അനിശ്ചിതത്വം നീങ്ങിയില്ല; കാലിക്കറ്റ് വിദൂര വിഭാഗത്തില്‍ വിദ്യാർഥി പ്രവേശനത്തിന് ഉടന്‍ വിജ്ഞാപനം
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ അനുവദനീയമായ കോഴ്‌സുകളില്‍ വിദ്യാർഥി പ്രവേശനത്തിന് അടുത്തയാഴ്ച വിജ്ഞാപനമിറങ്ങും. എം.എസ്സി മാത്തമാറ്റിക്സ്, എം.എ സംസ്കൃതം, ഫിലോസഫി, ഹിന്ദി, അറബിക്, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, ബി.എ പൊളിറ്റിക്സ്, അഫ്ദലുല്‍ ഉലമ കോഴ്സുകളിലാണ് പ്രവേശനം.
ഓപണ്‍ സര്‍വകലാശാലയിലേക്ക് കോഴ്സുകള്‍ മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് മറ്റു കോഴ്‌സുകള്‍ നടത്താന്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് അനുമതിയില്ല. എന്നാല്‍, ഓപണ്‍ സര്‍വകലാശാലക്ക് യു.ജി.സിയുടെ അംഗീകാരം ലഭിക്കാത്തതിനാലുള്ള അനിശ്ചിതത്വവുമുണ്ട്. മുമ്പ് നടത്തിയിരുന്ന കോഴ്‌സുകളെല്ലാം തുടര്‍ന്ന് നടത്താന്‍ സര്‍ക്കാര്‍ അനുമതിയുണ്ടായാല്‍ അവയിലും വിദ്യാർഥി പ്രവേശനം നടത്തുമെന്ന് വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ ചുമതലയുള്ള സിന്‍ഡിക്കേറ്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ യൂജിന്‍ മൊറോലി പറഞ്ഞു.
യു.ജി.സി അംഗീകാരം ലഭിക്കാത്തതിനാലും വിഷയത്തില്‍ വ്യക്തമായ തീരുമാനം ഉണ്ടാകാത്തതിനാലും ഒന്നര ലക്ഷത്തോളം വിദ്യാർഥികളുടെ തുടര്‍പഠനം പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് അനുമതിയുള്ള കോഴ്‌സുകളില്‍ കാലിക്കറ്റ് വിദ്യാർഥി പ്രവേശനം നടത്തുന്നത്. ഓപണ്‍ സര്‍വകലാശാലക്ക് സെപ്റ്റംബര്‍ 22ന് യു.ജി.സി അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ ഓപണ്‍ സര്‍വകലാശാലയില്‍ ഈ വര്‍ഷം കോഴ്‌സുകള്‍ ആരംഭിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനമുണ്ടായാല്‍ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമാകും. എന്നാല്‍, യു.ജി.സി അംഗീകാരത്തിനായി കാത്തിരിക്കുകയാണ് സര്‍ക്കാര്‍. യു.ജി.സി അംഗീകാരം ലഭിക്കാത്തതിനാല്‍ നിലവിലുള്ള എല്ലാ കോഴ്സുകളും വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍തന്നെ നടത്താന്‍ അനുമതി തേടി വിദ്യാർഥികള്‍ ഹൈകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. കേസില്‍ കോടതിവിധി നിര്‍ണായകമാകും.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാർഥികള്‍ ആശ്രയിക്കുന്ന കാലിക്കറ്റില്‍ പ്രതിവര്‍ഷം 50,000ത്തോളം വിദ്യാർഥികള്‍ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ എത്താറുണ്ട്. അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ പലരും കേരളത്തിന് പുറത്തുള്ള വിദൂര വിദ്യാഭ്യാസ വിഭാഗങ്ങളില്‍ ഇതിനകം പ്രവേശനം നേടിയിട്ടുണ്ട്. വിദൂര വിദ്യാഭ്യാസ വിഭാഗം സര്‍ട്ടിഫിക്കറ്റ് റെഗുലറിന് സമാനമാക്കാന്‍ യു.ജി.സി തീരുമാനിച്ചതിനാല്‍ കാലിക്കറ്റിലും ഇത്തവണ അനുമതിയുള്ള കോഴ്‌സുകളില്‍ കൂടുതല്‍ അപേക്ഷകരുണ്ടാകാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.