സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഭിന്നശേഷി വിദ്യാഭ്യാസ മേഖലയിലും നടപ്പാക്കി -മന്ത്രി ഡോ. ആര്. ബിന്ദു
text_fieldsകാട്ടൂർ: സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഭിന്നശേഷി വിദ്യാഭ്യാസ മേഖലയില്‍ക്കൂടി ഫലപ്രദമായി നടപ്പാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി ഡോ. ആര്. ബിന്ദു. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്ക് ക്ലാസ് റൂം അനുഭവങ്ങള്‍ സാധ്യമാക്കുന്നതിനുവേണ്ടി സമഗ്ര ശിക്ഷ കേരളം നടപ്പാക്കിയ വെര്‍ച്വല്‍ ക്ലാസ് റൂമിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സ്കൂളിലേക്ക് പോകാന്‍ ശാരീരിക ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്ക് വീട്ടില്‍ തന്നെ ഇരുന്ന് പഠിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഉറപ്പാക്കിക്കൊണ്ട് പഠനപ്രവര്‍ത്തനങ്ങളില്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. സാങ്കേതികവിദ്യയെ സാധ്യമാക്കിക്കൊണ്ട് വീട്ടില്‍ തന്നെ ഇരുന്നുകൊണ്ട് സ്കൂള്‍ അന്തരീക്ഷത്തില്‍ എന്നപോലെ പഠിക്കാനും അധ്യാപകരുമായി സംവദിക്കുന്നതിനും വെര്‍ച്വല്‍ ക്ലാസുകളിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കാട്ടൂര്‍ പഞ്ചായത്തിലെ തിയാത്തുപറമ്പില് വീട്ടില്‍ അജയന്റെയും ഷൈലജയുടെയും മകനായ ആറാം ക്ലാസില്‍ പഠിക്കുന്ന അജിത്തിനാണ് വെര്‍ച്ചല്‍ ക്ലാസ് റൂം സംവിധാനം മന്ത്രി പരിചയപ്പെടുത്തിയത്. ഇതിനായി ടാബും അനുബന്ധ സംവിധാനങ്ങളും ഒരിക്കിയിട്ടുണ്ട്. കരാഞ്ചിറ സെന്റ് ജോര്‍ജ് സി.യു.പി.എസ് സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും പൂര്‍ണ പിന്തുണയോടെ അജിത്തിനൊപ്പമുണ്ട്.
മന്ത്രി ഇരിങ്ങാലക്കുട മണ്ഡലത്തില്‍ നടപ്പാക്കുന്ന സസ്നേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാഷനല്‍ സര്‍വിസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ അജിത്തിന്റെ കുടുംബത്തിന് വീട് നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്കി. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കമറുദ്ദീന്, പഞ്ചായത്ത് അംഗം വിമല സുഗുണന്, പ്രധാനാധ്യാപിക സിസ്റ്റര്‍ അന്‍സ, എം.ആര്. സനോജ്, ഇരിങ്ങാലക്കുട ബി.ആര്.സി ബി.പി.സി കെ.ആര്. സത്യപാലന്, സ്പെഷല്‍ എജുക്കേറ്റര്‍ സിബി ജോര്‍ജ്, ക്ലസ്റ്റര്‍ കോഓഡിനേറ്റര്‍ രാജി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.