പി.ജി മെഡി. വിദ്യാർഥികൾക്ക് മൂന്നു മാസം നിർബന്ധിത സേവനം
text_fieldsന്യൂഡൽഹി: പി.ജി മെഡിക്കൽ വിദ്യാർഥികൾക്ക് ജില്ല ആശുപ്രതികളിൽ മൂന്നുമാസത്തെ സേവനം നിർബന്ധമാക്കി കേന്ദ്ര സർക്കാർ.
ഈ അധ്യയന വർഷം മുതലാണ് മെഡിക്കൽ കോളജുകളിലേയും സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടുകളിലേയും പി.ജി (എം.ഡി / എം.എസ്) വിദ്യാർഥികൾക്ക് 'ഡിസ്ട്രിക്ട് റെസിഡൻസി പ്രോഗ്രാം' (ഡി.ആർ.പി) കൊണ്ടുവരുന്നത്. മൂന്ന് വർഷ പി.ജി കോഴ്സിൽ മൂന്ന്, നാല്, അഞ്ച് സെമസ്റ്ററുകളിലെ ഏതെങ്കിലും ഒന്നിലായിരിക്കും മൂന്നു മാസം സേവനം ചെയ്യേണ്ടി വരിക.
പരിശീലന സമയത്ത് വിദ്യാർഥികൾ ഡിസ്ട്രിക്ട് റെസിഡൻറ് എന്നറിയെപ്പടും. ബിരുദാനന്തര ബിരുദ വിദ്യാർഥികളെ പഠനത്തോടൊപ്പം സേവനവും എന്ന ഉദ്ദേശ്യത്തോടെ ജില്ല ആരോഗ്യ സംവിധാനത്തോട് കൂട്ടിച്ചേർക്കുക, ജില്ല തലത്തിൽ ദേശീയ ആരോഗ്യപദ്ധതികളുടെ ആസൂത്രണം നടപ്പാക്കുന്നതിനും മേൽനോട്ടം വഹിക്കലിനും ഫലങ്ങൾ വിലയിരുത്തുന്നതിനും പരിശീലനം നൽകുക, ദേശീയ ആരോഗ്യ മിഷെൻറ കീഴിലുള്ള വിവിധ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കുക തുടങ്ങിയവയാണ് ഡിസ്ട്രിക്ട് റെസിഡൻസി പ്രോഗ്രാം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് മൂന്ന് മാസത്തെ സേവനം നിർബന്ധമാക്കിയുള്ള ഗസറ്റ് നോട്ടിഫിക്കേഷനിൽ പറയുന്നു.
ജില്ല ആശുപത്രികളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതിനും പി.ജി. വിദ്യാർഥികൾക്ക് ജില്ല ആരോഗ്യ കേന്ദ്രങ്ങളുടെ സ്വഭാവം മനസ്സിലാക്കാൻ അവസരം നൽകുന്നതിനും ഭാവിയിൽ മെഡിക്കൽ കേളജുകളിൽ പി.ജി.സീറ്റിൽ വർധനവുണ്ടാകുന്നതിനും ഡി.ആർ.പി സഹായിക്കുമെന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ബോർഡ് ഓഫ് ഗവർണേഴ്സ് ചെയർമാൻ വി.കെ. പോൾ പറഞ്ഞു.
നിലവിൽ, ബിരുദാനന്തര മെഡിക്കൽ കോഴ്സിന് ആറ് മാസ ഗ്രാമീണ സേവനം നിർബന്ധമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.