യു.ജി.സി-നെറ്റ് ജനുവരി ഒന്നുമുതൽ 19 വരെ
text_fields2024 ഡിസംബറിലെ കമ്പ്യൂട്ടർ അധിഷ്ഠിത യു.ജി.സി നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ജനുവരി ഒന്നുമുതൽ 19 വരെ നടത്തും. മാനവിക-സാമൂഹികശാസ്ത്ര ഭാഷകളടക്കം 85 വിഷയങ്ങളിലാണ് പരീക്ഷ. കമ്പ്യൂട്ടർ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ്, ഇലക്ട്രോണിക് സയൻസ്, എൻവയോൺമെന്റൽ സയൻസസ്, ഫോറൻസിക് സയൻസ്, ഹോം സയൻസ് മുതലായ ശാസ്ത്രവിഷയങ്ങളും ഇതിൽപെടും.
നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് പരീക്ഷ നടത്തുന്നത്. കേരളത്തിൽ 17 നഗരങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
യു.ജി.സി നെറ്റ് യോഗ്യത നേടുന്നവർക്ക് ഇന്ത്യയിലെ സർവകലാശാലകളിലും കോളജുകളിലും ജൂനിയർ റിസർച് ഫെലോഷിപ്പോടുകൂടി ഗവേഷണ പഠനത്തിനും പിഎച്ച്.ഡി പ്രവേശനത്തിനും അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് അപേക്ഷിക്കുന്നതിനും അർഹതയുണ്ടായിരിക്കും.
പരീക്ഷ: ടെസ്റ്റ് പേപ്പറിൽ രണ്ട് സെക്ഷനുകളുണ്ട്. ഒബ്ജക്ടിവ് മൾട്ടിപ്പിൾ ചോയിസ് മാതൃകയിലാണ് ചോദ്യങ്ങൾ. പേപ്പർ ഒന്ന് അധ്യാപന-ഗവേഷണ അഭിരുചി വിലയിരുത്തുന്ന തരത്തിലാണ്. റീസണിങ് എബിലിറ്റി, റീഡിങ് കോംപ്രിഹെൻഷൻ, പൊതുവിജ്ഞാനം അടക്കമുള്ള വിഷയങ്ങളിലും മറ്റുമായി 50 ചോദ്യങ്ങളുണ്ടാവും. പരമാവധി 100 മാർക്കിന്. രണ്ടാമത്തെ പേപ്പറിൽ തിരഞ്ഞെടുക്കപ്പെടുന്ന വിഷയത്തെ ആസ്പദമാക്കിയുള്ള അറിവ് പരിശോധിക്കുന്ന 100 ചോദ്യങ്ങൾ 200 മാർക്കിന്. മൂന്നുമണിക്കൂർ സമയം അനുവദിക്കും. ശരിയുത്തരത്തിന് രണ്ടുമാർക്ക്. ഉത്തരം തെറ്റിയാൽ നെഗറ്റിവ് മാർക്ക് ഉണ്ടാവില്ല. നെറ്റ് വിജ്ഞാപനവും വിവരണ പത്രികയും https://ugcnet.nta.ac.inൽനിന്ന് ഡൗൺലോഡ് ചെയ്യാം.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാതെ അംഗീകൃത മാസ്റ്റേഴ്സ് ബിരുദം. ഒ.ബി.സി നോൺ ക്രീമിലെയർ, എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/തേർഡ് ജൻഡർ വിഭാഗങ്ങളിൽപെടുന്നവർക്ക് 50 ശതമാനം മാർക്ക് മതി. അവസാനവർഷ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും ഫലം കാത്തിരിക്കുന്നവരെയും വ്യവസ്ഥകൾക്ക് വിധേയമായി പരിഗണിക്കും.
നാലുവർഷത്തെ ബാച്ചിലർ ബിരുദം മൊത്തം 75 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡിൽ (എസ്.സി/എസ്.ടി/ഒ.ബി.സി-എൻ.സി.എൽ/പി.ഡബ്ല്യു.ബി.ഡി/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് അഞ്ചുശതമാനം മാർക്കിളവുണ്ട്) പാസായവർക്കും അവസാന സെമസ്റ്റർ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി ജെ.ആർ.എഫിന് 30 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്.
രജിസ്ട്രേഷൻ ഫീസ് 1150 രൂപ. ഇ.ഡബ്ല്യു.എസ്/ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗങ്ങളിൽപെടുന്നവർക്ക് 600 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് 325 രൂപ. വെബ്സൈറ്റിൽ ഡിസംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. ഡിസംബർ 11 വരെ ഫീസടക്കാം. തെറ്റ് തിരുത്തുന്നതിന് 13 വരെ സൗകര്യം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.