"കേരള'യിൽ 2638 ബിരുദ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു
text_fieldsതിരുവനന്തപുരം: കേരള സർവകലാശാലയിൽ ബിരുദ കോഴ്സുകളിൽ പ്രവേശന നടപടികൾ പൂർത്തിയായിട്ടും സർക്കാർ, എയ്ഡഡ് കോളജുകളിൽ ഉൾപ്പെടെ നൂറുകണക്കിന് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. സർവകലാശാലക്ക് കീഴിലെ 14 സർക്കാർ കോളജുകളിൽ 192 സീറ്റുകളും 39 എയ്ഡഡ് കോളജുകളിൽ 2446 സീറ്റുകളിലേക്കും കുട്ടികളില്ല.
സർവകലാശാല നേരിട്ട് നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിലും 60 സ്വാശ്രയ കോളജുകളിലും 50 ശതമാനം സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) അക്രഡിറ്റേഷനിൽ കേരള സർവകലാശാല ഉയർന്ന ഗ്രേഡായ എ പ്ലസ് പ്ലസ് നേടിയ ശേഷമുള്ള ആദ്യ ബിരുദ പ്രവേശനത്തിൽതന്നെ കുട്ടികൾ കുറയുകയായിരുന്നു.
കോവിഡ് പ്രതിസന്ധി കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കേരളത്തിലെ സർവകലാശാലകളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ വർധനയുണ്ടാക്കിയിരുന്നു. കോവിഡ് ഭീതി ഒഴിഞ്ഞതോടെ കേരളത്തിന് പുറത്തേക്കുള്ള ഒഴുക്ക് തുടർന്നതാണ് ഇത്തവണ വൻ തോതിൽ സീറ്റ് ഒഴിയാൻ കാരണമായതെന്നാണ് സൂചന. കേരളക്ക് പുറമെ എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലും സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായാണ് കണക്കുകൾ.
കേരളയിൽ മുൻ വർഷങ്ങളിൽ മൂന്ന് അലോട്ട്മെന്റും ഒരു സ്പോട്ട് അഡ്മിഷനും നടത്തിക്കഴിയുമ്പോൾ പ്രവേശനം പൂർണമാകാറുണ്ടായിരുന്നെങ്കിൽ ഇപ്പോൾ നാല് അലോട്ട്മെന്റുകളും രണ്ട് സ്പോട്ട് അഡ്മിഷനും നടത്തി പ്രവേശനം അവസാനിപ്പിച്ച ദിവസത്തെ കണക്ക് പ്രകാരമാണ് നൂറുകണക്കിന് സീറ്റുകൾ ഒഴിവുള്ളത്. മെച്ചപ്പെട്ട മാർക്കുള്ള കുട്ടികൾ പ്രഫഷനൽ കോഴ്സുകൾക്കും ബിരുദ പഠനത്തിനുമായി ഇതര സംസ്ഥാനങ്ങളിലും വിദേശത്തും പോകുന്നു.
താരതമ്യേന മാർക്ക് കുറഞ്ഞ കുട്ടികൾ സയൻസ് വിഷയങ്ങൾ പഠിക്കാൻ താൽപര്യം കാണിക്കുന്നില്ല. അതിനാൽ മിക്ക എയ്ഡഡ് കോളജുകളിലും ബി.എസ്സി ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നീ ഡിമാന്ഡ് കൂടിയ കോഴ്സുകളിലാണ് കൂടുതൽ സീറ്റൊഴിവ്. സർക്കാർ പുതുതായി അനുവദിച്ച ന്യൂജനറേഷൻ കോഴ്സുകളോടും കുട്ടികൾ താൽപര്യം കാട്ടുന്നില്ല. കരാറടിസ്ഥാനത്തിലുള്ള അധ്യാപകരെ ഈ കോഴ്സുകൾക്ക് നിയോഗിക്കുന്നതും ജോലി സാധ്യതയെ കുറിച്ചുള്ള ആശങ്കയും കാരണമായി ചൂണ്ടിക്കാണിക്കുന്നു. യൂനിവേഴ്സിറ്റി നേരിട്ട് നടത്തുന്ന യു.ഐ.ടി സെന്ററുകളിൽ അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാത്തതും യോഗ്യതയുള്ള അധ്യാപകരെ നിയമിക്കാത്തതും പ്രവേശനം കുറയുന്നതിന് കാരണമായി.
ഇക്കാര്യങ്ങൾ സി.എ.ജി നിയമസഭക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. സ്വാശ്രയ കോളേജുകളിൽ ഉയർന്ന ഫീസ് നൽകി പഠിക്കാൻ കഴിവില്ലാത്ത വിദ്യാർഥികൾ സമാന്തര വിദ്യാഭ്യാസത്തെ ആശ്രയിക്കുന്നതുകൊണ്ട് സ്വാശ്രയ കോളജുകളിലെ മാനേജ്മെന്റ് സീറ്റുകളിൽ ഭൂരിഭാഗവും ഒഴിഞ്ഞുകിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.