‘മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം വേണം’
text_fieldsകോഴിക്കോട്: മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണമെന്നും ഗവ, എയ്ഡഡ് മേഖലയിൽ പുതിയ ബാച്ചുകളും സ്കൂളുകളും അനുവദിക്കണമെന്ന് പ്രമുഖർ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പ്രസ്താവനയുടെ പൂർണരൂപം:
കഴിഞ്ഞ കുറെയധികം വർഷങ്ങളായി കാസർകോട് മുതൽ പാലക്കാട് വരെയുള്ള മലബാർ ജില്ലകളിൽ എസ്.എസ്.എൽ.സി വിജയിച്ച വിദ്യാർഥികളുടെ എണ്ണവും ലഭ്യമായ തുടർ പഠനാവസരങ്ങളുടെ എണ്ണവും തമ്മിലെ അന്തരം ഭീകരമായ തോതിൽ നിലനിൽക്കുന്നു. ഇപ്രകാരം തുടർപഠനാവസരങ്ങളില്ലാതെ ഈ വർഷം പുറത്തു നിർത്തപ്പെടുന്ന വിദ്യാർത്ഥികളുടെ എണ്ണം അരലക്ഷം കവിഞ്ഞിരിക്കുകയാണ്.
അതേസമയം തന്നെ തെക്കൻ കേരളത്തിലെ പല ജില്ലകളിലും പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന കാഴ്ചയും നാം കണ്ടുവരുന്നു. കേരളം മാറി ഭരിച്ച ഭരണകൂടങ്ങൾ ‘ഐക്യ കേരളത്തിൽ’നിന്ന് മലബാർ പ്രദേശത്തെ വ്യവസ്ഥാപിതമായി ഒഴിവാക്കിയതിെൻറ ബാക്കി പത്രം കൂടിയാണിത്. സ്കൂൾ വിദ്യാഭ്യാസമേഖലയിൽ മാത്രമല്ല; ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, പൊതുഗതാഗതം, റെയിൽവേ, ഭരണ വികേന്ദ്രീകരണ സംവിധാനം തുടങ്ങി നിരവധി മേഖലകളിൽ ഈ വിവേചനം നിലനിൽക്കുന്നുണ്ട്.
മലബാറിലെ വിദ്യാഭ്യാസ വിവേചന പ്രശ്നം ഉന്നയിക്കുന്ന സന്ദർഭങ്ങളിലെല്ലാം താൽക്കാലികമായ സീറ്റ് വർധനവെന്ന പരിഹാരമാണ് സംസ്ഥാന സർക്കാർ നടപ്പാക്കാറുള്ളത്. പ്രവേശന നടപടിക്രമങ്ങൾ അവസാനിച്ച ശേഷം തെക്കൻ കേരളത്തിലെ ബാക്കിവരുന്ന ബാച്ചുകൾ ക്രമീകരിക്കുന്ന താൽക്കാലിക നടപടികളും കഴിഞ്ഞ വർഷം നടപ്പാക്കിയിരുന്നു. ഇത് രണ്ടും സ്ഥായിയായതോ ശാസ്ത്രീയമോ ആയ പരിഹാരമല്ല.
സ്ഥിര പരിഹാരമെന്ന നിലയിൽ പുതിയ ഹയർ സെക്കൻഡറി ബാച്ചുകൾ സർക്കാർ പ്രഖ്യാപിക്കണം. ഹയർ സെക്കൻഡറിയായി അപ്ഗ്രേഡ് ചെയ്യാത്ത ഒട്ടനേകം ഹൈസ്‌കൂളുകൾ ഇപ്പോഴും മലബാർ ജില്ലകളിലുണ്ട്. അവ ഹയർ സെക്കൻഡറികളായി അപ്ഗ്രേഡ് ചെയ്യാൻ സർക്കാർ സന്നദ്ധമാകണം. പുറമെ, പൊതുവിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്ന ഒരു ഗവൺമെൻറ് എന്ന നിലയിൽ ഗവൺമെൻറ് - എയിഡഡ് മേഖലയിൽ പുതിയ ഹയർ സെക്കൻഡറി സ്‌കൂളുകൾ അനുവദിക്കുവാനും സംസ്ഥാന സർക്കാർ തയാറാകണം.
വിദ്യാഭ്യാസ മേഖലയിലെ അവസരസമത്വം നിഷേധിക്കുക വഴി വിദ്യാഭ്യാസ പ്രക്രിയയിൽനിന്ന് വിവിധ സാമൂഹിക ജനവിഭാഗങ്ങളെ പുറന്തള്ളുന്നത് അനീതിയാണ്. മെച്ചപ്പെട്ട സാമ്പത്തികാവസ്ഥയുള്ളവർ നിർബന്ധിതാവസ്ഥയിൽ അൺ - എയ്ഡഡ് / സ്കോൾ കേരള വഴി ഉപരിപഠനം സാധ്യമാക്കുമെങ്കിലും സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം പോയവർക്ക് പഠനാവസരം നിഷേധിക്കപ്പെടുന്നത് തുടർക്കഥയായി മാറും. ഇത്തരം വിവേചനങ്ങൾ ഇല്ലാതാക്കാൻ ഗവ / എയിഡഡ് മേഖലകളിൽ പുതിയ ബാച്ചുകളും സ്കൂളുകളും അനുവദിക്കാൻ തയാറാകണമെന്ന് ഞങ്ങൾ സർക്കാറിനോട് ആവശ്യപ്പെടുന്നു.
പ്രസ്താവനയിൽ ഒപ്പുവെച്ചവർ:
ഗ്രോ വാസു, ഹമീദ് വാണിയമ്പലം, കെ. അംബുജാക്ഷൻ, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, സജി കൊല്ലം, കെ.കെ. രമ, പി. മുജീബ് റഹ്മാൻ, കെ.കെ. ബാബുരാജ്, സി.കെ. അബ്ദുൽ അസീസ്, ഷംസീർ ഇബ്റാഹീം, ഡോ. നാരായണൻ എം. ശങ്കരൻ, അഡ്വ. വി.ആർ. അനൂപ്, ജബീന ഇർഷാദ്, ബാബുരാജ് ഭഗവതി, ഡോ. കെ. അഷ്റഫ്, ബിന്ദു അമ്മിണി, നഹാസ് മാള, അംബിക, ഡോ. കെ.എസ്. സുദീപ്, പ്രൊ. ജമീൽ അഹമ്മദ്, അഫീദ അഹമ്മദ്, സാദിഖ് മമ്പാട്, ഡോ. എ.കെ. വാസു, മൃദുല ഭവാനി, ജബ്ബാർ ഹുദവി ചുങ്കത്തറ, സ്വാലിഹ് കോട്ടപ്പള്ളി, ഫാസിൽ ആലുക്കൽ, അർശദ് താനൂർ, കെ. സന്തോഷ് കുമാർ, ഷിഹാബുദ്ദീൻ പള്ളിയാലിൽ, ശ്രുതീഷ് കണ്ണാടി, ജെയിൻസി ജോൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.