വിദ്യാർഥികളെ അറിയാൻ: വേറിട്ട പരിശീലനവുമായി കോഴിക്കോട് ഡയറ്റ്
text_fieldsകോഴിക്കോട്: വിദ്യാർഥികൾക്ക് വീട്ടിലിരുന്നുള്ള പഠനത്തിന് പിന്തുണയും സഹായവും നൽകാൻ പദ്ധതിയുമായി കോഴിക്കോട് ഡയറ്റ്. കുട്ടികളുടെ മാനസിക വൈകാരികനിലയെക്കുറിച്ചും വീട്ടിലുള്ള പഠനത്തിന് സഹായം നൽകുന്നതിനെക്കുറിച്ചും രക്ഷിതാക്കളുമായി ചർച്ച ചെയ്യാൻ ഉടൻ ക്ലാസ് പി.ടി.എകൾ വിളിച്ചുചേർക്കും. ഇതുസംബന്ധിച്ച് പ്രിൻസിപ്പൽമാർക്കും ക്ലാസ് ചുമതലയുള്ള അധ്യാപകർക്കും പരിശീലനം പൂർത്തിയായി. എട്ട്, ഒമ്പത്, പത്ത്, പ്ലസ് ടു വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് പരിശീലനം. 'രക്ഷാകർതൃത്വം ഒരു കല' എന്ന പേരിലാണ് പദ്ധതിയുള്ളത്.
സംസ്ഥാനത്ത് തന്നെ ആദ്യമായാണ് പ്ലസ് ടു വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സഹായമാകുന്ന രീതിയിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. പ്ലസ് വൺ പരീക്ഷ കൂടി മുന്നിൽകണ്ടാണ് പ്ലസ് ടു വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് നിർദേശം നൽകാനൊരുങ്ങുന്നത്. കോഴിക്കോട് ഡയറ്റ് രക്ഷിതാക്കളിൽ സർവേ നടത്തിയിരുന്നു. വിദ്യാർഥികൾ വളരെ വൈകാരികമായി പ്രതികരിക്കുന്നതായും തർക്കുത്തരം പറയുന്നതായും യുക്തിരഹിതമായി പെരുമാറുന്നതായും രക്ഷിതാക്കൾ വെളിപ്പെടുത്തിയിരുന്നു. കൗമാരക്കാരായ കുട്ടികൾക്കുണ്ടാകുന്ന ശാരീകരികവും മാനസികവുമായുള്ള മാറ്റങ്ങളും ഓൺലൈൻ കാലത്തെ പഠനവുമെല്ലാം ഇതിന് കാരണമാണെന്നാണ് വിലയിരുത്തൽ. കുട്ടികൾക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാനും മാനസിക പിന്തുണ നൽകാനും രക്ഷിതാക്കൾക്ക് നിർദേശം നൽകും. കുട്ടികളുടെ പഠനരീതി തിരിച്ചറിഞ്ഞ് അനുയോജ്യമായ പിന്തുണ നൽകണമെന്നും ഡയറ്റ് രക്ഷിതാക്കളെ ഓർമിപ്പിക്കുന്നു.
ക്ലാസ് പി.ടി.എകൾ വിളിക്കുേമ്പാൾ രക്ഷിതാക്കളും അധ്യാപകരും പരസ്പരം പരിചയപ്പെടാനും ആശയവിനിമയം നടത്താനുമാകും. ഓൺലൈൻ പഠനരീതികളും വിലയിരുത്തും. വിക്ടേഴ്സ് ചാനലിലെ പഠനം രക്ഷിതാക്കൾ എങ്ങനെ വിലയിരുത്തണമെന്ന് പഠിപ്പിക്കും. രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകും.
ഡയറ്റ് പ്ലാനിങ് ആൻഡ് മാനേജ്മെൻറ് വിഭാഗത്തിെൻറ നേതൃത്വത്തിൽ നടന്ന പരിശീലനപരിപാടിയുടെ വിവിധ സെഷനുകളിൽ ഡോ. കെ.എസ്. വാസുദേവൻ, ഡോ. സി. ഭാമിനി, ടി.എൻ.കെ. നിഷ, ഡോ. സോഫിയ എന്നിവർ ക്ലാസെടുത്തു.
ഈ മാസം 30നകം ജില്ലയിലെ മുഴുവൻ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലും ക്ലാസധിഷ്ഠിത രക്ഷാകർതൃ പരിശീലനം പൂർത്തിയാക്കും. പത്താം ക്ലാസുകാർക്ക് വടകര വിദ്യാഭ്യാസ ജില്ലയിൽ ക്ലാസ് പി.ടി.എ വിളിച്ചുചേർത്തുതുടങ്ങി. അടുത്ത ആഴ്ചയോടെ പൂർത്തിയാവും. ജൂലൈ 31ഓടെ 8, 9 ക്ലാസുകളിലെ അധ്യാപകപരിശീലനം പൂർത്തിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.