ടൈംസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ് 2021; രാജ്യാന്തര തിളക്കത്തിൽ എം.ജി
text_fieldsകോട്ടയം: ലോകത്തിലെ മികച്ച സർവകലാശാലകളെ കണ്ടെത്തുന്നതിനുള്ള ടൈംസ് ഹയർ എജുക്കേഷെൻറ ലോക സർവകലാശാല റാങ്കിങ് 2021 ൽ ഇടംപിടിച്ച് മഹാത്മാഗാന്ധി സർവകലാശാല.
ഇന്ത്യയിൽനിന്ന് റാങ്കിങ്ങിൽ ഉൾപ്പെട്ട 63 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആദ്യ 800 റാങ്കിനുള്ളിൽ ഇടംപിടിച്ച ദക്ഷിണേന്ത്യയിലെ ഏക സർവകലാശാലയായി എം.ജി.
601-800 റാങ്ക് പട്ടികയിലാണ് വിവിധ ഐ.ഐ.ടികൾക്കും ഡൽഹി, ജാമിഅ മില്ലിയ, ജെ.എൻ.യു, ബനാറസ് ഹിന്ദു സർവകലാശാലകൾക്കൊപ്പം എം.ജിയും ഇടംപിടിച്ചത്. ഗവേഷണം, അധ്യാപനം, അറിവ് പങ്കുവെക്കൽ, രാജ്യാന്തര വീക്ഷണം, രാജ്യാന്തര നിലവാരം തുടങ്ങി 13 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്ക് പട്ടിക തയാറാക്കിയിട്ടുള്ളത്.
92 രാജ്യങ്ങളിൽനിന്നായി 1527 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയാണ് ടൈംസ് തയാറാക്കിയത്. കേരള സർവകലാശാലയും കുസാറ്റും 1000 പ്ലസ് റാങ്കിങ്ങിൽ ഇടംനേടി.
സർവകലാശാലയുടേത് അഭിമാനകരമായ നേട്ടമാണെന്നും സിൻഡിക്കേറ്റ്, അധ്യാപകർ, വിദ്യാർഥികൾ, ജീവനക്കാർ എന്നിവരുടെ കൂട്ടായ യത്നത്തിെൻറ ഫലമാണ് സർവകലാശാലയുടെ രാജ്യാന്തര നിലവാരത്തിലേക്കുള്ള വളർച്ചയെന്നും വൈസ് ചാൻസലർ പ്രഫ. സാബു തോമസ് പറഞ്ഞു.
രാജ്യത്തെ മികച്ച 10 വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി സർവകലാശാലയെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയവും ഓൾ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷനും നൂതനാശയങ്ങളും സംരംഭകത്വവും വളർത്തുന്ന രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ കണ്ടെത്തുന്നതിന് തയാറാക്കിയ ആദ്യ റാങ്കിങ്ങിൽ (അടൽ റാങ്കിങ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഓൺ ഇന്നൊവേഷൻ അച്ചീവ്മെൻറ്സ് -ARIIA) സർക്കാർ-സർക്കാർ എയ്ഡഡ് സർവകലാശാലകളുടെ ഗണത്തിൽ ആദ്യ 25 റാങ്കിനുള്ളിൽ എം.ജി ഇടംനേടിയിരുന്നു. റാങ്കിങ്ങിൽ ഇടംനേടിയ കേരളത്തിലെ ഏക സർവകലാശാലയായിരുന്നു എം.ജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.