സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ചേർന്നവരെ മോപ്-അപ് റൗണ്ടിൽനിന്ന് പുറത്താക്കി
text_fieldsതിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിലും ഡെൻറൽ കോളജുകളിലും പ്രവേശനം നേടിയ വിദ്യാർഥികളെ മെഡിക്കൽ പ്രവേശനത്തിനുള്ള മോപ്-അപ് റൗണ്ടിൽനിന്ന് പുറത്താക്കി. സംസ്ഥാന ക്വോട്ടയിൽ രണ്ടാം റൗണ്ട് അലോട്ട്മെൻറ് വരെ പ്രവേശനം നേടിയ വിദ്യാർഥികളെ സർക്കാർ, സ്വാശ്രയ കോളജ് വ്യത്യാസമില്ലാതെ മോപ്-അപ് റൗണ്ടിൽനിന്ന് വിലക്കാനുള്ള ഹൈകോടതി ഉത്തരവിനെ തുടർന്നാണ് മെറിറ്റിൽ മുന്നിൽ നിൽക്കുന്ന വിദ്യാർഥികളെ കൗൺസലിങ്ങിെൻറ തുടർഘട്ടത്തിൽനിന്ന് പുറത്താക്കിയത്.
മോപ്-അപ് ഘട്ടത്തിലേക്ക് ഓപ്ഷൻ നൽകി കാത്തിരിക്കുന്ന നൂറുകണക്കിന് വിദ്യാർഥികൾക്ക് ഇത് തിരിച്ചടിയായി. പുറത്താക്കിയവരുടെ പട്ടിക പ്രവേശന പരീക്ഷ കമീഷണർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇവരെ ഒഴിവാക്കിയുള്ള താൽക്കാലിക മോപ് അലോട്ട്മെൻറ് ഉടൻ പ്രസിദ്ധീകരിക്കും. സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികളേക്കാൾ റാങ്കിൽ പിറകിൽ നിൽക്കുന്നവർക്ക് സർക്കാർ മെഡിക്കൽ കോളജുകളിൽ പ്രവേശനത്തിന് വഴിതുറക്കുന്നതാണ് പ്രസിദ്ധീകരിക്കുന്ന താൽക്കാലിക അലോട്ട്മെൻറ്. അലോട്ട്മെൻറ് സംബന്ധിച്ച് പരാതികൾ സമർപ്പിക്കാൻ വ്യാഴാഴ്ച ഉച്ചവരെ സമയം നൽകിയിട്ടുണ്ട്. ഇതുകൂടി പരിഗണിച്ച് അന്തിമ മോപ്-അപ് അലോട്ട്മെൻറ് വ്യാഴാഴ്ച രാത്രിയോടെ പ്രസിദ്ധീകരിക്കും.
സ്വാശ്രയ കോളജുകളിൽ ഉൾപ്പെടെ പ്രവേശനം നേടിയവരെ മോപ്-അപ് റൗണ്ടിൽനിന്ന് വിലക്കുന്നത് മെറിറ്റ് അട്ടിമറിക്ക് വഴിയൊരുക്കുമെന്ന് ബുധനാഴ്ച 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാന ക്വോട്ടയിൽ രണ്ടാം റൗണ്ടിൽ സ്വാശ്രയ മെഡിക്കൽ കോളജുകളിലും ഡെൻറൽ കോളജുകളിലും പ്രവേശനം നേടിയവരെ മെറിറ്റടിസ്ഥാനത്തിൽ മോപ്-അപ് റൗണ്ടിലൂടെ സർക്കാർ മെഡിക്കൽ കോളജുകളിലേക്ക് മാറുന്നതിന് വിലക്കിട്ട ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വിദ്യാർഥികൾ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മെഡിക്കൽ പ്രവേശനത്തിൽ മെറിറ്റ് അട്ടിമറിക്ക് വഴിയൊരുക്കുന്ന കോടതി ഉത്തരവിനെതിരെ സർക്കാർ തലത്തിൽ നടപടിയില്ലാത്തത് വിദ്യാർഥികളിലും രക്ഷിതാക്കളിലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
കേരള മെഡിക്കൽ റാങ്ക് പട്ടികയിൽ ആയിരം റാങ്കിന് താഴെ നിൽക്കുന്നവർ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ നിൽക്കുേമ്പാൾ 1300ന് മുകളിൽ റാങ്കുള്ളവർക്ക് സ്റ്റേറ്റ് മെറിറ്റിൽ സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശനത്തിന് വഴിയൊരുങ്ങുന്ന രീതിയിലാണ് മോപ്-അപ് റൗണ്ട് അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുന്നത്. മോപ്-അപ് ഘട്ടത്തിൽ സർക്കാർ മെഡിക്കൽ കോളജുകളിലേക്ക് മാറാൻ കഴിയുമെന്ന പ്രതീക്ഷയിൽ രണ്ടാം റൗണ്ടിൽ സ്വാശ്രയ മെഡിക്കൽ കോളജുകളിലും സർക്കാർ ഡെൻറൽ കോളജുകളിലും പ്രവേശനം നേടിയ ഒേട്ടറെ പേരാണ് കുരുക്കിലായത്.
സർക്കാർ മെഡിക്കൽ കോളജിൽ മാത്രം 50ഒാളം എം.ബി.ബി.എസ് സീറ്റുകളാണ് മോപ്-അപ് റൗണ്ടിലേക്ക് നീക്കിവെച്ചത്. ഇൗ സീറ്റുകളിലേക്കാണ് റാങ്കിൽ പിറകിൽ നിൽക്കുന്നവരെ പരിഗണിച്ച് മോപ്-അപ് അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.