സർവകലാശാലകൾക്കുള്ള ഭൂമിയുടെ മാനദണ്ഡം വെട്ടിക്കുറക്കാൻ യു.ജി.സി; വിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണ നീക്കമെന്ന് ആശങ്ക
text_fieldsന്യൂഡൽഹി: സർവകലാശാലകൾ പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനുള്ള ഭൂമിയുടെ ആവശ്യകത പുനഃർ നിർണയിച്ച് യു.ജി.സി പാനൽ.
ആറംഗ സമിതിയുടെ ഇതുസംബന്ധിച്ച റിപ്പോർട്ട് യു.ജി.സി പുറത്തുവിട്ടു. സർവകലാശാലകൾ സ്ഥാപിക്കുന്നതിനും പൊതു ഇടങ്ങൾ പങ്കിടുന്നതിനും 20 ഏക്കർ ഭൂമിയാണ് പാനൽ ശിപാർശ ചെയ്യുന്നത്. ഇതനുസരിച്ച് ഓപൺ യൂനിവേഴ്‌സിറ്റികളും ഓഫ് കാമ്പസുകളും കുറഞ്ഞത് അഞ്ച് ഏക്കർ സ്ഥലത്ത് നിർമിക്കാം. മഹാനഗരങ്ങളിലും മലയോര മേഖലകളിലും 3 ഏക്കർ തുറസ്സായ സ്ഥലമുള്ള 10 ഏക്കർ ഭൂമിയാണ് ആവശ്യം.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗണ്യമായ അളവിൽ ഭൂമി കൈവശം വെക്കുന്നുണ്ടെങ്കിലും, അതിന്റെ വളരെ കുറച്ച് മാത്രമേ യഥാർത്ഥത്തിൽ ഉപയോഗിക്കുന്നുള്ളൂ. ഉയർന്ന മാനദണ്ഡവും ഭൂമിയുടെ പരിമിതമായ ലഭ്യതയും ചേർന്ന് ഏതൊരു പ്രദേശത്തിന്റെയും വിദ്യാഭ്യാസ പുരോഗതിക്ക് ഒരു പ്രധാന തടസ്സം സൃഷ്ടിക്കുന്നു. കൂടുതൽ സർവകലാശാലകളുടെ വികസനം പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ ഭൂമിയുടെ ഏറ്റവും കുറഞ്ഞ ആവശ്യകത നിശ്ചയിക്കണം. നഗരങ്ങളുടെ വികാസം, ഭൂപ്രകൃതിയുടെ വൈവിധ്യം, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ച എന്നിവ കണക്കിലെടുത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിന് ആവശ്യമായ ഭൂമിയുടെ അളവ് യുക്തിസഹമാക്കേണ്ടത് ആവശ്യമാണ്. ഇത് കണക്കിലെടുത്താണ് പുതിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഭൂമിയുടെ ആവശ്യകത പുനഃർമൂല്യനിർണയം നടത്താനും യുക്തിസഹമാക്കാനും യു.ജി.സി തീരുമാനിച്ചതെന്ന് കമ്മിറ്റി പുറത്തുവിട്ടു.
എന്നാൽ, വിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണത്തിനും വാണിജ്യവൽക്കരണത്തിനുമുള്ള ഒരു കവാടമായാണ് ഈ നിർദേശങ്ങളെ അക്കാദമിക് വിദഗ്ധർ വിശേഷിപ്പിക്കുന്നത്. ചെറിയ ഭൂമിയിൽ സർവകലാശാലകൾ സ്ഥാപിക്കുന്നത് സ്വകാര്യ കമ്പനികളെ കടന്നുകയറാൻ അനുവദിക്കുമെന്നും ഇത് വിദ്യാഭ്യാസത്തിന്റെ കച്ചവടവൽക്കരണത്തിലേക്ക് നയിക്കുമെന്നും ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് യൂനിവേഴ്സിറ്റി ആൻഡ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി ജനറൽ അരുൺ കുമാർ പറഞ്ഞു.
ഒരു ഡിജിറ്റൽ സർവകലാശാല സ്ഥാപിക്കാനും സർക്കാറിന് പദ്ധതിയുണ്ട്. ഇതിലൂടെ ഗുണനിലവാരമില്ലാത്ത ഓൺലൈൻ വിദ്യാഭ്യാസ കോഴ്‌സുകളിൽ വിദ്യാർഥികളെ ചേർക്കാൻ അവർ ആഗ്രഹിക്കുന്നു. ഓൺലൈൻ വിദ്യാഭ്യാസം എന്നാൽ ഗുണനിലവാരത്തോടുള്ള വിട്ടുവീഴ്ചയാണെന്നും കുമാർ പറഞ്ഞു.
നിലവിൽ ഒരു കേന്ദ്രസർവകലാശാല സ്ഥാപിക്കാൻ 500 ഏക്കർ ഭൂമി വിട്ടുനൽകാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെടുന്നു. എന്നാൽ, അതത് നിയമസഭകൾ പാസാക്കിയ നിയമങ്ങൾ അനുസരിച്ച് സംസ്ഥാനങ്ങൾ ഏകദേശം 200 ഏക്കർ നൽകി വരുന്നു. ആന്ധ്രാപ്രദേശിലെ സംസ്ഥാന സർവകലാശാല നിയമങ്ങൾ ഒരു യൂനിവേഴ്സിറ്റി കാമ്പസ് സ്ഥാപിക്കുന്നതിന് നഗരപ്രദേശങ്ങളിൽ 50 ഏക്കർ ഭൂമി വേണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഇതിനെയെല്ലാം തകിടം മറിക്കുന്ന നീക്കമാണിതെന്ന ആരോപണമാണ് ഉയരുന്നത്.
2035ഓടെ ഉന്നതവിദ്യാഭ്യാസത്തിലെ പ്രവേശന നിരക്ക് 27 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്താനുള്ള ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഓൺലൈൻ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നത് ഉൾപ്പെടെ യു.ജി.സി സമിതിയുടെ ശിപാർശകൾ. ഓൺലൈൻ മോഡിൽ മറ്റ് സ്ഥാപനങ്ങളിൽ നിന്ന് 50 ശതമാനം വരെ ക്രെഡിറ്റുകൾ നേടാൻ വിദ്യാർത്ഥികളെ സർവകലാശാലകൾ അനുവദിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.