വിദൂര വിദ്യാഭ്യാസ കോഴ്സുകൾ റഗുലറിന് തുല്യമാക്കി യു.ജി.സി
text_fieldsന്യൂഡൽഹി: അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് വിദൂര വിദ്യാഭ്യാസ, ഓൺലൈൻ സമ്പ്രദായത്തിൽ പഠിച്ചിറങ്ങുന്നവരുടെ ബിരുദവും ബിരുദാനന്തര ബിരുദവും പരമ്പരാഗത (റഗുലർ) ബിരുദങ്ങൾക്ക് തുല്യമാക്കി യു.ജി.സി (യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ).
വിദൂര വിദ്യാഭ്യാസ വിദ്യാർഥികൾക്ക് ആശ്വാസമേകുന്നതാണ് യു.ജി.സി തീരുമാനം. ഓപൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് പ്രോഗ്രാംസ് ആൻഡ് ഓൺലൈൻ പ്രോഗ്രാംസ് ചട്ടം 22 അനുസരിച്ചാണ് പുതിയ തീരുമാനമെന്ന് യു.ജി.സി സെക്രട്ടറി രാജ്നിഷ് ജെയ്ൻ അറിയിച്ചു. പലയിടത്തും വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്കും പരമ്പരാഗത കോഴ്സുകൾക്കുമുള്ള ബിരുദ സർട്ടിഫിക്കറ്റുകൾ വ്യത്യസ്തമായാണ് നൽകുന്നത്.
വിദൂര വിദ്യാഭ്യാസത്തിലൂടെയുള്ള ബിരുദമെന്ന് സർട്ടിഫിക്കറ്റുകളിൽ രേഖപ്പെടുത്തുന്നതും അല്ലാത്തതുമായ സർവകലാശാലകളുണ്ട്. ഈ സാഹചര്യത്തിലാണ് ബിരുദ, ബിരുദാനന്തര സർട്ടിഫിക്കറ്റുകൾക്ക് ഏകീകരണത്തിന് യു.ജി.സി തയാറായത്. വിദേശരാജ്യങ്ങളിൽ വിദൂര വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സ്ഥാനക്കയറ്റത്തിന് പരിഗണിക്കുന്നില്ലെന്ന പരാതിയുണ്ട്.
റഗുലർ ബിരുദമല്ലെങ്കിൽ ജോലിയിൽ തരം താഴ്ത്തുമെന്ന ഭീഷണിയും വിദേശ സർവകലാശാലകളിൽ നിന്ന് അധ്യാപകരും മറ്റും നേരിടുന്നുണ്ട്. യു.ജി.സിയുടെ പുതിയ തീരുമാനം സഹായകമാകണമെങ്കിൽ വിവിധ രാജ്യങ്ങളും ഇന്ത്യയും തമ്മിൽ സർക്കാർ തലത്തിൽ കരാർ വേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.