ബി.എസ്സി നഴ്സിങ്ങിന് ഇത്തവണ പ്രവേശന പരീക്ഷയില്ല
text_fieldsതിരുവനന്തപുരം: ബി.എസ്സി നഴ്സിങ് പ്രവേശനത്തിന് ഇത്തവണ പ്രവേശന പരീക്ഷ നടത്തേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് തീരുമാനം. കഴിഞ്ഞ വർഷംവരെ തുടർന്ന രീതിയിൽ ഹയർസെക്കൻഡറി പരീക്ഷയിലെ മാർക്കടിസ്ഥാനത്തിൽ പ്രവേശന നടപടികൾ നടത്താൻ എൽ.ബി.എസിനെ ചുമതലപ്പെടുത്താനും തീരുമാനിച്ചു.
ഇതുസംബന്ധിച്ച് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് വിശദമായ മാർഗനിർദേശങ്ങൾ എൽ.ബി.എസിന് നൽകും. നേരത്തേ നഴ്സിങ് പ്രവേശനത്തിന് പ്രവേശന പരീക്ഷ ഏർപ്പെടുത്താൻ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ജൂൺ 15നകം പരീക്ഷ നടത്തി കൗൺസലിങ് നടപടികൾ പൂർത്തിയാക്കി ആഗസ്റ്റ് ഒന്നിന് ക്ലാസുകൾ തുടങ്ങണമെന്നായിരുന്നു നിർദേശം.
എന്നാൽ, നിർദേശത്തിന് നിർബന്ധ സ്വഭാവമില്ലാത്ത സാഹചര്യത്തിലും കേരളത്തിൽ പ്രവേശന പരീക്ഷ നടത്തുന്നത് നിശ്ചിത സമയത്തിനകം പ്രവേശന നടപടികൾ പൂർത്തിയാക്കുന്നതിന് തടസ്സമാകുമെന്നും കണ്ടാണ് ഈ വർഷം പ്രവേശന പരീക്ഷയില്ലാതെ കൗൺസലിങ് നടത്താൻ തീരുമാനിച്ചത്. അടുത്ത വർഷം മുതൽ പ്രവേശന പരീക്ഷ നടത്തുന്നത് പരിശോധിക്കും.
ഈ വർഷം പ്രവേശന പരീക്ഷ നടത്തുന്നതിന്റെ സാധ്യത ആരോഗ്യവകുപ്പ് പരിശോധിച്ചിരുന്നു. നിലവിൽ കൗൺസലിങ് നടപടികൾ നടത്തുന്ന എൽ.ബി.എസിനെ ഒഴിവാക്കി പ്രവേശന പരീക്ഷ കമീഷണറേറ്റിനെ ചുമതല ഏൽപിക്കണമെന്നായിരുന്നു മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.
എന്നാൽ, പരീക്ഷ നടത്തിപ്പിനും കൗൺസലിങ് നടപടികൾക്കുമുള്ള സന്നദ്ധത എൽ.ബി.എസ് ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ എൽ.ബി.എസിന്റെ പ്രധാന വരുമാനമാർഗങ്ങളിലൊന്നാണ് നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ.
ഇത് മാറ്റുന്നത് സ്ഥാപനത്തിന്റെ നിലനിൽപിനെതന്നെ ബാധിക്കുമെന്ന ആശങ്കയും ഉയർന്നിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് എൽ.ബി.എസിനെതന്നെ കൗൺസലിങ് നടപടികൾ ഏൽപിക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.