ക്രെഡിറ്റ് അധിഷ്ഠിത ബിരുദപഠനം: യു.ജി.സി മാർഗരേഖയായി
text_fieldsന്യൂഡൽഹി: ഒന്നിലേറെ വിഷയങ്ങൾക്ക് നിശ്ചിത ക്രെഡിറ്റ് സ്വന്തമാക്കിയാൽ ഡബിൾ മേജർ ഡിഗ്രിയും നാലുവർഷ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് ഡിഗ്രിയും ലഭിക്കുമെന്ന് യു.ജി.സി. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള ബിരുദ പഠനത്തിനുള്ള 'പാഠ്യപദ്ധതി- ക്രെഡിറ്റ് ചട്ടക്കൂട്' യു.ജി.സി പ്രസിദ്ധീകരിച്ചു. നാലുവർഷ കോഴ്സിൽ (എട്ട് സെമസ്റ്റർ) പ്രധാന വിഷയത്തിൽ 80 ക്രെഡിറ്റും മൈനർ വിഷയത്തിൽ 30 ക്രെഡിറ്റും ഉൾപ്പെടെ 160 ക്രെഡിറ്റ് പൂർത്തിയാകുന്നവർക്കാണ് യു.ജി (ഓണേഴ്സ്) ബിരുദം ലഭിക്കുക.
ആദ്യ ആറ് സെമസ്റ്ററുകളിൽ 75 ശതമാനം മാർക്ക് നേടിയവർക്ക് നാലാം വർഷം ഗവേഷണത്തിനു പ്രാധാന്യം നൽകി പഠനം പൂർത്തിയാക്കി ഓണേഴ്സ് വിത്ത് റിസർച് ബിരുദം നേടാം. റിസർച് പ്രോജക്ട്, പ്രബന്ധം എന്നിവയിൽ നിന്നുള്ള 12 ക്രെഡിറ്റുകൾ ഉൾപ്പെടെ 160 ക്രെഡിറ്റ് ഇവരും പൂർത്തിയാക്കിയിരിക്കണം. ഇവർക്ക് നേരിട്ട് പിഎച്ച്.ഡിക്ക് അപേക്ഷിക്കാം. അല്ലാത്തവർക്ക് രണ്ടാം വർഷ പി.ജി കോഴ്സുകളിലേക്ക് നേരിട്ടു പ്രവേശനം നേടാം.
മൂന്നു വർഷംകൊണ്ട് പ്രധാന വിഷയത്തിൽ ചുരുങ്ങിയത് 60 ക്രെഡിറ്റും മൈനർ വിഷയത്തിൽ 24 ക്രെഡിറ്റും ഉൾപ്പെടെ 120 െക്രഡിറ്റ് പൂർത്തിയാക്കുന്നവർക്ക് യു.ജി ബിരുദം ലഭിക്കും. രണ്ടാം വിഷയത്തിൽ 24 ക്രെഡിറ്റിന് പകരം 48 ക്രെഡിറ്റ് നേടിയാൽ യു.ജി ഡിഗ്രി വിത്ത് ഡബിൾ മേജർ സ്വന്തമാക്കാം. നാലുവർഷ കോഴ്സാണെങ്കിൽ 64 ക്രഡിറ്റാണ് രണ്ടാമത്തെ വിഷയത്തിൽ സ്വന്തമാക്കേണ്ടത്.
ബിരുദപഠനത്തിനിടയിൽ പിൻവാങ്ങാനും അവസരം
ബിരുദപഠനത്തിനിടയിൽ ഇടക്ക് പിൻവാങ്ങാനും വീണ്ടും ചേരാനും അവസരമുണ്ട്. ആദ്യ രണ്ട് സെമസ്റ്റർ പൂർത്തിയാക്കി (40 ക്രെഡിറ്റ്) എക്സിറ്റ് ഓപ്ഷൻ തെരഞ്ഞെടുക്കുന്നവർക്ക് യു.ജി സർട്ടിഫിക്കറ്റും രണ്ടാം വർഷത്തിനുശേഷം (80 ക്രെഡിറ്റ്) എക്സിറ്റ് ഓപ്ഷൻ തെരഞ്ഞെടുത്തവർക്ക് യു.ജി ഡിപ്ലോമയും ലഭിക്കും.
വേനൽ അവധിക്കാലത്തു നാല് ക്രെഡിറ്റുള്ള വൊക്കേഷനൽ കോഴ്സും പൂർത്തിയാക്കണം. മൂന്ന് വർഷത്തിനുള്ളിൽ തിരികെയെത്തി ഏഴു വർഷത്തിനുള്ളിൽ ബിരുദം പൂർത്തിയാക്കാനും രണ്ടുകൂട്ടർക്കും അവസരമുണ്ട്. ആദ്യവർഷത്തിന്റെ അവസാനം പ്രധാന വിഷയത്തിൽ മാറ്റം വരുത്താൻ വിദ്യാർഥികൾക്ക് അവസരം ലഭിക്കും. ഇത്തരം മാറ്റങ്ങൾക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ 10 ശതമാനം സീറ്റ് അധികമായി ഒരുക്കണം. എല്ലാ വിദ്യാർഥികളും വിവിധ വിഷയങ്ങളിലുള്ള മൾട്ടി ഡിസിപ്ലിനറി കോഴ്സ് പൂർത്തിയാക്കണം.
നാച്ചുറൽ ആൻഡ് ഫിസിക്കൽ സയൻസസ്, ലൈബ്രറി-ഇൻഫർമേഷൻ ആൻഡ് മീഡിയ സയൻസസ്, കോമേഴ്സ് ആൻഡ് മാനേജ്മെന്റ്, കണക്ക്-സ്റ്റാറ്റിസ്റ്റിക്സ്-കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഹ്യൂമാനിറ്റിസ്-സോഷ്യൽ സയൻസസ് വിഭാഗങ്ങളിൽനിന്ന് മൂന്നെണ്ണം തെരഞ്ഞെടുക്കണം. ഒമ്പത് ക്രെഡിറ്റാണ് ഇതിനുള്ളത്. 12ാം ക്ലാസിൽ പഠിക്കാത്ത വിഷയമാണ് ഇതിന് തെരഞ്ഞെടുക്കേണ്ടത്.
ആറുമുതൽ എട്ടുവരെ ക്രെഡിറ്റ് ലഭിക്കാവുന്ന മൂല്യവർധിത കോഴ്സുകളും വിവിധ വിഷയങ്ങളിൽനിന്ന് തെരഞ്ഞെടുക്കാം. യോഗ, സ്പോർട്സ്, ഡിജിറ്റൽ ആൻഡ് ടെക്നോളജിക്കൽ സൊലൂഷൻസ്, പരിസ്ഥിതി ശാസ്ത്രം തുടങ്ങിയവയാണ് ഉൾപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.