ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനായി അഞ്ച് സോണൽ കമ്മിറ്റികൾ രൂപീകരിച്ച് യു.ജി.സി
text_fieldsന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയം (NEP 2020) ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള റോഡ്‌മാപ്പ് വികസിപ്പിക്കുന്നതിന് സർവകലാശാലകളെ സഹായിക്കുന്നതിന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി) അഞ്ച് സോണൽ കമ്മിറ്റികൾ രൂപീകരിച്ചു. ഇവയിൽ വടക്ക്, വടക്കുകിഴക്കൻ, കിഴക്ക്, പടിഞ്ഞാറൻ, തെക്ക്, മധ്യ മേഖലകൾ ഉൾക്കൊള്ളുന്നു. കൂടാതെ കേന്ദ്ര, സംസ്ഥാന, സ്വകാര്യ സർവകലാശാലകളിൽ നിന്നുള്ള വൈസ് ചാൻസലർമാർ ഇതിലുൾപ്പെടുന്നു.
ഗുജറാത്തിലെ ബറോഡയിലെ മഹാരാജ് സയാജിറാവു യൂണിവേഴ്‌സിറ്റി ഒക്‌ടോബർ 26-ന് ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ആദ്യ സമ്മേളനം സംഘടിപ്പിക്കും. രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് സമ്മേളനം. അധ്യാപകർ, വിദ്യാർഥികൾ, ജീവനക്കാർ എന്നിവരുടെ ഉന്നമനത്തിനായി സർവകലാശാലകളും കോളേജുകളും കോൺഫറൻസിന്റെ തത്സമയ സ്ട്രീമിൽ ചേരണമെന്ന് യു.ജി.സി അഭ്യർത്ഥിച്ചു.
എൻ.ഇ.പി 2020 ന്റെ കാഴ്ചപ്പാട് നിറവേറ്റുന്നതിനും ആനുകൂല്യങ്ങൾ വലിയൊരു വിഭാഗത്തിൽ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിനുമാണ് സോണൽ കമ്മിറ്റികൾ രൂപീകരിക്കാനുള്ള തീരുമാനമെടുത്തത്. നിലവിലുള്ളതും ഭാവിയിലുള്ളതുമായ ആഗോള, ദേശീയ സാഹചര്യങ്ങളിൽ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ യുവാക്കളെ സജ്ജരാക്കുക എന്നതാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ലക്ഷ്യം. 2023 മെയ് മാസത്തിലാണ് യു.ജി.സി രാജ്യത്തെ വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ (FHEIs) പ്രവേശനവും പ്രവർത്തനവും നിയന്ത്രിക്കുന്നതിനുള്ള കരട് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.