യു.ജി.സി അംഗീകൃത വാഴ്സിറ്റികളുടെ ബിരുദങ്ങൾ അംഗീകരിക്കണമെന്ന് വിദഗ്ധസമിതി
text_fieldsതിരുവനന്തപുരം: യു.ജി.സി അംഗീകൃത സർവകലാശാലകളുടെയും ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളുടെയും ബിരുദങ്ങൾ മറ്റ് ഉപാധികളില്ലാതെ സംസ്ഥാനത്തെ സർവകലാശാലകൾ അംഗീകരിക്കണമെന്ന് ബിരുദങ്ങളുടെ തുല്യതയും അംഗീകാരവും സംബന്ധിച്ച് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ രൂപവത്കരിച്ച സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ ഉൾപ്പെടുന്ന സമിതിയുടെ ആദ്യയോഗത്തിൽ പൊതുധാരണയായി. ഇതിനായി യു.ജി.സിയുടെ മാർഗനിർദേശങ്ങളും അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂനിവേഴ്സിറ്റി അംഗത്വവും സർവകലാശാലകൾ പരിഗണിക്കണം. ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളായ ഐ.ഐ.ടികൾ, ഐസറുകൾ, എൻ.ഐ.ടികൾ എന്നിവയുടെ ബിരുദങ്ങൾക്ക് അംഗീകാരവും തുല്യതയും സർവകലാശാലകൾ നൽകണം.
സിലബസുകളുടെ തുല്യത സംബന്ധിച്ച് സംസ്ഥാനത്തെ സർവകലാശാലകൾ പിന്തുടരുന്ന വ്യത്യസ്ത മാനദണ്ഡങ്ങൾ കൂടുതൽ ചർച്ചക്ക് വിധേയമാക്കണം. കമ്മിറ്റിയുടെ തീരുമാനങ്ങൾ സർവകലാശാലകളുടെ വിവിധ സമിതികൾ പരിശോധിച്ച് അഭിപ്രായം കൗൺസിലിനെ അടുത്ത കമ്മിറ്റി യോഗത്തിനുമുമ്പ് അറിയിക്കും. ഇതിെൻറ അടിസ്ഥാനത്തിൽ തുടർ ചർച്ചകളിലൂടെ സംസ്ഥാനത്തെ എല്ലാ സർവകലാശാലകൾക്കും സ്വീകാര്യമായ തുല്യതയും അംഗീകാരവും സംബന്ധിച്ച് മാനദണ്ഡങ്ങൾ രൂപവത്കരിക്കാൻ തീരുമാനിച്ചു. വിദൂര വിദ്യാഭ്യാസത്തിലൂടെ നേടുന്ന ബിരുദങ്ങൾക്ക് ഇന്ദിര ഗാന്ധി നാഷനൽ ഒാപൺ യൂനിവേഴ്സിറ്റിയുടെ (ഇഗ്നോ) മാനദണ്ഡങ്ങൾക്കനുസരിച്ച് അംഗീകാരം നൽകാമെന്നും സമിതി നിർദേശിച്ചു.
അസോസിയേഷൻ ഓഫ് കോമൺവെൽത്ത് യൂനിവേഴ്സിറ്റീസിെൻറയും (എ.സി.യു) ഇൻറർനാഷനൽ അസോസിയേഷൻ ഓഫ് യൂനിവേഴ്സിറ്റീസിെൻറയും (െഎ.എ.യു) അംഗീകാരമുള്ള സ്ഥാപനങ്ങളുടെ പട്ടികയും സർവകലാശാലകൾ അംഗീകാരവും തുല്യതയും സംബന്ധിച്ച വിഷയങ്ങളിൽ പരിഗണിക്കണം. യോഗത്തിൽ കൗൺസിൽ വൈസ് ചെയർമാൻ പ്രഫ. രാജൻ ഗുരുക്കൾ, മെംബർ സെക്രട്ടറി ഡോ. രാജൻ വറുഗീസ്, വിവിധ സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. കെ.എച്ച്. ബാബുജാൻ (കേരള), പ്രഫ. അലക്സാണ്ടർ കെ. സാമുവൽ (കുസാറ്റ്), പ്രഫ.കെ.കെ. വിശ്വനാഥൻ (കാലടി), പ്രഫ. ടോമിച്ചൻ ജോസഫ് (എം.ജി), ഡോ. സി. അബ്ദുൽ മജീദ് (കാലിക്കറ്റ്), കേപ് ഡയറക്ടർ ഡോ. ആർ. ശശികുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.