ടൂറിസം പഠന കേന്ദ്രം പൂർത്തിയാകുന്നു; പുതിയ കോഴ്സുകൾ മുട്ടത്തേക്ക്
text_fieldsമുട്ടം: എം.ജി സർവകലാശാല മുട്ടം കാമ്പസിൽ ആരംഭിക്കുന്ന ടൂറിസം പഠന കേന്ദ്രത്തിന്റെ കെട്ടിട നിർമാണം അന്തിമഘട്ടത്തിൽ. വൈദ്യുതി, പ്ലംബിങ്, പെയിന്റിങ്, ചുറ്റുമതിൽ നിർമാണം തുടങ്ങിയ ജോലികളാണ് ശേഷിക്കുന്നത്. 10 കോടി ചെലവിൽ രണ്ട് നിലകളിലായി 40,000 ചതുരശ്രയടിയുള്ള കെട്ടിട സമുച്ചയമാണ് നിർമിക്കുന്നത്.
സർവകലാശാലക്ക് കീഴിലെ ടൂറിസമടക്കം പുതിയ കോഴ്സുകൾ മിക്കതും മുട്ടം കാമ്പസിൽ തുടങ്ങാനാണ് തീരുമാനം. മുട്ടം എൻജിനീയറിങ് കോളജ് കാമ്പസിന് സമീപമാണ് ടൂറിസം പഠന കേന്ദ്രവും.തൊടുപുഴ- പുളിയന്മല സംസ്ഥാനപാതയോട് ചേർന്ന് സർവകലാശാലക്ക് മുട്ടം കാമ്പസിൽ 25 ഏക്കറോളം സ്ഥലം സ്വന്തമായുണ്ട്. സർവകലാശാലയുടെ കീഴിൽ വിവിധ സ്ഥലങ്ങളിലായി 14 ടീച്ചിങ് കോഴ്സുകളാണുള്ളത്. ഇതിൽ പ്രധാനപ്പെട്ട പലതും അതിരമ്പുഴയിൽ സർവകലാശാല ആസ്ഥാനത്താണ്.
സ്‌കൂൾ ഓഫ് സോഷ്യൽ സയൻസ്, സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് തുടങ്ങിയ പുറത്തുള്ള കാമ്പസുകളിലും പ്രവർത്തിക്കുന്നുണ്ട്. മുട്ടത്ത് സജ്ജമാകുന്ന കേന്ദ്രത്തിൽ മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ്, മാസ്റ്റർ ഓഫ് ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്സ്, മാസ്റ്റർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് തുടങ്ങിയ കോഴ്സുകളാകും ഉണ്ടാവകുക.
സിനിമ-ടെലിവിഷൻ കോഴ്സുകൾക്കുള്ള ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ഹ്രസ്വകാല കോഴ്സുകൾക്കുള്ള ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസിന്‍റെ പ്രാദേശിക കേന്ദ്രം, പിഎച്ച്.ഡി, എം.ഫിൽ പ്രോഗ്രാംസ് എന്നീ പുതിയ കോഴ്സുകളും ഇവിടെ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.