നാലുവർഷ ബിരുദ പരീക്ഷയിൽ തുടക്കത്തിലേ പ്രശ്നം; പഠനബോർഡ് ചെയർമാനിൽനിന്ന് വിശദീകരണം തേടി
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ തുടക്കത്തിൽ തന്നെ പരീക്ഷയിൽ സിലബസിന് പുറത്തുനിന്നുള്ള ചോദ്യങ്ങൾ വ്യാപകമായി വന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ പരീക്ഷാ കൺട്രോളർ പഠനബോർഡ് ചെയർമാനിൽനിന്ന് വിശദീകരണം തേടി.
ചരിത്രപഠനത്തിൽ സർവകലാശാല മറ്റ് വിദ്യാർഥികൾക്കായി മൈനറിൽ ലഭ്യമാക്കുന്ന ഇൻട്രഡക്ഷൻ ടു ഹിസ്റ്റോറിക്കൽ ടൂറിസം, എം.ഡി.സി വിഭാഗത്തിലുള്ള ഹിസ്റ്റോറിക്കൽ ടൂറിസം ഇൻ ഇന്ത്യ വിഷയങ്ങളിലുള്ള പരീക്ഷകളിലാണ് സിലബസിൽനിന്ന് പുറത്തുള്ള ചോദ്യങ്ങൾ വന്നത്. ഇൻട്രഡക്ഷൻ ടു ഹിസ്റ്റോറിക്കൽ ടൂറിസം പരീക്ഷയിൽ ഉപയോഗിച്ചവയിൽ സമാനമായ ചോദ്യങ്ങൾ വ്യാഴാഴ്ച നടന്ന എം.ഡി.സി പരീക്ഷക്കും ആവർത്തിച്ച് വന്നു. മൈനർ സിലബസ് പ്രകാരമുള്ള മറ്റൊരു പരീക്ഷ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു.
ഇതിലും പ്രധാനപ്പെട്ട ചോദ്യങ്ങളെല്ലാം സിലബസിന് പുറത്ത് നിന്നുള്ളവയായിരുന്നു. വ്യാഴാഴ്ച നടന്ന എം.ഡി.സി പരീക്ഷയും 95 ശതമാനം ചോദ്യങ്ങളും വന്നതും സിലബസിന് പുറത്തുനിന്ന്. ഇതെല്ലാമാണ് വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും പ്രതിഷേധമുയരാനിടയാക്കിയത്.
നാലു വർഷ ബിരുദ പദ്ധതി കാര്യമായ മുന്നൊരുക്കമില്ലാതെ ധിറുതിപിടിച്ച് നടപ്പാക്കുന്നത് പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന വിമർശനം നേരത്തെ തന്നെ ഉയർന്നിരുന്നു. പരീക്ഷയിലെ കൂട്ട കുഴപ്പം ഈ വിമർശനം ശരിവെയ്ക്കുന്നതാണെന്നാണ് ഒരു വിഭാഗം അധ്യാപകർ പറയുന്നത്.
ചുരുങ്ങിയ സമയ പരിധിക്കുള്ളിൽ കഷ്ടപ്പെട്ട് പഠിപ്പിച്ച പാഠഭാഗങ്ങളിൽനിന്ന് പരീക്ഷക്ക് ചോദ്യങ്ങൾ ഉൾപ്പെടുത്താതിരുന്നത് വലിയ വിമർശനവും പ്രതിഷേധവുമാണുയർത്തിയത്.
എം.ഡി.സി പരീക്ഷ റദ്ദാക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. എന്നാൽ പഠനബോർഡ് ചെയർമാനിൽനിന്ന് മറുപടി ലഭിച്ചശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് പരീക്ഷ കൺട്രോളർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.