രണ്ട് എയ്ഡഡ് എൻജിനീയറിങ് കോളജുകൾ സ്വയംഭരണ പദവിയിലേക്ക്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി രണ്ട് എയ്ഡഡ് എൻജിനീയറിങ് കോളജുകൾ കൂടി സ്വയംഭരണ പദവിയിലേക്ക്. കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജും കോതമംഗലം മാർ അത്തനേഷ്യസ് (എം.എ) കോളജുമാണ് സ്വയംഭരണത്തിലേക്ക് മാറുന്നത്. ഇതിൽ ടി.കെ.എം എൻജിനീയറിങ് കോളജിന് സ്വയംഭരണ പദവിക്ക് യു.ജി.സി അംഗീകാരമായി.
അഫിലിയേറ്റിങ് സർവകലാശാലയായ എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല സ്വയംഭരണപദവി വിജ്ഞാപനം ചെയ്യുന്നതോടെ പ്രാബല്യത്തിൽവരും. 2022-'23 വർഷം മുതൽ 10 വർഷത്തേക്കാണ് ടി.കെ.എമ്മിന് പദവി നൽകിയത്. കോളജിന് സ്വയംഭരണ പദവി നൽകി വിജ്ഞാപനമിറക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിൽനിന്ന് സർവകലാശാലക്ക് കഴിഞ്ഞ ദിവസം നിർദേശം നൽകിയിട്ടുണ്ട്.
കോതമംഗലം മാർ അത്തനേഷ്യസ് കോളജിന് സ്വയംഭരണ പദവി നൽകുന്നതിന്‍റെ ഭാഗമായുള്ള യു.ജി.സി സംഘത്തിന്‍റെ സന്ദർശനം ഏതാനും ദിവസം മുമ്പ് പൂർത്തിയായിട്ടുണ്ട്.
സംഘം സമർപ്പിക്കുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ യു.ജി.സി കോളജിന് പദവി അനുവദിക്കും. തുടർന്ന് സർവകലാശാല വിജ്ഞാപനവും കൂടി പ്രസിദ്ധീകരിക്കണം. സംസ്ഥാനത്ത് എയ്ഡഡ് മേഖലയിലുള്ള മൂന്ന് എൻജിനീയറിങ് കോളജുകളിൽ രണ്ടെണ്ണവും ഇതോടെ സ്വയംഭരണ പദവിയിലേക്ക് മാറും. എയ്ഡഡ് മേഖലയിൽ അവശേഷിക്കുന്നത് പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളജാണ്.
സർക്കാർ എൻജിനീയറിങ് കോളജായ തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ് (സി.ഇ.ടി) സ്വയംഭരണ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. ഭരണപക്ഷ സർവിസ് സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ടെങ്കിലും നടപടികളുമായി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനം.
തുറക്കുന്നത് വിപുല അക്കാദമിക അധികാരം
പദവി ലഭിക്കുന്ന കോളജുകൾക്ക് സ്വന്തമായി പാഠ്യപദ്ധതി വികസിപ്പിക്കാനും പരീക്ഷ നടത്തിപ്പിനും അധികാരമുണ്ടായിരിക്കും. ബിരുദ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട സർവകലാശാലയാണ് നൽകേണ്ടത്. ഇതിനായി കോളജ് തലത്തിൽ ഗവേണിങ് കൗൺസിൽ, അക്കാദമിക് കൗൺസിൽ, ബോർഡ് ഓഫ് സ്റ്റഡീസ് സമിതികൾ നിലവിൽ വരും.
അസോസിയേറ്റ് പ്രഫസർ റാങ്കിൽ കുറയാത്ത അധ്യാപകനെ പരീക്ഷ കൺട്രോളറായി നിയമിക്കും. സ്വന്തം നിലക്ക് കോഴ്സുകൾ രൂപകൽപന ചെയ്ത് ആരംഭിക്കാനുമാകും. നിലവിൽ കേന്ദ്രീകൃത രീതിയിൽ നടത്തുന്ന വിദ്യാർഥി പ്രവേശനത്തിന് പകരം കോളജുകൾക്ക് സ്വന്തം നിലയിൽ അലോട്ട്മെന്‍റിനും അധികാരമുണ്ട്. ഭാവിയിൽ കൽപിത സർവകലാശാല പദവിയിലേക്ക് പരിഗണിക്കുന്നതിനും സ്വയംഭരണ പദവി വഴിതുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.