ഇന്ത്യൻ യൂനിവേഴ്സിറ്റി കാമ്പസുകൾ സൗദിയിൽ കൊണ്ടുവരാൻ ശ്രമിക്കും -അംബാസഡർ
text_fieldsജിദ്ദ: വിദേശ യൂനിവേഴ്‌സിറ്റികൾക്ക് സൗദിയിൽ പ്രവർത്തിക്കാൻ ശൂറ കൗൺസിൽ അംഗീകാരം നൽകിയ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള വിവിധ യൂനിവേഴ്‌സിറ്റികളുടെ ഓഫ് കാമ്പസുകൾ വൈകാതെ സൗദിയിൽ ആരംഭിക്കുമെന്ന് അംബാസഡർ ഡോ. ഔസാഫ് സഈദ് അറിയിച്ചു. അതിനാവശ്യമായ മുഴുവൻ സഹായസഹകരണങ്ങളും ഇന്ത്യൻ എംബസിയും കോൺസുലേറ്റും നൽകുമെന്ന് അദ്ദേഹം ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഏതെങ്കിലും യൂനിവേഴ്‌സിറ്റികൾ തങ്ങളുടെ പരീക്ഷ സൗദിയിൽ വെച്ച് നടത്താൻ തയാറാണെങ്കിൽ അവർക്ക് വേണ്ടി എംബസിയും കോൺസുലേറ്റും പരീക്ഷകേന്ദ്രങ്ങളാക്കി ഒരു ഫീസുമില്ലാ പരീക്ഷ നടത്താൻ ഒരുക്കമാണെന്നും അംബാസഡർ പറഞ്ഞു. പ്ലസ് ടുവിന് ശേഷം ഉന്നത വിദ്യാഭ്യാസം തേടുന്ന മികച്ച 400 ഇന്ത്യൻ വിദ്യാർഥികൾക്ക് സൗദി അധികൃതർ സ്‌കോളർഷിപ്പ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. തുടക്കമെന്ന നിലക്ക് ഇത് സ്വാഗതാർഹമാണ്.
ഭാവിയിൽ കൂടുതൽ വിദ്യാർഥികൾക്ക് ഇതിെൻറ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ. സൗദിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ സ്‌കൂളുകളുടെ പ്രവർത്തനരീതി കുറ്റമറ്റതാക്കുന്നതിനും പഠനനിലവാരം മികച്ചതാക്കുന്നതിനുമായി സ്‌കൂളുകളെ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രീയ വിദ്യാലയവുമായി അഫിലിയേറ്റ് ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് മുന്നോടിയായി താൻ കേന്ദ്രീയ വിദ്യാലയ ചെയർമാനുമായി ചർച്ച നടത്തിയിരുന്നതായും തുടക്കത്തിൽ സൗദിയിലെ ഏതെങ്കിലും ഒരു സ്‌കൂൾ ഇതിനായി തെരഞ്ഞെടുക്കുമെന്നും പദ്ധതി വിജയിച്ചാൽ മുഴുവൻ സ്‌കൂളുകളും അത്തരത്തിലാക്കുമെന്നും അംബാസഡർ പറഞ്ഞു.
ഇന്ത്യൻ ടൂറിസത്തിെൻറ പ്രചാരണവുമായി ബന്ധപ്പെട്ട് ടൂറിസം മന്ത്രാലയത്തിെൻറയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂറിസം പ്രതിനിധി സംഘങ്ങളെല്ലാം സൗദി സന്ദർശിക്കുകയും വിവിധ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. സൗദിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ഇന്ത്യയിൽ നിന്നും മന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി 150 അംഗ പ്രതിനിധി സംഘം പങ്കെടുക്കും. ധനമന്ത്രി നിർമല സീതാരാമൻ ഇതിനോടകം നടന്ന സെമിനാറിൽ പങ്കെടുത്തു.
രണ്ടാഴ്ചക്കകം കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ, ഏപ്രിൽ മാസത്തിൽ മാനവ വിഭവശേഷി മന്ത്രി രമേശ് പൊക്രിയാൽ, ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർദ്ധൻ, ടൂറിസം വകുപ്പ് മന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ തുടങ്ങിയവർ റിയാദിലെത്തുന്നുണ്ട്. ഇതിന് മുന്നോടിയായി സൗദിയിലെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന കൂട്ടായ്മ പ്രതിനിധികളുമായി താൻ ചർച്ച നടത്തിയതായും അവരുടെ അഭിപ്രായങ്ങൾ ശേഖരിച്ചതായും അംബാസഡർ ഡോ. ഔസാഫ് സഈദ് അറിയിച്ചു.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന വാർത്താസമ്മേളനത്തിൽ കോൺസുൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ്, ഡി.സി.എം ഡോ. പ്രദീപ് സിങ് രാജ് പുരോഹിത്, സെക്കണ്ട് സെക്രട്ടറി ഡോ. സി. രാം ബാബു, ഹജ്ജ് കോൺസുൽ വൈ. സാബിർ, പ്രസ് കോൺസുൽ ഹംന മറിയം എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.