല. അതിനാൽ തന്നെ എഴുതാനോ വായിക്കാനോ അറിയില്ല. ഒരിക്കൽ ഒാറഞ്ച് വിൽപ്പനക്കിടെ ഒരു വിദേശി ഹജ്ജാബയുടെ അടുത്തെത്തുകയും വില ചോദിക്കുകയും ചെയ്തു. എന്നാൽ വിദേശിയുമായി സംവദിക്കാൻ ഭാഷ അറിയാത്തതിനാൽ ഹജ്ജാബക്ക് ഒന്നും മറുപടി പറയാനായില്ല.
അക്ഷരാഭ്യാസം അറിയാത്തതിനാൽ ഹജ്ജാബക്ക് വിഷമം തോന്നി. താൻ വിദ്യാഭ്യാസം നേടുക എന്നതിനപ്പുറം കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം നൽകുകയെന്ന ചിന്തയായിരുന്നു ഹജ്ജാബയുടെ മനസിൽ. കന്നഡ മാത്രമാണ് ഹജ്ജാബക്ക് അറിയുന്നത്. വിദേശിയെ സഹായിക്കാൻ കഴിയാത്ത മാനസിക വിഷമത്തിൽനിന്ന് ഒരു സ്കൂൾ നിർമിക്കാനായിരുന്നു ഹജ്ജാബയുടെ പരിശ്രമം.
രണ്ടു പതിറ്റാണ്ടിനിപ്പുറം സ്കൂൾ നിർമിക്കുകയെന്ന സ്വപ്നം ഹജ്ജാബ സാക്ഷാത്കരിക്കുകയും ചെയ്തു. 2000ത്തിലായിരുന്നു സ്കൂളിന്റെ നിർമാണം. സഹായിച്ചത് അന്തരിച്ച മുൻ എം.എൽ.എ യു.ടി. ഫരീദും. 28 വിദ്യാർഥികളെവെച്ച് തുടങ്ങിയ സ്കൂളിൽ ഇപ്പോൾ 175 വിദ്യാർഥികൾ പഠിക്കുന്നു. 10ാം ക്ലാസ് വരെയായി ഉയർത്തുകയും ചെയ്തു.
66കാരന്‍റെ കഠിന പരിശ്രമത്തിന് രണ്ടാമത്തെ സിവിലിയൻ അവാർഡായ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. രാജ്യതലസ്ഥാനത്ത് നടന്ന ചടങ്ങിൽ തിങ്കളാഴ്ച ഹജ്ജാബ പത്മ പുരസ്കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദിൽനിന്ന് ഏറ്റുവാങ്ങി.
ഹജ്ജാബയുടെ പരിശ്രമത്തിന് നിരവധി സമ്മാനങ്ങൾ തുകയായും മറ്റും ലഭിച്ചിരുന്നു. സമ്മാനമായി ലഭിച്ച തുകകൊണ്ട് ഗ്രാമത്തിൽ കൂടുതൽ സ്കൂളുകൾ നിർമിക്കാനാണ് ഹജ്ജാബയുടെ തീരുമാനം.
'എന്‍റെ ഗ്രാമത്തിൽ കൂടുതൽ സ്കൂളുകളും കോളജുകളും നിർമിക്കുകയെന്നതാണ് എന്‍റെ ലക്ഷ്യം. നിരവധിപേർ ഇതിനായി പണം സംഭാവന നൽകി. ഈ പണം സ്വരുക്കൂട്ടി വെക്കുകയും ഭൂമി വാങ്ങുകയും സ്കൂളുകളും കോളജുകളും നിർമിക്കുകയും ചെയ്യും' -അടുത്ത ലക്ഷ്യത്തെക്കുറിച്ച് ഹജ്ജാബ പറഞ്ഞു.
തന്‍റെ ഗ്രാമത്തിൽ പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകൾ പഠിക്കാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർഥിക്കുന്നതായും ഹജ്ജാബ പറഞ്ഞു.
2020 ജനുവരിയിൽ കേന്ദ്രസർക്കാർ പത്മ അവാർഡുകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ കാരണം തിങ്കളാഴ്ചയായിരുന്നു അവാർഡ് ദാന ചടങ്ങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.